Skip to main content

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ കീഴടങ്ങി. പരപ്പന അഗ്രഹാര ജയിലില്‍ തന്നെയായിരുന്നു കോടതി കൂടിയത്. നാല് വര്‍ഷം തടവുശിക്ഷയില്‍ അവശേഷിക്കുന്ന മൂന്നര വര്‍ഷം കൂടി ശശികല അനുഭവിക്കണം.

 

ഇതോടെ, മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് തമിഴ്‌നാട്‌. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി ശശികലയ്ക്ക് പകരം എടപ്പാടി കെ. പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ തെരഞ്ഞെടുക്കുകയും പളനിസ്വാമി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

 

എന്നാല്‍, നിയമസഭയില്‍ വിശ്വാസവോട്ട് നേരിടാന്‍ അവസരം നല്‍കണമെന്ന് കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ഒ. പന്നീര്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി എം.എല്‍.എമാര്‍ ഇരുവിഭാഗങ്ങളിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന ഉപദേശമാണ് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി ഗവര്‍ണര്‍ക്ക് നല്‍കിയിരുക്കുന്നത് എന്നറിയുന്നു. എന്നാല്‍, പത്തോളം എം.എല്‍.എമാരുടെ പിന്തുണയേ നിലവില്‍ പന്നീര്‍സെല്‍വത്തിനുള്ളൂ. ശശികലയുടെ വിശ്വസ്ഥനായ പളനിസ്വാമിയ്ക്ക് 120-ല്‍ അധികം എം.എല്‍.എമാരുടെ പിന്തുണയുണ്ട്.

 

മറീന ബീച്ചില്‍ ജെ. ജയലളിതയുടെ സ്മാരകത്തില്‍ അടിച്ച് ശപഥം ചെയ്ത ശേഷമാണ് ശശികല ബംഗളൂരുവിലേക്ക് തിരിച്ചത്. പോകുന്നതിന് മുന്നോടിയായി തന്റെ രണ്ട് ബന്ധുക്കളെ പാര്‍ട്ടിയിലെ സുപ്രധാന സ്ഥാനത്തേക്ക് ഇവര്‍ നിയമിക്കുകയും ചെയ്തു.