ലോക്ക്ഡൗണ്‍ കാലത്ത് മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിനോടനുബന്ധിച്ച് ബെവ്‌കോ എം.ഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ 3 ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്.
സര്‍ക്കാര്‍ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടര്‍മാരെ അവഹേളിക്കുന്നതിന് തുല്ല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവര്‍ക്ക് ചികില്‍സ ലഭ്യമാക്കുകയാണ് വേണ്ടത് മദ്യം എത്തിച്ചു നല്‍കുക എന്നതല്ല അതിനുളള പരിഹാരം തുടങ്ങിയ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി. ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 6 പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം നല്‍കാന്‍ ഡോക്ടറിന്റെ കുറിപ്പടി ഉണ്ടെങ്കില്‍ എക്‌സൈസ് ഓഫീസുകളില്‍ നിന്ന് പാസ് അനുവദിക്കാനായിരുന്നു തീരുമാനം. പാസ് ഉള്ളവര്‍ക്ക് ജീവനക്കാര്‍ വീട്ടില്‍ മദ്യം എത്തിച്ചു നല്‍കുകയും സര്‍വീസ് ചാര്‍ജായി നൂറു രൂപ ഈടാക്കുകയും ചെയ്യാമെന്ന് ബെവ്‌കോ മാര്‍ഗനിര്‍ദേശം പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ഉത്തരവുകളാണ് കോടതി ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്.
എന്നാല്‍ കോടതി ഉത്തരവ് വരുന്നതിന് മുമ്പേ പാസ് അനുവദിക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു എന്നതാണ് വിവരം.
ഐ.എം.എ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു.