Skip to main content
ബലാസോര്‍

interceptor missile ദീര്‍ഘദൂര മിസൈലുകളെ ആകാശത്ത് വളരെ ഉയരത്തില്‍ തന്നെ പ്രതിരോധിക്കാന്‍ കഴിയുന്ന മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന്‍ ഞായറാഴ്ച കാലത്ത് 9.10-നായിരുന്നു വിക്ഷേപണം. നാവികസേനയുടെ കപ്പലില്‍ നിന്ന്‍ 9.06-ന് വിക്ഷേപിച്ച ‘ശത്രു’ മിസൈലിന്റെ റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുത്താണ് പ്രതിരോധ മിസൈല്‍ പറന്നുയര്‍ന്നത്.

 

വിക്ഷേപണം വിജയകരമായിരുന്നുവെന്നും ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചുവെന്നും മിസൈല്‍ വികസിപ്പിച്ച പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) അധികൃതര്‍ പറഞ്ഞു. പ്രതിരോധ മിസൈലിന്റെ തകര്‍ക്കല്‍ ശേഷി റഡാറുകളില്‍ നിന്നും മറ്റ് നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ കിട്ടിയ ശേഷം വിശകലനം ചെയ്യുമെന്നും ഡി.ആര്‍.ഡി.ഒ വക്താവ് അറിയിച്ചു.

 

ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി സമുദ്ര നിരപ്പില്‍ നിന്നും 30 കിലോമീറ്ററിന് (അന്തരീക്ഷത്തിന്) മുകളിലും താഴെയും പ്രവര്‍ത്തിക്കുന്ന ആറു പ്രതിരോധ മിസൈലുകള്‍ ഡി.ആര്‍.ഡി.ഒ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. 2000 കിലോമീറ്റര്‍ പരിധിയുള്ള ദീര്‍ഘദൂര മിസൈലുകളെ സമുദ്ര നിരപ്പിനും 100 കിലോമീറ്റര്‍ ഉയരത്തില്‍ പ്രതിരോധിക്കുകയാണ് ഡി.ആര്‍.ഡി.ഒയുടെ പുതിയ മിസൈലിന്റെ ലക്ഷ്യം.