പരസ്യ ചുംബനത്തിന് ഇന്ത്യൻ സാഹചര്യം പാകമായിട്ടില്ല

GLINT
Wed, 17-05-2023 07:15:57 PM ;
 
ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലൂടെ  വൈറലായ ഒരു പോസ്റ്റാണ് ദില്ലി മെട്രോയിലെ ട്രെയിനുള്ളിലെ യുവമിഥുനങ്ങളുടെ പരസ്യ ചുംബനം. ബിബിസി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഇതിന് വൻ പ്രചാരമാണ് നൽകിയത്. പൊതു സ്ഥലത്ത് സ്നേഹപ്രകടനം നിഷിദ്ധമോ എന്ന ചോദ്യമാണ് ബി.ബി.സി റിപ്പോർട്ടിൻ്റെ ധ്വനി. ഈ വീഡിയോയെ തുടർന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ ഒരു വിജ്ഞാപനം ഇറക്കി. ഇതുപോലെ ''ആക്ഷേപകരമായ പെരുമാറ്റം" ശ്രദ്ധയിൽപ്പെട്ടാൽ തങ്ങളെ അറിയിക്കുക എന്ന് . ഇത്തരം പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജമാക്കുമെന്നും ഡി എം ആർ സി അറിയിച്ചു. ഇതാണ് ബിബിസിയെ പോലുള്ള മാധ്യമങ്ങളെ ആശ്ചര്യപ്പെടുത്തിയത്.ഇന്ത്യയിൽ സിനിമ ഉൾപ്പടെ ഇന്ന് മിക്ക വിനോദ പരിപാടികളിലും പരസ്യ ചുമ്പനം സർവ്വസാധാരണമാണ്. അതനുസരിച്ച് സ്ത്രീപുരുഷ ബന്ധങ്ങളിലെ പരസ്യ പ്രകടന രീതികളിലും മാറ്റം വരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ യുവമിഥുനങ്ങൾക്ക് മുൻപത്തേക്കാൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ അടുത്ത് ഇടപഴുകുന്നതിനുള്ള സാഹചര്യവും നിലവിലുണ്ട്. എന്നാൽ പാശ്ചാത്യ സാംസ്കാരികസാധാരണമായ ചുമ്പനത്തെ അതേപടി അല്ല ഇന്ത്യൻ പശ്ചാത്തലത്തിൽ ഇപ്പോഴും കാണുന്നത്. രണ്ട് സംസ്കാരത്തിൻറെയും ചരിത്രത്തിൻ്റെയും  സൂക്ഷ്മാംശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.  ഇന്ത്യയിലെ സാംസ്കാരിക സൂക്ഷ്മ വശങ്ങൾ പലതും ഇന്നിപ്പോൾ മതവും രാഷ്ട്രീയവുമായി കെട്ടിപ്പിടിഞ്ഞ് കിടക്കുന്ന അവസ്ഥയിലും.  പുരാതന സംസ്കാരത്തിൻറെ പവിത്രതയെ ഉയർത്തിക്കാട്ടി അതിനെ മതവും രാഷ്ട്രീയവുമായി കൂട്ടിക്കെട്ടിക്കൊണ്ടുള്ള ഒരു ശക്തമായ ധാര സജീവമായിട്ടുള്ള ഇന്ത്യൻ പശ്ചാത്തലത്തിൽ പരസ്യ ചുംബനം പോലെയുള്ള പ്രത്യക്ഷ പ്രകടനങ്ങളെ ബി.ബി.സിയുടെ കാഴ്ച പോലെ കാണാൻ പറ്റില്ല. സാംസ്കാരികമായ മാറ്റങ്ങൾ സ്വാഭാവികമായി ഉരുത്തുരിയേണ്ടവയാണ്. അല്ലെങ്കിൽ വിപരീതഫലം ഉറപ്പ്. പരസ്യചുമ്പന സ്വാതന്ത്ര്യത്തെ മുഖ്യധാരാ ചർച്ചാവിഷയമാക്കിയാൽ അതിനെ എതിർക്കുന്നവർക്ക് മേൽക്കൈ ലഭിക്കാവുന്ന അന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. അത് പൊതുസ്ഥലങ്ങളിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള പല  സ്വാതന്ത്ര്യങ്ങളുടെയും കടയ്ക്കൽ കത്തിവയ്ക്കുന്നതാകുമെന്നതിൽ സംശയമില്ല. എന്തിന്, ഇപ്പോൾത്തന്നെ ദില്ലി മെട്രോ യാത്രക്കാരുടെ പെരുമാറ്റം " ആക്ഷേപകര"മാണോ എന്ന് ഫ്ലയിംഗ് സ്ക്വാഡ് നിശ്ചയിക്കുന്ന സ്ഥിതിയായിക്കഴിഞ്ഞു.

Tags: