Skip to main content
ന്യൂഡല്‍ഹി

dalbir singh suhag meets rajnath singh

 

അസ്സമിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് വെള്ളിയാഴ്ച കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ബോഡോ വിഘടനവാദികളുടെ ആക്രമണമുണ്ടായ പ്രദേശങ്ങള്‍ വ്യാഴാഴ്ച സിങ്ങ് സന്ദര്‍ശിച്ചിരുന്നു. അസ്സമില്‍ സൈന്യം നടപടികള്‍ തീര്‍ച്ചയായും ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുഹാഗ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

ബോഡോ വിഘടനവാദികളുമായി സംഭാഷണങ്ങള്‍ക്ക് തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞിരുന്നു. സോനിത്പൂര്‍, കൊക്രജാര്‍, ചിരാങ്ങ്  ജില്ലകളില്‍ രണ്ട് ദിവസമായി നടന്ന ആക്രമണങ്ങളിലും പോലീസ് നടപടികളിലും 73 പേര്‍ മരിച്ചിട്ടുണ്ട്. അക്രമം, കേവലം വിഘടനവാദമല്ലെന്നും തീവ്രവാദമാണെന്നും സിങ്ങ് പറഞ്ഞു.

 

ചൊവ്വാഴ്ച ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണിയുടെ തീവ്രവാദി വിഭാഗത്തില്‍ പെടുന്നവര്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 60 ആദിവാസികള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പ്രത്യാക്രമണങ്ങളില്‍ ബോഡോ വിഭാഗത്തില്‍ പെടുന്ന പത്ത് പേരും കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന്‍ പേര്‍ മരിച്ചത്. മരിച്ചവരില്‍ 21 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു.