ഉത്തരാഖണ്ഡ്: രൗദ്രവും ചിത്രവും

സംവിദ് ആനന്ദ്
Thu, 25-07-2013 11:45:00 PM ;

ആഫ്റ്റർ ദ രൗദ്ര

ഉറപ്പിന്റെ പ്രതീകമായിട്ട് കുഞ്ഞു നാൾ മുതൽ കേട്ട പഴമൊഴികളിലൊന്നായിരുന്നു മല പോലുറച്ചത് എന്ന വരികൾ. മണ്ണും വിണ്ണും തകർക്കുന്ന കരിമരുന്നു പ്രയോഗം കേട്ടു വളർന്ന കേരളത്തിലെ ഉത്സവങ്ങളിലെ സ്ഫോടന ശബ്ദങ്ങൾ എല്ലാം ചേർത്തുവെച്ചാലും ഇത്ര ഭീകരമായ ശബ്ദം പുറപ്പെടുവിക്കുവാനാവില്ല. കേദാർ നാഥിലേക്കുള്ള വഴിയിൽ ഗൗരികുണ്ഡിനു പിന്നിൽ വഴിതടസ്സം മൂലം നില്‍ക്കെ രണ്ട് കിലോമീറ്റർ ദൂരത്തിൽ കേട്ട ആ ഭീകരശബ്ദം കരുത്തിന്റെ പ്രതീകമായ് കരുതിയ ഒരു മല, തലയിലേറ്റിയ കാടടക്കം നദിയിലേക്ക് പറിഞ്ഞു വീഴുന്ന ശബ്ദം ഏതു മാനത്തിൽ അളന്നു പറയാനാവും?

 

കൃത്യം ഒരു മാസം മുന്നേ ക്ളീൻ ഗംഗ ക്ളീൻ ഹിമാലയ എന്ന ആശ്രമം ട്രസ്റ്റിന്റെ എൻവയർമെന്റെൽ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള ബോർഡുകൾ സ്ഥാപിച്ച ദിക്കുകളിലൊന്നിൽ എത്ര വിവരിച്ചാലും മതിവരാത്ത സൗന്ദര്യമുള്ള ഭൂമിയെ ക്ഷണം കൊണ്ട് തകർത്ത കാഴ്ച. 150 ഓളം ഗ്രാമങ്ങളിൽ ആരും മരിക്കാത്ത ഗ്രാമങ്ങൾ രണ്ടോ മൂന്നോ.  കൈക്കുഞ്ഞുങ്ങളുള്ള 23 ഓളം വിധവകളെ ആശ്രമ ട്രസ്റ്റ് പിന്തുണയ്ക്കാൻ ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനെത്തുമ്പോൾ ത്രിയുഗി നാരായണിന്റെയും തോഷി ഗ്രാമത്തിന്റെയും,  ഭംഗിയുള്ളതെന്നു കരുതി ആസ്വദിച്ച, 15000 അടി ഉയരത്തിലുള്ള,  പച്ച വിരിച്ച് ഇടയിൽ ഐസു പെയ്തു കിടന്ന, പർവ്വതങ്ങളിലൊക്കെ 1000-ൽ അധികം ഗ്രാമീണരുടെ ശവങ്ങൾ. മഴയും മഞ്ഞും കൊന്നുതിന്നവ. ദഹിപ്പിക്കാൻ ഒന്നും ബാക്കിയില്ലാതെ സ്വന്തം മകന്റെ ജഡം ഉപേക്ഷിച്ചു പോന്ന നരേന്ദ്ര സിങ്ങ്. ഒത്തിരി നരേന്ദ്ര സിങ്ങുമാർ താമസിക്കുന്ന ആശ്രമത്തിന്റെ താഴെ. നദിയിലും ആരൊക്കെയോ. ബന്ധുക്കൾ ഗ്രാമങ്ങളിൽ കാത്തിരിക്കുന്നവർ തിരിച്ചറിയാനാവാതെ.

 

പരിസ്ഥിതി വിനാശത്തിലൂടെ നിർമ്മിച്ച കേദാർഘാട്ടി ഡാമിനെതിരെയുള്ള സമരത്തിനു കഴിഞ്ഞ എപ്രിൽ മാസത്തിൽ ചെല്ലുമ്പോൾ, വികസനത്തിന്റെ വിരോധികൾ എന്നു പറഞ്ഞ് എന്റെ വാഹനം തടഞ്ഞ അതെ കുത്തിറക്കത്തിൽ, 100 അടിയുയരത്തിൽ മണ്ണും കല്ലും മാത്രം. ഡാം സൈറ്റും കൂറ്റൻ യന്ത്ര സാമഗ്രികളും നിർത്തിയിട്ടിരുന്ന 100 വാഹനങ്ങളും ഓർമ്മ പോലുമാവാൻ വരാത്തവിധം വേറെയെതോ യുഗത്തിലേക്കു  പോയ് മറഞ്ഞു. അതെ പ്രകൃതി കോപിച്ചിരിക്കുകയാണത്രേ! ആരോട്? കാഴ്ചകളീവിധം ‘രൗദ്രം’ പൂണ്ടിരിക്കുന്നു ഇപ്പോൾ.

 

ബിഫോർ ദ രൗദ്ര

ഇൻഡ്യൻ ഫിലോസഫിയിൽ പ്രളയങ്ങൾ പലതാണ്‌. നമുക്കുള്ളിൽ നിത്യവും പ്രളയം സംഭവിക്കുന്നുണ്ട്. പ്രളയത്തിനു മുന്നേ, ഒരു പക്ഷേ പ്രളയമായ് അല്ലെങ്കിൽ പ്രളയ ശേഷം ഒക്കെ പെയിന്റിങ്ങുകൾ നമ്മോട് സംസാരിക്കാറുണ്ട്. കാക മുഖം , കങ്ക മുഖം , സിംഹ മുഖം , വ്യാഘ്ര മുഖം തുടങ്ങി അന്തർമുഖം വരെ ചരകന്റെയും ശുശ്രുതന്റെയും സർജിക്കൽ ഇൻസ്ട്രമെന്റ്സ് വീക്ഷിക്കുന്നത് വെള്ളിവിരിഞ്ഞ പർവ്വത സാനുക്കളെ അതിസൂഷ്മമായ് അരിഞ്ഞു മാറ്റി ജീവൻ രക്ഷപ്പെടുത്തേണ്ടതിന്റെ പൂർവ്വ സൂരികളുടെ കണ്ടെത്തലുകൾ എവിടെയും ബാധകമെന്ന് മധു വേണു ഗോപാൽ വരഞ്ഞിട്ടിരിക്കുന്നു. (അദ്ദേഹം പ്രളയദുരന്തത്തിൽ പെട്ട് ഗംഗോത്രിയിൽ നിന്ന് അത്ഭുതകരമായ് രക്ഷപെട്ട ക്യാമ്പിലെ രണ്ട് ചിത്രകാരന്മാരിലൊരാൾ). അതെ പൂർവ്വികരുടെ ഇച്ഛകളും സമകാലീനരുടെ പ്രാർത്ഥനയും പ്രകൃതിയെ നിർമ്മലമായ് നിർത്തണമെന്നാണ്‌ ചിത്രകാരന്റെ നിശ്ചയം. പി.എസ് ജോഷ് യുഗപ്പകർച്ചകളെ ക്യാൻവാസിലേക്കാവാഹിക്കുന്നതിൽ ബദ്ധശ്രദ്ധനാണ്‌. പ്രകൃതി സ്വയം അടയാളപ്പെടുത്തുന്നത് മലകളിലാണ്‌. മനുഷ്യൻ പടുത്തുയർത്തിയവയിലെ യുഗകാഴ്ചകൾ തകർന്ന അവശിഷ്ടങ്ങളായ് നാം കണ്ടുപോകുമ്പോൾ എന്നും പച്ചപ്പ് വിരിച്ച് സ്വയം പുതുക്കുന്ന മലകൾ ഓരോ യുഗത്തിലും നവീനമായ് തന്നെ നിലനില്ക്കുന്നു, അല്ലെങ്കിൽ നിലനില്ക്കണം എന്ന ചിത്രകാരന്റെ പ്രാർത്ഥന. (ജോഷും ഗംഗോത്രിയിലെ പ്രളയ ദുരന്തത്തിൽ കുടുങ്ങിയിരുന്നു).

“നിരന്തരം വിശക്കുന്നവർ യാചിച്ചുകൊണ്ടേയിരിക്കുന്നു. നിരന്തരം യാചിക്കുന്നവർ വിശന്നുകൊണ്ടേയിരിക്കുന്നു”. അഭയാർത്ഥികൾ വിശപ്പ് ഒരിക്കലും വിട്ടുമാറാത്തവര്‍. കാത്തിരിപ്പിന്റെ വെയിലുപ്പു നുണയുവാൻ മാത്രം വിധിക്കപെട്ടവർ. ചുട്ടുപഴുത്ത പിന്നാമ്പുറങ്ങളെ നോക്കാതെ അന്നപാത്രത്താൽ തണൽ തേടുന്നവരെ അനുപ് കാമത്ത് വരഞ്ഞിടുന്നു. ആർട്ട് ഫോർ ആക്ഷൻ ക്യാമ്പ് നടന്ന ഉത്തരകാശിക്കടുത്ത ബാർസു ഗ്രാമത്തിൽ ഹൈഡ്രേലിയ പുഷ്പങ്ങൾ ഗ്രാമഭംഗിക്കു മാറ്റുകൂട്ടിയിരുന്നു. അതായിരുന്നു ഹിരോഷിമയിലെ തകർന്നു തരിപ്പണമായ തെരുവുകളിലൊന്നിലെ ചെടിച്ചട്ടിയിലും  വിരിഞ്ഞു നിന്നത്. അതോർമ്മിപ്പിക്കുന്നതെന്തുമാവാം. അതേ നിറം, അതേ മണം, കാലങ്ങൾക്കപ്പുറവും ഇപ്പുറവും, ദുരന്തങ്ങൾക്കപ്പുറവും ഇപ്പുറവും, തുടർച്ചകളിൽ ഗന്ധങ്ങളും ഗന്ധ മാദന പർവ്വതങ്ങളും തുടർന്നു കൊണ്ടെയിരിക്കുമെന്ന് ബാഹുലേയൻ നമ്മെ ഓർമ്മിപ്പിക്കുന്നു. സി.എൻ കരുണാകരൻ മാഷ് മലകളും നദികളും മനുഷ്യസംസർഗ്ഗത്താൽ പുഷ്ടിപ്പെടുത്തപ്പെടേണ്ടതെന്ന ശാശ്വത സത്യത്തെ നിരന്തരം വിളിച്ചോതുന്നു.

 

ഗംഗയുടെ വിരിമാറിൽ ഇടക്കിടെ തെളിയുന്ന പച്ചപ്പിൽ മഞ്ഞും മഴയും വേനലും നല്കുന്ന ക്രൂര കാലാവസ്ഥയിലും ജീവിക്കുന്ന ഹിമാലയൻ ചെമ്മരിയാടിയനെക്കാൾ വലുതെന്തുണ്ട് ചെറുത്തു നില്പിന്റെ അമൂർത്ത രൂപമായ്. എപ്പോഴോ മിന്നായം പോലെ വന്നു മറയുന്ന വസന്തത്തിലലയാൻ കൊതിക്കുന്ന ഒരു തപസ്സു പോലെ.  കാണുന്നതും കാണാത്തതുമായ ലോകം, യൂണിവേഴ്സലിൽ ഒരുപക്ഷേ നമുക്ക് കണ്ടെത്തുവാൻ സാധിക്കാത്ത കോസ്മിക് എനർജി ഈ പ്രപഞ്ചത്തിലെ ഓരോ സെക്കന്റിലും പലതരം മാറ്റങ്ങൾ നടത്തികൊണ്ടിരിക്കുന്നു. കർട്ടനില്ലാത്ത ഒരു സിനിമ പോലെ ‘ജാത്ര’(ഡ്രാമ വിത്തൗട്ട് കർട്ടൻ) എന്ന ശ്രീധരയ്യരുടെ പെയിന്റിങ്ങും അതീന്ദ്രിയ ലോകത്തിലേക്കാണ്‌ നമ്മെ യാത്രയ്ക്ക് ക്ഷണിക്കുന്നത്.

ഒറ്റവഴിയിൽ തന്നെ ആയിരക്കണക്കിനു വാഹനങ്ങൾ കുടുങ്ങിപ്പോകുന്നത് ഒരു നഗരകാഴ്ചയാണ്‌. ഹിമാലയത്തിലേക്ക് വാഹനപ്രവാഹം സുബർണ്ണ വരഞ്ഞു തീർക്കുന്നു. കില്ലിങ്ങ് ഔർ ഹെവൻ. നടുക്കം വിടാതെ എനിക്കോർക്കാനുള്ളത് വാഹനക്കുരുക്കിൽ പെട്ട ഗൗരികുണ്ഡിലെ നൂറുകണക്കിനു വാഹനങ്ങളെയും ആൾക്കൂട്ടത്തെയും നിമിഷം കൊണ്ട് കടൽ പോലെ മലയിലൊഴുകിയ മന്ദാകിനി വിസ്മൃതിയിലാക്കിയതാണ്‌. സങ്കടങ്ങളുടെ പെരുമഴയെ കാണാതെ കന്യകാത്വം വിരിയുന്ന ലോകം കാണാനുള്ള നഗരവാസികളുടെ വെറും കൗതുകം ഇങ്ങനെയും അവസാനിപ്പിക്കുമോ? അതെ, അതിനുത്തരമാവാം, എല്ലാ കസേരകളും ഞാനും നീയും ചാഞ്ഞു ചരിഞ്ഞും അള്ളിപ്പിടിച്ച കസേരകളെ തലകീഴായ് മറിച്ച് ത്രിശങ്കുവിലാക്കുന്ന ജീവിതത്തെ പ്രീതി കഹാറും ചിത്രീകരിക്കുന്നു. കാലം അതിമൃദുവായ നൂലുകൊണ്ട് പ്രകൃതീ ദേവിയുടെ വസ്ത്രം നെയ്യുന്ന
തിരക്കിലാണ്‌. നിറസങ്കലനങ്ങളുടെ അത്ഭുതകാഴ്ചയിൽ മുങ്ങി നിവരുമ്പോളും അതിലെ ഉത്തരങ്ങളും ചോദ്യങ്ങളും ആളും അർത്ഥവും ഒഴുകി മാറിയുണ്ടാവുന്ന അബ്സ്ടാക്ട് സ്വർഗ്ഗത്തെ, സമകാലിക ചിത്രകലയിലൂടെ നമ്മെ നിരന്തരം അത്ഭുതപ്പെടുത്തുന്ന ബോസ് കൃഷ്ണമാചാരി. ഒടുവിൽ ഫോട്ടോ ചിത്രകാരനായ അജയ് ലാൽ. പ്രകൃതി സ്വയം വരച്ചിട്ടവയെ ചിത്രം വരഞ്ഞതാവും എന്ന് വിഭ്രമിപ്പിക്കുന്ന മായക്കാഴ്ചയിലേക്ക് കൃഷ്ണ മുരാരി.

 

പിന്നിലെ നാഗരികതയെയും മുന്നിലെ ശാസ്ത്രസാങ്കേതിക വളർച്ചയ്ക്കും നടുവിൽ എംപ്റ്റി സ്പെയിസിൽ ധ്യാനാത്മകമായ് നില്ക്കുകയാണ്‌ ഉപാസകൻ. പേരെന്തുമാവട്ടെ പല കാലങ്ങളിൽ ഒരു പൂവായ് മൃദുമന്ദഹാസം പൊഴിച്ച് ജീവിതത്തെ അതിജീവിക്കണം എന്നു മുരളീ ചീരോത്തിന്റെ ബ്രഷ് നമുക്ക് തിരക്കിൽ മറന്നുപോയ് കൊണ്ടിരിക്കുന്ന ഒരു വീണ്ടെടുപ്പിനായ് ക്ഷണിക്കുകയാണ്‌.

 

ഞാനും നിങ്ങളുമൊന്നും സത്യമാവണമെന്നൊന്നുമില്ല. സെല്ലുകളെ അഴിച്ചുമാറ്റിയാൽ പ്രാണന്റെതൊഴികെ ഒന്നിലും നൈരന്ത്യര്യം ഇല്ല. അതെ. ഉള്ളിലെ കാറ്റ് സെല്ലിൻ കൂട്ടത്തിന്റെ പെരുമലയെ ചുമക്കുന്നു. അതിനു മടുക്കും വരെ. നിത്യ പ്രളയത്തിന്റെ ഏതോ തിരിവിൽ മടുക്കുമ്പോൾ പുതിയൊരു സെല്ലിൻ മലയോ പുഴയോ തേടി ഈ കാറ്റ് പടിയിറങ്ങും വരെ നമ്മൾ അസ്ഥിത്വ ദുഃഖം തേടാം.  

പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കവിയും വാഗ്മിയുമായ സ്വാമി സംവിദാനന്ദ്‌,ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള അഭേദ ഗംഗാമയ്യ ആശ്രമത്തിന്റെ മഹന്താണ്

Tags: