കിസാന്‍ വിജയ് ദിവസ് ആഘോഷിക്കാന്‍ കോണ്‍ഗ്രസ്; കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ 700 പേരുടെ വീടുകള്‍ സന്ദര്‍ശിക്കും

Glint Desk
Sat, 20-11-2021 12:40:28 PM ;

കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശനിയാഴ്ച കിസാന്‍ വിജയ് ദിവസ് ആഘോഷിക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്തുടനീളം വിജയ റാലികള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്ന കാര്യം വ്യക്തമാക്കുന്നത്. വിജയ് ദിവസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി 700 ലധികം കര്‍ഷകരുടെ കുടുംബങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കും. ഇവര്‍ക്കായി മെഴുകുതിരി കത്തിച്ചുള്ള റാലികളും നടത്തും.

ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും റാലികള്‍ നടത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എല്ലാ സംസ്ഥാന ഘടകങ്ങളോടും ആവശ്യപ്പെട്ടു. ഇതൊരു ചരിത്രപരമായ കൂട്ടായ വിജയമായി കണ്ട് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കണമെന്നും സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കയച്ച കത്തില്‍ കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്നാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ട് മോദി പറഞ്ഞത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കര്‍ഷകപ്രയത്‌നങ്ങള്‍ നേരില്‍ കണ്ടായാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.

Tags: