Skip to main content
കാബൂള്‍

യു.എസ് അഫ്ഗാന്‍ സുരക്ഷാ ഉടമ്പടിയില്‍ തല്‍ക്കാലം ഒപ്പ് വക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. കരാര്‍ ഒപ്പുവെക്കുന്ന കാര്യത്തില്‍ പഠനം നടത്തേണ്ടതുണ്ടെന്നും അടുത്ത വര്‍ഷം വരെ അതിനു സമയം വേണമെന്നും കര്‍സായി പറഞ്ഞു.

 

യു.എസ് സൈന്യം 2014-ല്‍ പൂര്‍ണ പിന്മാറ്റം പ്രഖ്യാപിച്ച അഫ്ഗാനില്‍ തുടരുകയാണെങ്കില്‍ വീടുകള്‍ റെയ്ഡ് ചെയ്യില്ലെന്നും താലിബാനുമായി ചര്‍ച്ച നടത്താന്‍ ഗവണ്‍മെന്റിനെ സഹായിക്കുമെന്നും യു.എസ്  ഉറപ്പുനല്‍കണമെന്ന് ചര്‍ച്ചയില്‍ കര്‍സായി ആവശ്യപ്പെട്ടതായി അഫ്ഗാന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. 2014 ഏപ്രിലില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ യു.എസ് മുന്‍കൈയെടുക്കണമെന്നും കര്‍സായി വ്യക്തമാക്കി. കരാര്‍ ഈ വര്‍ഷം തന്നെ ഒപ്പ് വക്കാന്‍ അഫ്ഗാനിസ്ഥാനിലെ പരമ്പരാഗത ഗോത്ര സഭയായ ലോയ ജിര്ഗ അനുമതി നല്‍കിയിരുന്നു.

 

കരാര്‍ ഈ വര്‍ഷം തന്നെ ഒപ്പ് വക്കണമെന്നാണ് യു.എസ് നിലപാട്. 2014-നു ശേഷം എത്ര യു.എസ് സൈനികര്‍ അഫ്ഗാനില്‍ തങ്ങണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണിത്. നിലവിലെ സാഹചര്യത്തില്‍ കരാര്‍ ഒപ്പിടുകയാണെങ്കില്‍ അടുത്ത വര്‍ഷത്തിനു ശേഷം 15000 യു.എസ് സൈനികര്‍ അഫ്ഗാനിലുണ്ടാവും. എന്നാല്‍ ഉഭയകക്ഷി സുരക്ഷാ കരാര്‍ (ബി.എസ്.എ) ഒപ്പുവെക്കാനുള്ള തയാറെടുപ്പുകള്‍ കര്‍സായി നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കുന്നത്.

 

തെരഞ്ഞെടുപ്പിനു മുമ്പ് താന്‍ കരാര്‍ ഒപ്പുവെക്കാനുദ്ദേശിക്കുന്നില്ലെന്നും തനിക്ക് പിന്തുണ നല്‍കണമെന്നും ലോയ ജിര്‍ഗയില്‍ കര്‍സായി ആവശ്യപ്പെട്ടിരുന്നു.