യുറുഗ്വ ഫുട്ബാള്‍ താരം ലൂയി സുവാരസിനെതിരെ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് ഫിഫ അച്ചടക്ക നടപടികള്‍ തുടങ്ങി. ചൊവാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയുടെ പ്രതിരോധ നിരയിലെ ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചതായ പരാതിയെ തുടര്‍ന്നാണ് നടപടി. നിര്‍ണ്ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയെ തോല്‍പ്പിച്ച യുറുഗ്വായ് ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
കളിക്കിടയില്‍ റഫറിയുടെ ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മുന്‍പ് രണ്ട് തവണ എതിരാളികളെ കടിച്ചതിന് നടപടി നേരിട്ടുള്ളതാണ് സുവാരസ്. ആരോപണം തെളിയുകയാണെങ്കില്‍ നീണ്ടകാലത്തേക്കോ ലോകകപ്പിലെ അവശേഷിക്കുന്ന കളികളിലോ സസ്പെന്ഷന് ലഭിക്കാന്‍ സാധ്യതയുണ്ട്.
സുവാരസിനും യുറുഗ്വ ടീമിനും തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ ബ്രസീല്‍ പ്രാദേശിക സമയം ബുധനാഴ്ച അഞ്ചു മണി വരെ ഫിഫ സമയം നല്‍കിയിട്ടുണ്ട്. ഫിഫയുടെ അച്ചടക്ക നിയമത്തിലെ രണ്ട് വകുപ്പുകളുടെ ലംഘനമാണ് സുവാരസിന്റെ പെരുമാറ്റമെന്ന് ഫിഫ അധികൃതര്‍ അറിയിക്കുന്നു.
കളി തീരുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് സംഭവം നടന്നത്. ഇറ്റലിയുടെ പെനാല്‍റ്റി ബോക്സിന് തൊട്ടുമുന്നില്‍ വെച്ച് സുവാരസിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചിയ ചെല്ലിനിയുടെ തോളില്‍ കടിക്കുകയായിരുന്നു സുവാരസ്. തൊട്ടുപിന്നാലെ തന്റെ വായപൊത്തി സുവാരസ് നിലത്തിരുന്നു. റഫറിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഷര്‍ട്ട് മാറ്റി കടിയുടെ പാട് ചെല്ലിനി റഫറിയെ കാണിച്ചിരുന്നു.
സംഭവത്തിന്റെ അടുത്ത നിമിഷമാണ് ക്യാപ്റ്റന്‍ ഡീഗോ ഗോഡിന് നേടിയ ഗോളിന് യുറുഗ്വ മുന്നിലെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന സുവാരസ് കഴിഞ്ഞ വര്‍ഷം ചെല്‍സിയയുടെ ബ്രനിസ്ലാവ് ഇവാനോവിച്ചിനെ കടിച്ചതിന്റെ പേരില്‍ പത്ത് കളികളില്‍ വിലക്ക് നേരിട്ടിരുന്നു. ഹോളണ്ടില്‍ അയാക്സ് ആംസ്റ്റര്ഡാമിന് കളിക്കവേ പി.എസ്.വി ഐന്തോവന്റെ ഒട്ട്മാന്‍ ബാക്കലിനെ കടിച്ചതിന് 2010-ല്‍ ഏഴു കളികളിലും സുവാരസിന് വിലക്ക് കിട്ടിയിരുന്നു.