കലാസംവിധായകന്‍ എസ്. കൊന്നനാട്ട് അന്തരിച്ചു.

Sun, 16-06-2013 12:59:00 PM ;

ചെന്നൈ: മലയാള ചലച്ചിത്രങ്ങളില്‍ കലാസംവിധാനത്തിന് മേല്‍വിലാസം നല്‍കിയവരില്‍ പ്രമുഖനായ  എസ്. കൊന്നനാട്ട് (സ്വാമിക്കുട്ടി-88 ) ചെന്നൈയില്‍ അന്തരിച്ചു. 'ഭാര്‍ഗവീനിലയ'ത്തില്‍ ഛായാഗ്രഹണ സഹായിയായി തുടങ്ങിയ അദ്ദേഹം എം.ടിയുടെ 'നിര്‍മാല്യം' ഉള്‍പ്പെടെ മലയാള ചലച്ചിത്ര ചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ചിത്രങ്ങള്‍ക്ക് സെറ്റൊരുക്കി.  

 

1961ല്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മുടിയനായ പുത്രനി’ലൂടെ സ്വതന്ത്ര കലാസംവിധായകനായ കൊന്നനാട്ട്‌ 500-ഓളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ പി. ഗോപീകൃഷ്ണന്‍ സംവിധാനം ചെയ്ത ‘സൗദാമിനി’യിലാണ് അവസാനമായി കലാസംവിധാനം നിര്‍വഹിച്ചത്. 1983-ല്‍ ‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചലച്ചിത്രം സംവിധാനം ചെയ്തതും കൊന്നനാട്ടാണ്. നടന്‍ വിജയരാഘവന്‍ മുഴുനീള വേഷത്തില്‍ വന്ന ആദ്യ ചിത്രമാണിത്.

 

മുറപ്പെണ്ണ്, നഗരമേ നന്ദി, കുഞ്ഞാലി മരയ്ക്കാര്‍, അലാവുദ്ദീനും അദ്ഭുത വിളക്കും, ചെമ്മീന്‍, പടയോട്ടം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍ തുടങ്ങിയവ അദ്ദേഹം കലാസംവിധാനം നിര്‍വഹിച്ച പ്രമുഖ ചലച്ചിത്രങ്ങളാണ്.

 

ശനിയാഴ്ച രാത്രിയോടെ ചെന്നൈ മുഗളിവാക്കത്തുള്ള വീട്ടിലായിരുന്നു അന്ത്യം. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്.
ഭാര്യ: കനകം. മക്കള്‍: ശ്രീകാന്ത്, വിചിത്ര. ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് പോരൂര്‍ വൈദ്യുതി ശ്മശാനത്തില്‍.

Tags: