ഡോ.വന്ദനാദാസിന്റെ കൊല ഒരു സൂചന മാത്രം

Glint staff
Wed, 10-05-2023 03:36:15 PM ;

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  പ്രതിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനദാസ് ഒരു സൂചന മാത്രം. കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. പ്രാഥമികമായി ഇത് പ്രതിയെ ആശുപത്രിയിൽ കൊണ്ടുവന്ന പോലീസുകാരുടെ വീഴ്ചയാണ്. ഒരു സംഭവം ഉണ്ടാകുമ്പോൾ ആരെയെങ്കിലും പ്രതിസ്ഥാനത്ത് നിർത്തുക എന്നുള്ളത് കേരളത്തിൽ മാധ്യമ ശീലമായിരിക്കുന്നു. ആ ശീലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളും സർക്കാരും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഇതും മൂലം സംഭവിക്കുന്നത് ഇത്തരത്തിൽ അസാധാരണമായ ഒരു സംഭവം ഉണ്ടാകുമ്പോൾ അതിൻ്റെ പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നുള്ളത് കാണാതെ പോകുന്നു. ഇവിടെ അധ്യാപകനായ ഒരാളാണ് പ്രതി. മദ്യത്തിന് അടിമയായ വ്യക്തിയാണ്  അയാൾ. മദ്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കി മുന്നോട്ടു നീങ്ങുന്ന ഒരു സംസ്ഥാനത്തിന്റെ ഇരകൂടിയാണ് 23 കാരിയായ ഡോ.വന്ദനദാസ്. കേരളത്തിൽ ഇത്രയധികം മദ്യം ഒഴുകിയിട്ടുള്ള  കാലം ഇതുവരെ ഉണ്ടായിട്ടില്ല. എവിടെത്തിരിഞ്ഞു നോക്കിയാലും ബാർ കാണാത്ത സ്ഥലം ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. മദ്യത്തിൻറെ അമിത ലഭ്യതയും ഉപഭോഗവും കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും സമാധാനാന്തരീക്ഷം ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. കുടുംബബന്ധങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം താറുമാറാകുന്നു. അത് വ്യക്തികളെ കൂടുതൽ മദ്യത്തിനും മയക്കുമരുന്നിനും ഒരുപോലെ അടിമകളാക്കുന്നു. മദ്യത്തെപ്പോലെ തന്നെ മയക്കുമരുന്നും വർത്തമാന കേരളത്തിൽ സുലഭമാണ്. ഈ രണ്ട് മേഖലകളും കേരളത്തിൽ തഴച്ചു വളരുന്നതിന് പിന്നിലെ ഒത്താശയാണ് അധ്യാപകനായിരുന്നിട്ടു കൂടി തകർന്ന ഒരു വ്യക്തിയുടെ ചിത്രം കൂടിയാണ് ഡോ.വന്ദനയെ  കുത്തിക്കൊന്ന പ്രതിയിലൂടെ കേരളം കാണുന്നത്. ഇയാൾ വർത്തമാന കേരളീയ സമൂഹത്തിൻറെ ഒരു പ്രതിനിധി കൂടിയാണ്. സമൂഹത്തിന് ഭീഷണിയാകുന്ന വിധം ഇത്തരക്കാരുടെ എണ്ണം എല്ലാ മേഖലയിലും അനുദിനം വർദ്ധിക്കുന്നു. ഇവിടെയാണ് യഥാർത്ഥ രോഗത്തിൻറെ കാരണം കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത ഉയർന്നുവരുന്നത്. അല്ലെങ്കിൽ കേരളം കണ്ടിട്ടില്ലാത്ത വിധം ഇതുപോലെ അസാധാരണമായ പല  സംഭവങ്ങൾക്കും നമ്മൾ സാക്ഷ്യം വഹിക്കേണ്ടിവരും

Tags: