സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം നിലവിലെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും. ചികിത്സാച്ചിലവ് ഉയര്‍ത്തിയാല്‍ മാത്രമേ ചെറിയ തോതിലെങ്കിലും വേതന വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇത് ജനങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നു.
ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്‌സുമാര്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
വിജ്ഞാപനം അനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയായി ഉയരും. ശമ്പള വര്‍ദ്ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടാകും.ഒന്ന് മുതല്‍ 100 വരെ ബെഡുകളുള്ള ആശുപത്രികളില്‍ 20,000 രൂപ ശമ്പളം. 101 മുതല്‍ 300 വരെ ബെഡിന് 22,000 രൂപ, 301 മുതല്‍ 500 വരെ ബെഡ് 24000 രൂപ ,501 മുതല്‍ 700 വരെ ബെഡിന് 26,000 രൂപ, 701 മുതല്‍ 800 വരെ ബെഡിന് 28,000 രൂപ, 800ന് മുകളില്‍ ബെഡുകളുള്ള ആശുപത്രികളില്‍ 30,000 രൂപയും ശമ്പളം ലഭിക്കും. കൂടാതെ സര്‍വ്വീസ് വെയിറ്റേജ്, ക്ഷാമ ബത്ത, ഇന്‍ക്രിമന്റ് എന്നിവയും ലഭിക്കും.