വര്‍ത്തമാനം ജീവിക്കുക

ഫാ.ബോബി ജോസ്
Wed, 18-11-2020 09:26:02 PM ;

Elizen book release

 

മുന്നോട്ട് പോകാനായി നമ്മള്‍ നമുക്ക് വേണ്ടി എന്തെങ്കിലും കാരണം കണ്ടെത്തിയെ പറ്റൂ. ഈ പുസ്തകത്തില്‍ എലി ഒരു പരാമര്‍ശമായി വരുന്നുണ്ട്. വിദേശങ്ങളിലൊക്കെ ഉപയോഗിക്കുന്ന ഒരു ശൈലി ഉണ്ട്, റാറ്റ് റേസ്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ മനുഷ്യന്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയയുടെ പേരാണ് റാറ്റ് റേസ്. ഇത് ശാരീരികമായി പെടുന്നനെ അവസാനിച്ച, നിശ്ചലതയുടെ മടിത്തട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഈ കാലത്തിനകത്ത് ഈ പുസ്തകത്തിന്‌ കുറച്ചുകൂടി മുഴക്കമുണ്ടായിരിക്കും. ഏറ്റവും ചെറിയ യാത്രകള്‍ പോലും ഒഴിവാക്കുന്ന, ഏറ്റവും ചെറിയ കൗതുകങ്ങള്‍ പോലും വേണ്ടെന്നുവെക്കുന്ന ഒരു കാലത്തിനകത്താണ് കുറച്ചു മുന്നോട്ട് പോകാനായി അവനവന്‍റെ മുറിയിലിരുന്നു തന്നെ ലോകത്തെ കണ്ടെത്താനായി ശ്രമിക്കേണ്ടത്.

  • എലിസെന്‍
  • കെ.ജി. ജ്യോതിര്‍ഘോഷ്
  • സാപ്പിയന്‍സ് ലിറ്ററേച്ചര്‍, തൃശൂര്‍
  • പേജ്: 244
  • വില: 250

എക്കാര്‍ട്ട് ടോളിയുടെ പ്രശസ്തമായ പുസ്തകം ‘പവര്‍ ഓഫ് നൗ’ എലിസെന്നിന്റെ springboard ആയി നില്‍ക്കുന്നു. പവര്‍ ഓഫ് നൗ എന്നു പറയുന്നത് വളരെ radiant ആയ ഒരു വികാരമാണ്. പ്രകാശിപ്പിക്കുന്ന, മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു വികാരം. പരിഹാരമില്ലാത്ത ചില പ്രതിസന്ധികളില്‍ തിരിഞ്ഞു നോക്കുക എന്ന് പറയുന്നത്, തിരിഞ്ഞുനോക്കി ലോതിന്റെ ഭാര്യയെപ്പോലെ ഉപ്പുതൂണായി പോകുക എന്നത്  എല്ലാ മനുഷ്യരുടെയും ഒരു ദുര്യോഗമാണെന്ന് ഞാന്‍ വിചാരിക്കുന്നു. പരിഹാരമില്ലാത്ത, ശമനമില്ലാത്ത ചില കാര്യങ്ങളെ ഭൂമിയുടെയോ കാലത്തിന്റെയോ ഒക്കെ കരുണയ്ക്ക് കൊടുത്തിട്ട് വര്‍ത്തമാനം ജീവിക്കുക എന്ന് പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു പാഠമുണ്ട്. വാസ്തവത്തില്‍ സെന്‍ രൂപപ്പെടുന്നത് തന്നെ അങ്ങനെ ഒരു പശ്ചാത്തലത്തിലാണ്. സ്വന്തം വര്‍ത്തമാനം ഭംഗി ആയിട്ട് ജീവിക്കാനും നമ്മള്‍ പെട്ടുപോയിരിക്കുന്ന എലിപ്പത്തായങ്ങളില്‍ നിന്നും പുറത്തു കടക്കാനുമൊക്കെ ഈ പുസ്തകം ഒരു വലിയ പ്രേരണയായി മാറുമെന്നുള്ള സന്തോഷം പങ്കുവയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നമുക്ക് വായിച്ചു പോകാവുന്ന ഒരു പുസ്തകമാണ്. പൊതുവെ ദാര്‍ശനിക ഗ്രന്ഥങ്ങളെ കുറിച്ച് പറയുന്ന ഒരു പ്രശ്‌നം അത് കുറച്ച് വിരസമാണെന്നാണ്. നമ്മള്‍ പലപ്പോഴും വിചാരിക്കുന്നത് ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഒരു പ്രത്യേക ജനുസ്സില്‍പ്പെട്ട ആള്‍ക്കാര്‍ക്ക് വേണ്ടിയിട്ടുള്ളതാണെന്നാണ്. അവര്‍ക്ക് വേണ്ടി മാത്രം രൂപപ്പെട്ടിട്ടുള്ള ഭാഷയുണ്ട്, അവര്‍ പൊതുവെ സ്വാഭാവിക ഭാഷയല്ല ഉപയോഗിക്കുന്നത്. ഫിലോസഫി എന്നു പറയുമ്പോള്‍ തന്നെ വിരസത pre-supposed ആണ്.  ആ ഒരു പ്രതിസന്ധി ഈ പുസ്തകം ഭംഗിയായിട്ട് മറികടക്കുന്നുണ്ട്. ഏതൊരാള്‍ക്കും വായിച്ചെടുക്കാന്‍ പാകത്തിന് സരളമായിട്ടാണ് ഈ പുസ്തകം മുന്നോട്ട് പോകുന്നത്. പക്ഷേ ഇത് ഓരോരുത്തരിലും ഉണ്ടാക്കുന്ന ഫലം വ്യത്യാസമാണ്. പത്ത് വയസ്സുള്ള ഒരു കുട്ടി വായിയ്ക്കുന്നത് പോലെയല്ല അന്‍പതുകളില്‍ നില്‍ക്കുന്ന ഞാനിത് വായിക്കുന്നത്. പക്ഷേ എല്ലാവര്‍ക്കും ഈ പുസ്തകത്തില്‍ നിന്ന് എന്തോ സ്വീകരിക്കാനുണ്ട്. എന്തോ അനുരണനങ്ങള്‍ ഏറ്റെടുക്കാനുണ്ട്. ഈ നല്ല പുസ്തകത്തിന് ജ്യോതിര്‍ഘോഷിന് സ്‌നേഹപൂര്‍വ്വം നന്ദി പറയുന്നു.

---

കെ.ജി. ജ്യോതിര്ഘോ‌ഷ് രചിച്ച എലിസെന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ഫാ.ബോബി ജോസ് നടത്തിയ സംഭാഷണത്തില്‍ നിന്ന്. പുസ്തകം വാങ്ങാം.

Tags: