Skip to main content
ബെയ്റൂട്ട്

is fighters

 

വടക്കുകിഴക്കന്‍ സിറിയയിലെ തഖ്ബ വ്യോമസേനാ താവളം സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഞായറാഴ്ച കയ്യടക്കിയതായി റിപ്പോര്‍ട്ട്. വ്യോമതാവളത്തിന്റെ നിയന്ത്രണത്തിനായി ചൊവ്വാഴ്ച മുതല്‍ ഐ.എസ് പോരാളികളും സിറിയന്‍ സേനയും തമ്മില്‍ രൂക്ഷമായ ആക്രമണം നടന്നുവരികയായിരുന്നു. മൂന്ന്‍ വര്‍ഷത്തിലധികമായി നടക്കുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഐ.എസ് നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിത്.

 

പോരാട്ടത്തില്‍ ചുരുങ്ങിയത് 346 ഐ.എസ് പോരാളികളും 170-ല്‍ അധികം സിറിയന്‍ സൈനികരും അടക്കം അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന അറിയിച്ചു. പിന്‍വാങ്ങിയ 15ഒ-ഓളം സിറിയന്‍ സൈനികരെ ഐ.എസ് തടവുകാരായി പിടിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഐ.എസ് നിയന്ത്രണം കയ്യടക്കിയിട്ടുള്ള ഈ മേഖലയില്‍ സിറിയന്‍ സൈന്യത്തിന്റെ അവസാന താവളമായിരുന്നു തഖ്ബ വ്യോമതാവളം.

 

സിറിയന്‍ സൈന്യത്തേയും പ്രസിഡന്റ് അസ്സാദിനെ എതിര്‍ക്കുന്ന മറ്റ് വിമത സംഘടനകളേയും പരാജയപ്പെടുത്തി സിറിയയിലെ ഒട്ടേറെ പ്രദേശങ്ങളുടെ നിയന്ത്രണം ഐ.എസ് കയ്യടക്കിയിട്ടുണ്ട്. സിറിയയിലെ ഈ പ്രദേശങ്ങളും ജൂണില്‍ ഇറാഖില്‍ തുടങ്ങിയ ആക്രമണത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളും ചേര്‍ത്താണ് സംഘടന ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ചത്.

 

ഇറാഖില്‍ കുര്‍ദ് മേഖല ആക്രമിക്കുന്ന ഐ.എസിന് നേരെ യു.എസ് സേന വ്യോമാക്രമണം നടത്തുന്നുണ്ട്. സിറിയന്‍ സൈന്യത്തിന് ഐ.എസിന്റെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ യു.എസ് കൈമാറുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. അസ്സാദിനെതിരെയുള്ള ആഭ്യന്തര യുദ്ധത്തില്‍ വിമതരെ സഹായിക്കുന്ന നിലപാടുകളാണ് യു.എസ് നേരത്തെ കൈക്കൊണ്ടിരുന്നത്.          

Tags