Skip to main content

തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി കെ. പളനിസ്വാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ക്ഷണിച്ചു. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനുമാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി കണ്ടെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്ക് പകരമാണ് പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ പളനിസ്വാമി ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

 

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഒ. പന്നീര്‍സെല്‍വം വിശ്വാസവോട്ട് തേടാന്‍ അവസരം ചോദിച്ചിരുന്നെങ്കിലും പത്തോളം എം.എല്‍.എമാരുടെ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 120-ല്‍ അധികം എം.എല്‍.എമാര്‍ പളനിസ്വാമിയ്ക്ക് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്.