കിരൺ റിജുവിൻ്റെ മുനമ്പം സന്ദർശനം കേരളത്തിൽ പുതിയ അധ്യായത്തിൻ്റെ തുടക്കം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന്റെ വരവിലൂടെ മുനമ്പം കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നു. മുനമ്പം പ്രശ്നം, സംശയരഹിതമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹരിക്കുന്നതായിരിക്കും എന്ന് റിജു മുനമ്പത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
താൻ എത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി ആയിട്ടാണ് എന്ന് അദ്ദേഹം മുനമ്പം നിവാസികളോട് പറഞ്ഞത്. "നിങ്ങൾക്ക് ഏതൊരു പ്രശ്നം ഉണ്ടായാലും അത് നരേന്ദ്രമോദി പരിഹരിക്കുന്നതായിരിക്കും"എന്നും റിജു ഓർമിപ്പിച്ചു. അത് കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികൾക്കുള്ള ഓർമ്മപ്പെടുത്തലാ യിരുന്നു
കിരൺ റിജുവിന്റെ പ്രസംഗത്തിന് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പം നിവാസികളെ അഭിസംബോധന ചെയ്തു. അതിൽ ഇരു മുന്നണികളും മുനമ്പം ജനതയോട് കാട്ടിയ,കാട്ടുന്ന അനീതിയാണ് അദ്ദേഹം ഉയർത്തി കാട്ടിയത്.ഒപ്പം മുനമ്പം പ്രശ്നത്തിന് പരിഹാരം ഉറപ്പാക്കുമെന്നും അത് വ്യക്തമാക്കാൻ ആണ് കേന്ദ്ര മന്ത്രി എത്തിയിട്ടുള്ളത് എന്നും ചന്ദ്രശേഖർ മുനമ്പം ജനതയെ അറിയിച്ചു.
വഖഫ് ബില്ലിനെ അനുകൂലിച്ച് പാർലമെൻറിൽ വോട്ട് ചെയ്യണമെന്ന് കെസിബിസി കേരളത്തിൽ നിന്നുള്ള എൽഡിഎഫ് യുഡിഎഫ് എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ വഖഫ് ബില്ലിനെതിരെ ശക്തമായ നിലപാടാണ് ഇരുമുന്നണികളുടെയും എംപിമാർ പാർലമെൻറിൽ സ്വീകരിച്ചത്.മുനമ്പം നിവാസികൾ തത്സമയം പള്ളിയങ്കണത്തിൽ പാർലമെൻറിലെ ഓരോ നിമിഷവും വീക്ഷിക്കുന്നുണ്ടായിരുന്നു.നിർമ്മിത ബുദ്ധി സഹായത്തോടെ പരിഭാഷയുടെ അകമ്പടിയുമായി.
കേരളത്തിൽ ഏതാനും വർഷങ്ങളായി രൂപം കൊണ്ട മുസ്ലിം ക്രിസ്ത്യൻ അകൽച്ചയെ വഖഫ് ബിൽ രൂഢമൂലമാക്കിയിട്ടുണ്ട്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ ക്രിസ്ത്യൻ സമൂഹം ബിജെപിക്ക് വോട്ട് ചെയ്തത് ചരിത്രം . കേരളത്തിലെ ക്രിസ്തുമത വിശ്വാസികളെ തങ്ങളോടൊപ്പം നിർത്തിയാൽ മാത്രമേ നിയമസഭയിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ എന്ന ബോധ്യം ബിജെപിക്ക് വർഷങ്ങൾക്കു മുന്നേ ഉണ്ടായതാണ്. അതനുസരിച്ചുള്ള പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. അത്തരം പ്രവർത്തനങ്ങൾ വിജയത്തിലെത്തിയതിന്റെ നിർണ്ണായക നാഴികക്കലാണ് ചൊവ്വാഴ്ച കേന്ദ്രമന്ത്രികിരൺ റിജു മുനമ്പത്ത് എത്തിയപ്പോൾ കണ്ടത്.