Skip to main content

ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സംഭവം വളരെ ഗൗരവമേറിയതാണെന്നും ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ നല്‍കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

 

വനിതാ അവകാശ പ്രവര്‍ത്തക സുനിലാ സിങ്, പത്രപ്രവര്‍ത്തക അല്‍ക്ക ആര്യ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ജാര്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചത്. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യാവകാശ ലംഘനമാണ് ഗുംലയില്‍ നടക്കുന്നതെന്ന് സംഘം കണ്ടെത്തി. നൂറു കണക്കിന് പെണ്‍കുട്ടികളാണ് ബംഗ്രു ഗ്രാമത്തില്‍ നിന്ന് മാത്രം അപ്രത്യക്ഷമായിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വികസന പദ്ധതികളൊന്നും മേഖലയില്‍ നടപ്പാകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തവര്‍ക്ക് മാസങ്ങളായി വേതനം ലഭ്യമായിട്ടില്ല. മിക്കവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല. ഇതിനിടെയാണ് കൗമാരക്കാരായ പെണ്‍കുട്ടികളെ ഗ്രാമങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഏജന്റുമാര്‍ സജീവമാകുന്നത്.

Tags