Skip to main content
ദമാസ്കസ്

സിറിയയിലെ രാസായുധ ശേഖരം നശിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരംതേടി അന്താരാഷ്ട്ര സമ്മേളനം ജനീവയില്‍ ചേരുമെന്ന് ഉപപ്രധാനമന്ത്രി ഖ്വാദിര്‍ ജമാല്‍ പറഞ്ഞു. നവംബര്‍ 23, 24 തിയ്യതികളില്‍ ആണ് സമ്മേളനം നടക്കുക. എന്നാല്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ജനീവയില്‍ ചേരുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിന്‍റെ തീയതി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിക്കുമെന്ന് വ്യക്തമാക്കി.

 

ഇതിനിടെ സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ച പ്രത്യേക സംഘം ദൌത്യത്തില്‍ നിന്നും പിന്‍വാങ്ങി. ദൌത്യസംഘത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയെത്തുടര്‍ന്നാണ് കൂടുതല്‍ പരിശോധന നടത്താതെ സംഘം പിന്‍വാങ്ങിയത്. ബുധനാഴ്ച രാത്രി രാസായുധ നശീകരണസംഘടനയിലെ അംഗങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായി. ഒരാഴ്ച മുന്‍പ് ഇവിടെനിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കേന്ദ്രത്തിലെ പരിശോധനയില്‍നിന്ന് പിന്‍വാങ്ങാന്‍ സംഘം തീരുമാനിച്ചത്. എന്നാല്‍, ഏത് കേന്ദ്രത്തിലെ പരിശോധനയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല.

 

അതേസമയം, ഇരുപതോളം സ്ഥലങ്ങളിലെ രാസായുധങ്ങള്‍ നശിപ്പിച്ചതായും ദൗത്യം പകുതിയിലധികം പൂര്‍ത്തിയായതായും രാസായുധ നശീകരണ സംഘടനയുടെ വക്താവ് മൈക്കല്‍ ലൂഹാന്‍ പറഞ്ഞു. നശീകരണ പദ്ധതിയെക്കുറിച്ച് നവംബര്‍ 15-നകം ഐക്യരാഷ്ട്രസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഏതാനും രാസായുധ സംഭരണികള്‍ സ്ഥിതി ചെയ്യുന്നത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്. 

Tags