രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മാർട്ടിൻ കര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, എറി വാർഷൽ എന്നിവര്‍ക്ക്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ കംപ്യൂട്ടര്‍ മാതൃകകള്‍ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം. 1970-കളില്‍ നടത്തിയ ഈ പഠനം രസതന്ത്രത്തെ സൈബര്‍സ്പേസില്‍ എത്തിച്ചതായി പുരസ്കാരം നിര്‍ണ്ണയിച്ച റോയല്‍ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചു. 80 ലക്ഷം സ്വീഡിഷ് ക്രോണര്‍ ആണ് സമ്മാനത്തുക.
ഒന്നിലേറെ പൌരത്വമുള്ളവരാണ് മൂന്ന്‍ പുരസ്കാര ജേതാക്കളും. യു.എസ്-ആസ്ത്രിയന്‍ ഇരട്ട പൌരത്വമുള്ള മാര്‍ട്ടിന്‍ കര്‍പ്ലസ് യു.എസ്സിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സര്‍വ്വകലാശാലയിലും പ്രവര്‍ത്തിക്കുന്നു. യു.എസ്സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായ ലെവിറ്റിന് ബ്രിട്ടിഷ്-യു.എസ്-ഇസ്രയേല്‍ പൌരത്വങ്ങളുണ്ട്. യു.എസ്-ഇസ്രയേല്‍ ഇരട്ടപൌരത്വമുള്ള വാർഷൽ യു.എസില്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ്.
ഇവരുടെ കണ്ടുപിടുത്തത്തിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, അതിവേഗതയില്‍ നടക്കുന്ന രാസപ്രകിയകൾ കംപ്യൂട്ടറുകളുടെ സഹായത്തോടെ വിശകലനം ചെയ്യാനായതായി നോബല്‍ സമ്മാന സമിതി വിലയിരുത്തി. ന്യൂട്ടന്റെ ക്ലാസിക്കല്‍ ഭൌതികവും തികച്ചും വ്യത്യസ്തമായ ക്വാണ്ടം ഭൌതികവും ചേര്‍ത്ത് പഠിക്കാനും ഇവരുടെ സംഭാവനകള്‍ സഹായകരമായി.
സ്വീഡിഷ് വ്യവസായിയായിരുന്ന ആല്‍ഫ്രഡ് നോബല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്റ്റോക്ക്ഹോമിലെയും ഓസ്ലോവിലെയും പുരസ്കാര നിര്‍ണ്ണയ സമിതികളാണ് തീരുമാനിക്കുന്നത്. 1901 മുതല്‍ നല്‍കിവരുന്ന പുരസ്കാരം സമ്മാനിക്കുക 1896-ല്‍ അന്തരിച്ച നോബലിന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ പത്തിനാണ്.