Skip to main content

കൊറോണവൈറസ് ബാധ ഇല്ലാത്ത സ്ഥലങ്ങളില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി ആവശ്യപ്പെട്ട് മദ്യ നിര്‍മ്മാതാക്കളുടെ സംഘടന. അടച്ചിടലിനെ തുടര്‍ന്ന് കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയത്. അനുമതി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് (സി.ഐ.എ.ബി.സി) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യവ്യാപകമായ അടച്ചിടലിനെ തുടര്‍ന്ന് 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായതെന്ന് സി.ഐ.എ.ബി.സി ചൂണ്ടിക്കാട്ടുന്നു. 

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള എല്ലാ നിര്‍ദ്ദേശവും പാലിച്ചുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കണമെന്നും ഓണ്‍ലൈന്‍ ആയുള്ള മദ്യവില്‍പ്പന അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 

മദ്യ നിര്‍മ്മാണം, സംഭരണം, വിതരണം എന്നിവയുടെ മേല്‍നോട്ടത്തിന് സാങ്കേതികവിദ്യ അധിഷ്ഠിതമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും സി.ഐ.എ.ബി.സി ആവശ്യപ്പെട്ടു.