Skip to main content
തൃശൂര്‍

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണത്തിന്റെ കണക്ക് റിസർവ് ബാങ്കിന് നല്‍കേണ്ടതില്ലെന്ന് ക്ഷേത്ര ഭരണസമിതി. ദേവസ്വത്തിലെ സ്വര്‍ണത്തിന്റെ മുഴുവന്‍ വിവരങ്ങളും നൽകാന്‍ അഭ്യര്‍ഥിച്ച് റിസർവ് ബാങ്ക് ദേവസ്വത്തിന്‌ അയച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

 

ക്ഷേത്രത്തിലെ സ്വർണത്തിന്റെ കണക്കുകൾ നൽകുന്ന കീഴ്‌വഴക്കം ഇല്ലെന്ന് ബാങ്കിനെ അറിയിക്കാനാണ് ക്ഷേത്ര ഭരണസമിതി കൺവീനർ വി.എം.ഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന അഞ്ചംഗ സമിതിയുടെ തീരുമാനം. ക്ഷേത്രത്തിന് സ്വയംഭരണാവകാശം ഉണ്ടെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടും. ദേവസ്വം ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നതിനാല്‍ ബോര്‍ഡിലെ സ്ഥിരം അംഗങ്ങളാണ് യോഗം ചേര്‍ന്നത്.

 

വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പിലെ സ്വര്‍ണ്ണത്തിന്റെ വിവരങ്ങള്‍ അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ മാസം മൂന്നിനാണ് ആര്‍.ബി.ഐ. തിരുവനന്തപുരം ഡെപ്യൂട്ടി മാനേജര്‍ ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചത്. ദേവസ്വം നൽകുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കത്തില്‍ അറിയിച്ചിരുന്നു. 

 

എന്നാല്‍, ബാങ്കിന്റെ നടപടിക്കെതിരെ ഒരുവിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളുടെ സ്വർണശേഖരം സര്‍ക്കാര്‍ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് അവ നിഷേധിക്കുകയായിരുന്നു.

Tags