മഹാരാഷ്ട്രയിലെ വിദര്‍ഭ, മാറാത്തവാഡ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയില്‍ 22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കര്‍ഷക സംഘടനയാ വിദര്‍ഭ ജന ആന്ദോളന്‍ സമിതി. കനത്ത വിളനാശമാണ് കര്‍ഷകരെ കടുത്ത നടപടികളിലേക്ക് നയിക്കുന്നത്. വൈകാരികമായി പ്രതികരിക്കരുതെന്ന്‍ കര്‍ഷക സമൂഹത്തോട് അഭ്യര്‍ഥിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും അറിയിച്ചു.
16 ലക്ഷം ഹെക്ടര്‍ വരുന്ന പ്രദേശത്താണ് രണ്ടാഴ്ച മുന്‍പ് വീശിയ കൊടുങ്കാറ്റ് മൂലം കൃഷിനാശമുണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ 35 ജില്ലകളില്‍ 28-നേയും ബാധിച്ച കൊടുങ്കാറ്റില്‍ ഖരിഫ്, റാബി വിളകള്‍ ഏറെക്കുറെ പൂര്‍ണമായി നശിച്ചതായി ആശ്വാസ-പുനധിവാസ വകുപ്പ് സെക്രട്ടറി മിലിന്ദ് മഹിസ്കര്‍ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന വിളനാശത്തെ കുറിച്ച് സര്‍ക്കാറിന് ബോധ്യമുണ്ടെന്നും കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഇന്ന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായും ആശ്വാസ പാക്കേജ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും ചവാന്‍ അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പാടില്ല.
ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കേന്ദ്രമായിരുന്നു വിദര്‍ഭ. കഴിഞ്ഞ മൂന്ന്‍ ദിവസം മാത്രം ഒന്‍പത് പേരാണ് ആതമഹത്യ ചെയ്തതെന്ന്‍ വിദര്‍ഭ ജന ആന്ദോളന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരിതം കാരണമാണ് ആത്മഹത്യകളെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 5000 കോടി രൂപയുടെ സഹായം കേന്ദ്രത്തില്‍ നിന്ന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന്‍ കേന്ദ്രസംഘത്തിന്റെ പരിശോധനയ്ക്കും ശേഷമെ കേന്ദ്രം പണം അനുവദിക്കുള്ളൂ എന്നതിനാല്‍ ഇത് ഒരുപാട് സമയം എടുക്കുമെന്ന്‍ സമിതി പറയുന്നു. അടിയന്തര നടപടികളാണ് ആവശ്യമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.