ജാര്‍ഖണ്ഡ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയേയും മറ്റ് 54 പേരെയും കോടതി റിമാന്‍ഡ് ചെയ്തു. സിന്‍ഹയും മറ്റുള്ളവരും ജാമ്യത്തിനായി അപേക്ഷിക്കാത്തതിനെ തുടര്‍ന്ന്‍ മജിസ്ട്രേറ്റ് ആര്‍.ബി പാല്‍ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ ഉത്തരവിട്ടു.
തിങ്കളാഴ്ച ബി.ജെ.പി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ വൈദ്യുതി ബോര്‍ഡിന്റെ ഹസാരിബാഗ് ജനറല്‍ മാനേജര്‍ ധനേഷ് ഝായെ വനിതാ പ്രവര്‍ത്തകര്‍ കെട്ടിയിട്ടതാണ് കേസിനാസ്പദമായ സംഭവം. തന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തകര്‍ അപ്രകാരം ചെയ്തതെന്ന് തിങ്കളാഴ്ച മാദ്ധ്യമങ്ങളോട് സിന്‍ഹ പറഞ്ഞിരുന്നു. വൈദ്യുതി മുടങ്ങുന്നത് മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ ആയതിനാലാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചതെന്നും സിന്‍ഹ പറഞ്ഞു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഝായെ മോചിപ്പിച്ചത്. സംഭവം അപമാനകരമാണെന്ന് ഝാ പ്രതികരിച്ചു.