വിവാഹമെന്ന വിഷം കുടിച്ചവന്റെ കഥ

അജയ് പി. മങ്ങാട്ട്
Fri, 21-03-2014 03:45:00 PM ;

my first wife novel

 

ഹിറ്റ്‌ലറുടെ ജർമനിയിൽ ജീവിച്ച ജൂത നോവലിസ്റ്റാണ് ജേക്കബ് വാസർമാൻ. 1920-കളിലും 30-കളിലും ജർമനിയിൽ അതിപ്രശസ്തൻ. മുപ്പതുകളിൽ നാസി പാർട്ടിക്കാർ ഗ്രന്ഥശാലകളിൽ നിന്ന്‍ ‘ജീർണസാഹിത്യം’ പിടിച്ചെടുത്തു കത്തിക്കാൻ തുടങ്ങി. 1933-ൽ ബെർലിനിൽ അവർ 30,000 പുസ്തകങ്ങളാണ് തെരുവിലിട്ടു കത്തിച്ചത്. അക്കൂട്ടത്തിൽ ജേക്കബ് വാസർമാന്റെ നോവലുകളുമുണ്ടായിരുന്നു. 1934-ൽ അറുപതാം വയസ്സിൽ വാസർമാൻ മരിച്ചതുകൊണ്ട് മറ്റു ജൂതൻമാർക്കൊപ്പം തടങ്കൽ പാളയങ്ങളിലേക്കു പോകാതെ രക്ഷപ്പെട്ടു.

 

വാസർമാന് ഏറ്റവും ഇഷ്ടം ദസ്‌തോവ്‌സ്‌കിയുടെ നോവലുകളായിരുന്നു. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ കഴിയുന്ന തട്ടിപ്പുകാരും പിടിച്ചുപറിക്കാരും കുറ്റവാളികളുമായവരുടെ ലോകമായിരുന്നു വാസർമാനു പ്രിയം. കൊലയുടെയും വഞ്ചനയുടെയും യാതനയുടെയും ലോകം. മന:ശ്ശാസ്ത്രപരമായ സങ്കീർണതകൾ നിറഞ്ഞ കഥാപാത്ര ചിത്രീകരണത്തിനൊപ്പം അതിശയോക്തി കലർന്നതും അതിവൈകാരികവുമായ ആവിഷ്കാരമായിരുന്നു ആ നോവലുകൾ. അതാകണം അവയുടെ അതിപ്രശസ്തിക്കും കാരണം. കണക്കില്ലാതെ നോവലുകൾ എഴുതിക്കൂട്ടിയ വാസർമാനോടു ഒരിക്കൽ അദ്ദേഹത്തിന്റെ പ്രസാധകൻ തന്നെ അഭ്യർഥിച്ചു- കുറച്ചുകാലം നോവലെഴുത്തു നിർത്തിവയ്ക്കൂ. ഒന്നു വിശ്രമിക്കൂ.

 

വിവാഹം കെണിയായിത്തീർന്ന ഒരു എഴുത്തുകാരൻ നേരിടുന്ന മഹാദുരിതമാണ് അദ്ദേഹത്തിന്റെ മൈ ഫസ്റ്റ് വൈഫ് എന്ന നോവൽ. ഇത് ഏതാണ്ടു പൂർണമായും ആത്മകഥാപരമാണ്. വാസർമാന്റെ തന്നെ ആദ്യവിവാഹവും അതിലെ സംഘർഷങ്ങളുമാണിത്. ഇതിൽ ആത്മകഥയാണു കൂടുതൽ.

 

സാഹിത്യമെഴുതുന്ന പുരുഷന് സാഹിത്യാഭിരുചിയുള്ള സ്ത്രീയോട് മമത തോന്നാതിരിക്കാനാവില്ല. തൊഴിലൊന്നുമില്ലാതെ എഴുത്തുമാത്രം വേലയായി നടന്നിരുന്ന കാലത്താണ് ധനികകുടുംബത്തിലെ ആ പെണ്ണിനെ അയാൾ കണ്ടുമുട്ടിയത്. അയാൾക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ഒരു ദിവസം ആ പെണ്ണു തന്നെ വന്നു പറഞ്ഞു, എന്നെ വിവാഹം ചെയ്തതില്ലെങ്കിൽ ഞാൻ പുഴയിൽച്ചാടി ചാകും. അങ്ങനെയാണ് ആ കല്യാണം നടക്കുന്നത്. സ്ത്രീധനമായി വലിയൊരു തുക ബാങ്ക് അക്കൗണ്ടിലേക്കു വന്നു. പണിയൊന്നുമില്ലാത്ത കഥാനായകന് പോക്കറ്റ്മണിയായി അത് ഉപയോഗിക്കാം. കൂടാതെ താമസിക്കാൻ നല്ലൊരു വീടും. പക്ഷേ ഒരു വ്യവസ്ഥയുണ്ടായിരുന്നു. എന്നെങ്കിലും വിവാഹമോചനം സംഭവിച്ചാൽ ഈ പണമത്രയും മടക്കിക്കൊടുക്കണം.

 

ഈ വിവാഹം ഒരു കെണിയാകുമെന്നും ഈ പെണ്ണ് അയാൾക്കു പറ്റിയതല്ലെന്നും എഴുത്തുകാരന്റെ കൂട്ടുകാർ മുന്നറിയിപ്പു നൽകിയതാണ്. അടുത്ത സ്നേഹിതർ, അയാളോടു  കൈയ്യും കാലും പിടിച്ചു വിവാഹത്തിൽനിന്നു പിൻമാറാനും അഭ്യർഥിച്ചതാണ്. ഫലമുണ്ടായില്ല. വരാനുള്ളതു വഴിയിൽ തങ്ങില്ല. ആ വിവാഹം നടന്നു. അതോടെ ചികിൽസയില്ലാത്ത വിധം രൂക്ഷമായ എഴുത്തുകാരന്റെ ദീനയാതനകൾ തുടങ്ങി.

 

ആ പെണ്ണ് മറ്റു പെണ്ണുങ്ങളെപ്പോലെയായിരുന്നില്ല. ആറു പെൺമക്കളുള്ള വീട്ടിലെ അഞ്ചാമത്തെ ആളായിരുന്നു അവൾ. ചെറുപ്പം മുതൽക്കേ ഒറ്റ വ്യക്തിത്വം. കൂട്ടത്തിൽ കൂടാത്തവൾ. തനിയെ നടക്കൽ. ഒരു കൈയ്യിൽ പെൻസിലും മറുകൈയ്യിൽ പുസ്തകവുമായി എത്രനേരം വേണമെങ്കിലും ഇരിക്കും. പെൻസിൽ, വായനക്കിടയിൽ നോട്ടെടുക്കാനും ഇഷ്ടഭാഗങ്ങളിൽ അടിവരയ്ക്കാനുമാണ്. ഒരിടത്തുമിണങ്ങില്ല. സമയനിഷ്ഠ തീരെയില്ല. ഊണുമേശയിൽ അവസാനമെത്തുന്നത് അവളായിരിക്കും. വീട്ടുജോലികൾ ഒന്നും ചെയ്യില്ല. അടുക്കളയിൽ കയറിയാൽ പാത്രം പൊട്ടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല. മുറി സദാസമയവും വൃത്തികേടായി കിടക്കും. മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്തുമാറ്റുക പോലുമില്ല. ഇതാണു കഥാപാത്രം. തനിക്കൊപ്പം ബുദ്ധിശക്തിയില്ലാത്ത ഒരു പുരുഷനെയും സഹിക്കാനാവില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ ഇനി ഇവളെ ആരു കല്യാണം കഴിക്കും എന്നായി പിതാവിന്റെ ആധി. എന്നിട്ടും അവൾ പ്രേമത്തിൽ വീണു. ഒരാളെ മാത്രം. എഴുത്തുകാരനെ മാത്രം തീവ്രമായി, ഭ്രാന്തമായി പ്രേമിച്ചു. മരിക്കും വരെ അവൾ വേറെയാരെയും പ്രേമിച്ചതുമില്ല. 14 വർഷത്തിലേറെ ഒരുമിച്ചു കഴിഞ്ഞ ശേഷമാണ് കഥാനായകൻ വിവാഹമോചനത്തിന് ശ്രമിക്കുന്നത്. അവളാകട്ടെ കൊന്നാലും വിവാഹമോചനത്തിനു വഴങ്ങില്ല. തുടർന്നുള്ള നാടകീയവും അവിശ്വസനീയവുമായ സംഭവപപരമ്പരകളാണ് ജേക്കബ് വാസർമാന്റെ മൈ ഫസ്റ്റ് വൈഫ്.

 

ഇത് വാസർമാന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയല്ല. നൂറുകണക്കിനു നോവലുകളെഴുതിയതിൽ ഏറ്റവും മികച്ച നാലെണ്ണത്തിലും വരില്ല. മൈ ലൈഫ് ആസ് എ ജർമൻ ജ്യൂ എന്ന പേരിൽ ആത്മകഥയും വാസർമാൻ എഴുതിയിട്ടുണ്ട്. എങ്കിലും ഇതു വായിക്കേണ്ട നോവൽ തന്നെ. എന്തായിരുന്നു ആ സ്ത്രീയുടെ കുഴപ്പം. വേണ്ടാത്ത വായന അവളെ ചീത്തയാക്കിയെന്നാണ് വാസർമാൻ എഴുതുന്നത്. യുവതീയുവാക്കൾ കുറേ വായിക്കും. എന്നിട്ടു ചുമ്മാ ജീവിതത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കും. ജീവിതത്തെ നേരിടാതെതന്നെ. കലയോടു വലിയ മമത ഉള്ളതായി ഭാവിക്കും. പക്ഷേ, എവിടെയെങ്കിലുമൊക്കെ വായിച്ചതും കേട്ടതും എഴുത്തിൽ പ്രയോഗിക്കാനായിരിക്കും വ്യഗ്രത. മഷിക്കും കടലാസിനും വില കുറവാണല്ലോ. ആന്തരിക പ്രേരണയോ സത്യസന്ധതയോ നിർബന്ധമല്ല. ഇക്കൂട്ടത്തിലാണ് തന്റെ ആദ്യഭാര്യയുമെന്ന് എഴുത്തുകാരൻ കരുതുന്നു.

 

വിവാഹത്തിനു മുൻപും അവളുടെ പ്രകൃതത്തിലെ വന്യത അയാൾക്കു തിരിച്ചറിയാനാകുന്നുണ്ട്. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് എഴുത്തുകാരൻ എന്തിന് ആ കെണിയിൽ തലവച്ചുകൊടുത്തു. വാസർമാൻ എഴുതുന്നു- അവളെ തള്ളിയകറ്റരുതെന്ന് ഞാൻ എന്നോടു പറഞ്ഞു. അവളിലെ ധീരത, നിശ്ചയദാർഢ്യം അതെല്ലാം എന്നെ ആകർഷിച്ചു. അവളുടെ ശരീരമാകട്ടെ ദുർബലവും ലോലവുമായി തോന്നി. ലോലതയും ചപലതയുമൊക്കെ എനിക്ക് പെണ്ണുങ്ങളിൽ വളരെ ഇഷ്ടമുള്ളതാണ്. അതെപ്പൊഴുമെന്റെ രക്തത്തെ ചൂടുപിടിപ്പിക്കുന്നു...

 

വിവാഹത്തിനു സമ്മതം മൂളുമ്പോൾ വിഷം കുടിച്ചപോലെ തോന്നിയതായി നോവലിലെ നായകൻ ഓർക്കുന്നുണ്ട്. ഇങ്ങനെ വിഷം കുടിച്ച് അരികിലിരുന്നവന്റെ ദൈന്യമാണ് വൈവാഹിക ജീവിതം. മൈ ഫസ്റ്റ് വൈഫ് എന്ന നോവൽ പുരുഷൻമാർക്കു രസമായി തോന്നിയേക്കാം. ഞണ്ടു പിടിക്കുന്നതുപോലെ പിന്നാക്കം വലിക്കുന്ന പെണ്ണിന്റെ നിശിതബലം അറിഞ്ഞവർ ‘അയ്യോ ഇതാണല്ലോ എന്റെയും കഥ’ എന്ന് അമ്പരക്കും. മറുവശത്ത് ഈ നോവൽ ഒരു പെണ്ണു വായിച്ചാലോ. നൂറു പേജ് കടക്കാനിടയില്ല. അവൾ പുസ്തകം ചവിട്ടിക്കൂട്ടി കുപ്പയിലിടും. അത്രയ്ക്കുണ്ട് പെണ്ണിനെതിരായ കുറ്റങ്ങൾ. എങ്കിലും എന്റെ ഇഷ്ടം അടക്കിവയ്ക്കാൻ എനിക്കാവുന്നില്ല.


മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് അജയ് പി. മങ്ങാട്ട്

 

മൈ ഫസ്റ്റ് വൈഫ് ആമസോണില്‍ ലഭ്യമാണ്.

Tags: