ബാഷര്‍ അല്‍-അസ്സാദ് സിറിയയിലെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രൂക്ഷമായ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അസ്സാദ് 88.7 ശതമാനം വോട്ട് നേടിയതായി പാര്‍ലിമെന്റ് സ്പീക്കര്‍ മൊഹമ്മദ് ലഹാം അറിയിച്ചു. 73.42 ശതമാനമായിരുന്നു പോളിംഗ്. വിമതര്‍ക്കെതിരെ കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി അസ്സാദ് നടത്തുന്ന പോരാട്ടത്തിനുള്ള പിന്തുണയാണ് ഈ വിജയമെന്ന് സിറിയന്‍ അധികൃതര്‍ പറഞ്ഞു.
അസ്സാദിനെ നീക്കാനായി സൈനികമായി പൊരുതുന്ന വിമതരും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളില്‍ ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് വിമതരെ പിന്തുണക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളും കുറ്റപ്പെടുത്തിയിരുന്നു.
അസ്സാദ് കുടുംബത്തിന്റെ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന സിറിയയില്‍ കഴിഞ്ഞ 40 വര്‍ഷ കാലയളവില്‍ ആദ്യമായി ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഏഴു വര്‍ഷ കാലാവധിയുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ രണ്ട് തവണയും ബാഷര്‍ അല്‍-അസ്സാദ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഇത്തവണ മത്സരരംഗത്തുണ്ടായിരുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉള്ളവരായിരുന്നില്ല.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ 1.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇവരില്‍ മൂന്നിലൊന്നും സാധാരണക്കാരാണ്. അയല്‍രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ 27 ലക്ഷം പേര്‍ കഴിയുന്നുണ്ട്. ഇവര്‍ക്കിടയിലും വോട്ടെടുപ്പ് നടത്തിയിരുന്നു.