ബ്രൂവറി, ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി

Glint Staff
Mon, 08-10-2018 03:15:33 PM ;

 pinarayi-vijayan

സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. അനുമതി റദ്ദാക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ്  അറിയിച്ചത്.  

 

ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്നും ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിലൂടെ അരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഇത് മാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചയാവുകയും സര്‍ക്കാര്‍ പ്രതിരോധത്തിലാവുന്ന സാഹചര്യവുമുണ്ടായി. മാത്രമല്ല പ്രതിപക്ഷം സംസ്ഥാന വ്യാപകമായി ഈ വിഷയത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നീങ്ങുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചിരിക്കുന്നത്.

 

എന്നാല്‍ അനുമതി നല്‍കിയതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രളയ പുനര്‍നിര്‍മാണത്തിനായി കേരളം ഒന്നിച്ചു നില്‍ക്കുന്ന സമയത്ത് ആ ഒരുമയെ ഈ ആരോപണം പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് തീരുമാനം റദ്ദാക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

 

പാലക്കാട് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്താണ് ഒരു ബ്രൂവറി അനുവദിച്ചിരുന്നത്. ഇനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വി.എസ് അച്യുതാന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. അനുമതി നല്‍കിയ കാര്യത്തില്‍ മതിയായ ചര്‍ച്ചകളില്ലാതെയാണു തീരുമാനമെടുത്തതെന്നും മുഴുവന്‍ വസ്തുതകളും പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഡിസ്റ്റിലറികള്‍ വേണ്ടെന്ന 1999ലെ ഉത്തരവിനുശേഷം ഒരു സര്‍ക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഉണ്ടായില്ലെന്നാണു വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട്.

 

Tags: