Skip to main content
ന്യൂഡല്‍ഹി

manmohan singhകല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കണമെന്ന് സി.ബി.ഐയോട് ഡല്‍ഹിയിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടു. പ്രമുഖ വ്യവസായി കുമാര്‍ മംഗലം ബിര്‍ള ഉള്‍പ്പെട്ട കേസിലാണ് ആ സമയത്ത് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍ സിങ്ങില്‍ നിന്ന്‍ മൊഴിയെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

 

ബിര്‍ളയുടെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് 2005-ല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നതിനായി സി.ബി.ഐ നല്‍കിയ അപേക്ഷയും കോടതി തള്ളി. മന്‍മോഹന്‍ സിങ്ങില്‍ നിന്ന്‍ മൊഴിയെടുത്ത ശേഷം ജനുവരി 27-ന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

 

ഹിന്‍ഡാല്‍കോ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ ഇത്രയും തിടുക്കം കാട്ടുന്നതെന്തിനാണെന്ന്‍ സെപ്തംബറില്‍ കോടതി ആരാഞ്ഞിരുന്നു. കേസില്‍ പ്രധാനപ്പെട്ട രേഖകളും ഉത്തരങ്ങളും നല്‍കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ലെന്ന്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചത്.  

 

ബിര്‍ള, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി പരഖ് എന്നിവര്‍ ഉള്‍പ്പെടുന്ന കേസില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിശദീകരിച്ചാണ് കേസ് അവസാനിപ്പിക്കാന്‍ സി.പി.ഐ അപേക്ഷ നല്‍കിയത്. ബിര്‍ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാര്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന്‍ പരഖ് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍, ഇതില്‍ അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്നാണ് പരഖിന്റെ വാദം.    

Tags