ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗം തുടരുന്നു. ഝാര്‍ഖണ്ഡില്‍ ബി.ജെ.പി കേവല അധികാരത്തിലേക്ക്. ചതുഷ്കോണ മത്സരം നടന്ന ജമ്മു കശ്മീരില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബുധനാഴ്ച വോട്ടെണ്ണലില്‍ ദൃശ്യമായത്.
ജമ്മു കശ്മീരിലെ 87 സീറ്റുകളിലേക്ക് ബി.ജെ.പി, പി.ഡി.പി നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മുഫ്തി മുഹമ്മദ് സയീദിന്റെ പി.ഡി.പി 28 സീറ്റിലും ബി.ജെ.പി 25 സീറ്റിലും മുന്നിലാണ്. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റിലും ഭരണസഖ്യം വിട്ട് തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് 12 സീറ്റിലും മുന്നിലാണ്.
2000-ത്തില്‍ രൂപം കൊണ്ട ഝാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യമാണ് വോട്ടെണ്ണലില്‍ ഉയരുന്നത്. 81 സീറ്റുള്ള നിയമസഭയില്‍ ബി.ജെ.പി 40 സീറ്റുകളില്‍ മുന്നിലാണ്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 19 സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും മുന്നില്‍ നില്‍ക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മു മേഖലയില്‍ മാത്രമേ ബി.ജെ.പിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 11 സീറ്റില്‍ നിന്ന്‍ വന്‍ വര്‍ധന നേടിയെങ്കിലും മുസ്ലിം ഭൂരിപക്ഷ കശ്മീര്‍ താഴ്വരയില്‍ പാര്‍ട്ടിയ്ക്ക് പിന്തുണ ലഭിച്ചില്ല.
കശ്മീരില്‍ പി.ഡി.പിയ്ക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന സൂചന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ബി.ജെ.പിയുമായി സഖ്യത്തിന് പി.ഡി.പി തയ്യാറാകില്ലെന്നാണ് പ്രതീക്ഷയെന്ന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മുന്‍പ് ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചിട്ടുള്ളതാണ്.