കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബിജു നായർ അറസ്റ്റിലാവുന്നതിന് മുമ്പ് മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകന്‍ ആര്യാടൻ ഷൗക്കത്തുമായി കൂടിക്കാഴ്ച നടത്തിയെന്നു നിലമ്പൂർ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ മുകുന്ദൻ അറിയിച്ചു. നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തതിന്‍റെ ഫോട്ടോ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നശിപ്പിക്കുകയായിരുന്നു മുകുന്ദൻ പൊലീസിൽ മൊഴി നൽകി.
നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ആര്യാടൻ ഷൗക്കത്തും ബിജു നായരും കൂടിക്കാഴ്ച നടത്തിയത്. സമൂഹസദ്യയിലും ഇവർ ഒരുമിച്ചായിരുന്നു. വൈകിട്ട് ബിജു അറസ്റ്റിലായതിനെ തുടർന്ന് ക്ഷേത്രഭാരവാഹി കൂടിയായ ഐ.എൻ.ടി.യു.സി നേതാവ് ഇടപെട്ട് കൂടികാഴ്ചയുടെ ഫോട്ടോ നശിപ്പിച്ചു. രാത്രി ഒൻപതു മണിയോടെ കൂടുതൽ നേതാക്കളെത്തി ഫോർ ജി.ബി മെമ്മറി കാർഡ് കൈക്കലാക്കിയെന്നും മുകുന്ദൻ പറഞ്ഞു.
മുഖ്യപ്രതി ബിജു അറസ്റ്റിലാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പകര്‍ത്തിയ ഫോട്ടോ നിര്‍ബന്ധപൂര്‍വം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഫെബ്രുവരി പത്തിന് ഉച്ചക്ക് രണ്ടരയോടെയാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് ഷൗക്കത്തിന്‍റെ കൂടെ ക്ഷേത്രത്തിലെ ചടങ്ങില്‍ ബിജുവിനെ കണ്ടത്. അപ്പോഴെടുത്ത ഫോട്ടോയാണ് പിന്നീട് ഡിലീറ്റ് ചെയ്യാന്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടത്.