Skip to main content

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മലയിടിച്ചിലും കാരണം  1500 ലധികം പേരെ മാറ്റി പാര്‍പ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഗംഗയിലെ ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന് 50 ലേറെ പേരെ കാണാതായി.

 

ഉത്തരാഖണ്ഡ് പ്രളയ സ്ഥിതി വിലയിരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൊവ്വാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശമായ കേദാര്‍നാഥ് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നു കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍റെ അറിയിച്ചു.

 

വിവിധ സ്ഥലങ്ങളിലായി വിനോദ സഞ്ചാരികളും തീര്‍ഥാടകരുമുള്‍പ്പടെ നിരവധി പേര്‍ കുടുങ്ങികിടപ്പുണ്ട്. ഉത്തരാഘണ്ഡ്‌, ഹിമാചല്‍പ്രദേശ്‌, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ പലയിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. വെള്ളപ്പൊക്കവും മലയിടിച്ചിലും കാരണം യമുന, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ തത്കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട് . പലയിടങ്ങളിലും റെയില്‍ റോഡ്‌ ഗതാഗതം തടസ്സപ്പെട്ടു.

 

കേദാര്‍നാഥില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 81 ആയി. ഇവിടെ 500 പേരെ കാണാതായിട്ടുണ്ട്. കേദാര്‍ നാഥ് ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നിരവധി പോലീസുകാരും കാണാതായവരില്‍ പെടുന്നു. ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചു. പ്രധാനപ്പെട്ട റോഡുകളില്‍ ഗതാഗതം മുടങ്ങി. ആയിരക്കണക്കിനു വിനോദസഞ്ചാരികളും പ്രദേശവാസികളും വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. രുദ്രപ്രയാഗ്‌ ജില്ലകളില്‍ വീടുതകര്‍ന്നും മണ്ണിടിച്ചിലിലും  20 പേര്‍ മരിച്ചു. വാഹനങ്ങളും ഒലിച്ചു പോയി.