Skip to main content

തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഏപ്രില്‍ 12-ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും അഴിമതിയും വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പിനുള്ള അന്തരീക്ഷം ഉരുത്തിരിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.      

 

രണ്ടു ദിവസം മുന്‍പ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്കറിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  

 

മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ്‌ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജയലളിതയുടെ മരണശേഷം രണ്ടായി പിളര്‍ന്ന എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങള്‍ക്കും ഇത് നിര്‍ണ്ണായക തെരഞ്ഞെടുപ്പ് ആയിരുന്നു.

 

വി.കെ ശശികലയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിഭാഗം 90 കോടിയോളം രൂപ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.