വണ്ടിനും വേണം റോയൽറ്റി

പി. ശങ്കരപ്പണിക്കര്‍
Sat, 24-08-2013 02:00:00 PM ;
അമൃത് കടയാന്‍ ഒരു ശ്രമം. ഒപ്പം കൂടാം ഈ പാട്ടുക്ലാസ്സില്‍ ...

 

സംഗീതമാണോ സാഹിത്യമാണോ ആദ്യമുണ്ടായത്? മുട്ടയും കോഴിയും തമ്മിലുള്ള സംശയം ഇക്കാര്യത്തിലില്ല. ആദ്യം സംഗീതം തന്നെയാണുണ്ടായത്. ഘോരവനത്തിൽ വളർന്നു നിന്ന ഒരു മുളന്തണ്ടിൽ അതുവഴി പോയ ഒരു വണ്ട് ചെറിയൊരു തുളയിട്ടു. പിന്നീട് അതുവഴി വന്ന വണ്ടുകൾ പലരും അതിനടുത്തടുത്ത് തുളയിട്ട് പോയി.

 

പിന്നെ ഒരിക്കൽ കാറ്റടിച്ചു. കാറ്റ് മുളന്തണ്ടിലൂടെ പുറത്തുവപ്പോൾ സ്വരം ഉണ്ടായി. സ്വരം അനുസരിച്ച് നമ്മുടെ മുൻഷിമാർ 'സ'യും 'പ'യും ഉണ്ടാക്കി. നോക്കണേ ചതി!

പിറന്നുവീഴുന്ന കുഞ്ഞിൽ നിന്ന്‍ ആദ്യം വരുന്നത് സംഗീതമാകുന്നു. കരച്ചിലിന്റെ രൂപത്തിൽ. 'ളേ' എന്നോ 'ളാ' എന്നോ മറ്റോ ആണത്. പിൽക്കാലത്ത് ആ സംഗീതം സ്വരം പൂണ്ട് 'അമ്മേ' എന്ന വിളിയായി മാറുന്നു. മരണത്തിലും ഇതുതന്നെയാണ് സ്ഥിതി. ചിലർ കരഞ്ഞുകൊണ്ട് മരിച്ചുവീഴും. മറ്റു ചിലരാകട്ടെ ഹേ ഭഗവാൻ.. എന്നു ജപിച്ച് ഭൂമി വിട്ടുപോകും, മഹാത്മാഗാന്ധിയെപ്പോലെ.

 

അതൊക്കെ പോട്ടെ.

സംഗീതത്തിന്റെ ഉപജഞാതാവ് വണ്ടാണെങ്കിൽ വണ്ടിനും വേണ്ടേ റോയൽറ്റി?

മൂളു വണ്ടേ... മുരളു വണ്ടേ...

താമരച്ചോലയിൽ റോയൽറ്റി വേണ്ടേ?

തീർച്ചയായും വേണം.

പാവങ്ങൾ, വണ്ടുകൾ ജീവിച്ചുപോട്ടെ.

 

ഈയിടെയാണെങ്കിൽ പൂക്കളിൽ തേനും സൗരഭ്യവും ഇല്ലാത്ത കാലം. അണ്ഡകടാഹം മുഴുവൻ രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും നിറഞ്ഞ് കവിയുമ്പോൾ പൂവിലെവിടെ തേൻ? എവിടെ വണ്ട്? പൂവിനെന്തേ പൂവിൻ നിറം?

 

ആയതിനാൽ ശേഷിച്ച കാലം വണ്ടുകൾക്ക് അടുത്തൂണ്‍ പറ്റി കഴിയാൻ റോയൽറ്റി കൊടുത്തേ തീരൂ.

 

ദാസേട്ടനും എസ്.പി. സാറിനും പി. സുശീല ടീച്ചറിനുമൊക്കെ റോയൽറ്റി ലഭിക്കണമെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. ഓമനത്തിങ്കൾ കിടാവോ എന്ന പാട്ടുകേട്ട് എത്ര തവണ നാം ഉറങ്ങി. നമ്മുടെ കുട്ടികളും. ഹരിവരാസനം... വിശ്വമോഹനം എന്ന ഗാനം കേട്ട് അയ്യപ്പസ്വാമിയും ഉറങ്ങുന്നു. ഉണരുണരൂ... പൊന്നമ്പലവാസാ എന്ന പാട്ടുകേട്ട് ഉണരുന്നു.

 

അദ്ദേഹം മാത്രമല്ല, ശ്രീഗുരുവായൂരപ്പൻ, ചോറ്റാനിക്കര അമ്മ, കാടാമ്പുഴ ഭഗവതി, തിരുപ്പതി വെങ്കടാചലാപതി തുടങ്ങിയ നമ്മുടെ പ്രിയപ്പെട്ടവരെല്ലാം ഇവരുടെ പാട്ടുകൾ കേട്ടാണ് കഴിഞ്ഞുപോകുന്നത്. മലയാറ്റൂർ മുത്തപ്പനും മുസ്തഫ, മുസ്തഫാ... എ പാട്ടുണ്ട്. വേളാങ്കണ്ണിയിലും മക്കയിലുമുണ്ട് പാട്ട്. ആയിരം കാതമകലെയാണെങ്കിലും...

 

ഗായകർക്ക് റോയൽറ്റി കൊടുക്കുമ്പോൾ നമ്മുടെ വണ്ടിനുകൂടി ഒരു തുണ്ട്. അതാണ് ഈയുള്ളവന്റെ ആഗ്രഹം.

Tags: