ഗീതോപദേശത്തിലൂടെ വാക്കുകളുടെ തേരോട്ടം

പൊടിയന്‍
Mon, 01-08-2016 04:15:30 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കന്‍ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ സരസം പുരോഗമിക്കുക.


കുഞ്ഞുപണിക്കൻ: നമസ്കാരം നാണപ്പൻ ചേട്ടാ.

നാണപ്പൻ (എം.പി. നാരായണപിള്ള): നമസ്കാരം പണിക്കൻ സഖാവേ.

കു: ഹയ്, എന്താ ചേട്ടാ ഇങ്ങനെയൊക്കെയൊരു വിളി?

നാ: ഹ, പണിക്കാ നിങ്ങളക്കയല്യോ ഇപ്പോ കേരളനാട് ഭരിക്കുന്നെ.

കു: അയ്യോ ചേട്ടാ അപരാധം അരുത്. ഞാൻ അവതാരമല്ല.

നാ: എടോ പണിക്കാ തന്റെ ബുദ്ധി ഇപ്പോഴും പഴയതു തന്നെ

കു: ചേട്ടാ, വേണമെങ്കിൽ തല്ലിക്കോ, എന്നാലും ഇങ്ങനെയൊന്നും പറയരുത്.

നാ: എടോ പണിക്കാ, യഥാർഥ അവതാരം അവതരിക്കത്തില്ലടോ. അത് തനിക്കറിയാം. അതറിയില്ലെന്ന് പറഞ്ഞ് ഈയുളളവനെ ഊശിയാക്കരുത്.

കു: എന്തായാലും യഥാർഥവുമല്ല, ഡ്യൂപ്ലിക്കേറ്റുമല്ല.

നാ: അതിരിക്കട്ടെ, ആരാ ഗീതോപദേശം കേൾക്കാൻ മുഖ്യന്റെ ചെവിയിൽ ഓതിക്കൊടുത്തത്?

കു: ചേട്ടാ അതറിയില്ലേ. ഭക്തൻ തയ്യാറാവുന്ന നിമഷം ആ ഉപദേശം കർണ്ണപുടങ്ങളിൽ വീഴും

നാ: എന്തായിരിക്കുമടോ ആയമ്മ കാട്ടാൻ പോകുന്ന വിശ്വരൂപം?

കു: തേരെന്തായാലും തയ്യാറായെന്നാ അറിയുന്നെ.

നാ: കുതിരയൊക്കെ എവിടുന്നാടോ?

കു: നമ്മുടെ കുമ്മനം സഖാവ് ഏർപ്പാടാക്കിക്കൊടുക്കുമെന്നാ അറിയുന്നെ

നാ: കടിഞ്ഞാണോടോ?

കു: അത് മോദിച്ചേട്ടൻ വർണ്ണക്കടല്ലാസ്സിൽ പൊതിഞ്ഞ് കൊടുത്തിട്ടുണ്ടെന്നാ അറിയുന്നെ. എന്തായാലും ഗീതോപദേശത്തിന് തേരോടിച്ച് വലിയ ചെലവൊന്നുമുണ്ടാവില്ല. മൂപ്പത്ത്യാര് ശമ്പളമൊന്നും വാങ്ങാത്ത ഉപദേശമാണ് കൊടുക്കുന്നതത്രെ.

നാ: അതാണോടോ ഈ കർമ്മണ്യേവാ ന അധികാരസ്ഥേ എന്നു പറയുന്നതിന്റെ വ്യാഖ്യാനം?

കു: കുറിച്ചു നാളായി പിടിവിട്ടു കിടക്കുവാ. ഉറപ്പില്ല, എങ്കിലും അതാകാനാണ് വഴി. പക്ഷേ ചില തേരോട്ടപ്രശ്നങ്ങൾ പ്രശ്നവശാൽ തെളിഞ്ഞിരുന്നു. കണ്ണൂരിലെ മയ്യിലെ ആ ഗോപിച്ചേട്ടന്റെ മോള് മഹാനവലിബറലാണെന്നും മോദിയെ വല്ലാണ്ട് ആരാധിക്കുന്ന ആളാണെന്നുമാ പറയുന്നെ. നമ്മുടെ ജയ്റ്റ്‌ലി സഖാവിനും മൂപ്പത്യാരെ നേരിട്ടറിയാമത്രെ. അത് മൂപ്പര് തന്നെ മുഖ്യനോട് പറഞ്ഞപ്പോ നമ്മുടെ മുഖ്യൻ പറഞ്ഞുവത്രെ, അതു കേരളത്തിന്റെ മുത്താണെന്ന്. രണ്ടു പേരും കുറച്ചുനേരം പുളകിതരായെന്നാണ് സി.ഐ.എയുടെ റിപ്പോർട്ട്.

നാ: ഹേ, എന്താ, സി.ഐ.എയോ. നമ്മുടെ മാധ്യമപ്പടയ്ക്ക് എന്തു സംഭവിച്ചു?

കു: ഓരോട് പോയിപ്പണിനോക്കാൻ  പറഞ്ഞ്. ഒറ്റയെണ്ണത്തിനെ ഇപ്പോൾ നാല് പോയിട്ട് എട്ടയലത്ത് അടുപ്പിക്കില്ല. പോരാത്തതിന് നല്ല അടി കിട്ടാനുള്ള ഏർപ്പാടും ചെയ്ത കൊടുക്കുന്നുണ്ട്. അടിവാങ്ങിക്കൊണ്ട് പാവങ്ങള് സ്ക്രീനിലിരുന്ന് മോങ്ങുവാ. കേസ്സായാപ്പോലും വാദിക്കാൻ വക്കീലുമാരെപ്പോലും കിട്ടാത്ത അവസ്ഥയാ. അതിരിക്കട്ടെ ചേട്ടാ നമ്മുടെ ഗീതക്കൊച്ചിനെ ചില നാടൻ ബുദ്ധിജീവികളും ജീവിനികളും ചേർന്ന് നവലിബറൽ എന്നു വിളിക്കുവാ.

നാ: അതിനെന്തുവാടോ ഇത്ര കുഴപ്പം?

കു: അയ്യോ ചേട്ടാ ആ വാക്ക് കേരളത്തിൽ അശ്ലീലമല്ലേ?

നാ: അതാരോടോ അശ്ലീലമാക്കിയെ?

കു: താൻ താൻ ..... ശ്ശൊ മറന്നു പോയിരിക്കുന്ന ആ വരികൾ.

നാ: എടോ അപ്പോ വർഗ്ഗ സമരമെന്നൊക്കെ പറയുന്നത് അവസാനിപ്പിച്ചോ

കു; ചേട്ടാ ഇപ്പോ വർഗ്ഗസമരമൊക്കെ കഴിഞ്ഞു. ഇപ്പോ അത്യാവശ്യം സമരവർഗ്ഗത്തെക്കൊണ്ട് കാര്യങ്ങൾ നടത്തിപ്പോകുവാ. എന്നിരുന്നാലും ഈ നവലിബറലെന്ന് ആ ഗീതക്കൊച്ചിനെ വിളിക്കുന്നത് ത്തിരി കഷ്ടമാണ്.

 

നാ: ന്നാലും ഈ സമരവർഗ്ഗക്കാർക്ക് സമരം ചെയ്യുമ്പോ മുഷ്ടി ചുരുട്ടി പേടിപ്പിക്കാനാരെങ്കിലും വേണ്ടേടോ!

കു: അതിനൊരു വാക്കു ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട് ചേട്ടാ, അതാണ് കോർപ്പറൈറ്റൈസേഷൻ.

നാ: അതുകൊള്ളാം. ഒരു വിധമുള്ളവർക്കൊന്നും ആ വാക്കുച്ചരിക്കാൻ പറ്റില്ലല്ലടോ.

കു: അതാണ് ചേട്ടാ പറഞ്ഞെ, സമരവർഗ്ഗക്കാർക്ക് വേണ്ടി മാത്രമുള്ളതാ. എന്നാലും ഈ അശ്ലീല പ്രയോഗത്തിൽ നിന്ന് ആ ഗീതക്കൊച്ചിനെ ഒന്നു രക്ഷിക്കണമല്ലോ ചേട്ടാ.

നാ: അതിനൊന്നും ചെയ്യാണ്ടടോ. അൽപ്പം ക്ഷമിച്ചിരുന്നാ മതി. പിന്നെ ആയമ്മയോട് ഏതെങ്കിലും നല്ല ബ്യൂട്ടി പാർർലറിൽ പോയി ഒന്നു ഉഷാറായിട്ടു വേണം കേരളത്തിലെത്താനെന്നു പറയണം.

കു: അതെന്തിനാ ചേട്ടാ. ആയമ്മ ഇപ്പോ തന്നെ നല്ല സ്റ്റൈലിലാണല്ലോ. ആയമ്മ നമ്മുടെ എമർജിംഗ് കേരളത്തിനു വന്ന് വിലസിയത് ഓർമ്മയില്ലേ?

നാ: എടോ അതല്ലടോ, നമ്മുടെ വനിതാപ്രസിദ്ധീകരണങ്ങളെല്ലാം ഇപ്പോ നല്ല ഗ്ലോസ്സി പേപ്പറിലാ അടിക്കുന്നെ. ആ കൊച്ച് ഇങ്ങ് വരാഞ്ഞ് കാത്തിരിക്കുവാ. അവര് വന്നാൽ കൊടുക്കാനുള്ള ചാനൽ പരസ്യം വരെ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ആ കൊച്ചിനേം കൊണ്ട് മയ്യിലും പരിസരപ്രദേശത്തും കറങ്ങി, പിന്നെ രാവിലെ കഴിക്കുന്ന ഭക്ഷണം മുതൽ അവര് ഭർത്താവ് ഇക്ബാൽ ധലിവാലിന് ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരത്തിന്റെ വിവരം വരെ അവര് നമ്മളെ അറിയിക്കാൻ കാത്തു നിൽക്കുവാടോ. വെറുതേ ഇങ്ങ് വന്നിറങ്ങിയാ മതിയെന്നു പറ അതിനോട്. ഇവിടെ വന്നാൽ എല്ലാം ശരിയായിക്കൊള്ളും.

കു: ചേട്ടന് കുത്തില്ലാതെ സംസാരിക്കാൻ പറ്റില്ല. അല്ലേ?

നാ: എന്താടോ ശരിയായിക്കൊള്ളുമെന്ന വാക്കെങ്ങാനും അശ്ലീലമായിത്തുടങ്ങിയോ!

കു: അതു കേട്ടപ്പോ ഒരു സംശയം ചേട്ടാ. അപ്പോ ഈ വനിതാപ്രസിദ്ധീകരണക്കാരുടെ കൈകാര്യം ചെയ്യലിൽ  സംഗതി ഗീതോപദേശം തേരിൽക്കേറും അല്ലേ. അപ്പോ അശ്ലീലം ശ്ലീലവുമാകുമായിരിക്കും. അല്ലേ?

നാ: എല്ലാം ശരിയാകുമടോ!

കു: ചേട്ടാ ദയവു ചെയ്തു ..........

നാ: എന്തുവാടോ ഞാൻ വല്ല അശ്ലീലോം പറഞ്ഞോ.

Tags: