ബേബി അനുകമ്പയർഹിക്കുന്നു

Glint Staff
Friday, April 29, 2016 - 12:24pm

 ma baby's article on ck januin mathrubhumi

 

ബുദ്ധിയെ ബുദ്ധിപരമായി ഉപയോഗിക്കുമ്പോഴാണ് ബുദ്ധിയുടെ പ്രഭാവം പ്രകടമാകുന്നത്. എന്നാൽ ബുദ്ധിയിൽ തന്നെ അടങ്ങിയിട്ടുള്ള ബുദ്ധിയെന്താണെന്ന് കാണാൻ കഴിവില്ലാത്ത കാഴ്ചകൊണ്ട് കാര്യങ്ങളെ കാണുമ്പോൾ കാണുന്നതൊക്കെ മാത്രമാണ് പ്രധാന കാഴ്ചയെന്ന് തോന്നും. അത്തരം കാഴ്ചയുടെ തടവറയ്ക്കുള്ളിൽ കിടന്ന് ട്രപ്പീസ് കളിക്കുന്ന ബൗദ്ധിക സർക്കസുകാരനാണ് സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അതുകൊണ്ടുതന്നെ സംഘർഷങ്ങളാലും സംഘട്ടനങ്ങളാലും വൈരുദ്ധ്യങ്ങളുടെ നെയ്ത്തുകളാലുമുള്ള, കള്ളിവ്യവസ്ഥയില്ലാത്ത, കള്ളി മുറിഞ്ഞ കള്ളിമുണ്ടുപോലെയാണ് അദ്ദേഹത്തിന്റെ ചിന്തകൾ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'സമരപ്രതീകത്തിന്റെ പതനം' എന്ന തലക്കെട്ടില്‍ സി.കെ ജാനുവിന്റെ പ്രശ്നം വ്യക്തിപരമല്ല, സ്വത്വവാദ രാഷ്ട്രീയത്തിന്റേതാണ് എന്ന്‍ വാദിച്ച് ഏപ്രിൽ 27ലെ മാതൃഭൂമിയിൽ വന്ന ലേഖനം. അതെഴുതാൻ അദ്ദേഹത്തെ പ്രകോപിപ്പിച്ചത് ജാനു എൻ.ഡി.എ സ്ഥാനാർഥിയായതും.

 

കഴിഞ്ഞ അറുപതു കൊല്ലമായി കേരളത്തിലുണ്ടായ ഗുണപരവും അല്ലാത്തതുമായ എല്ലാ മാറ്റവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആ പ്രസ്ഥാനത്തെ പിൻപറ്റുന്ന ചിന്താധാരയുമായും ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ പുറത്തു പറയാൻ പറ്റുന്ന മാറ്റങ്ങൾ മാത്രമേ സി.പി.ഐ.എം അവകാശപ്പെടുന്നുള്ളു. ദോഷകരമായ മാറ്റങ്ങളുടെയെല്ലാം ഉത്തരവാദി സി.പി.ഐ.എം എപ്പോഴൊക്കെ ആരെയൊക്കെ ശത്രുപക്ഷത്തു കാണുന്നുവോ അവരാണ്. 1988-ൽ തിരുവനന്തപുരത്തു നടന്ന പാർട്ടി കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം പാർട്ടിയുടെ മുഖ്യശത്രു കോൺഗ്രസ്സ് എന്നായിരുന്നു. ശത്രുവിനെതിരെയുള്ള സി.പി.ഐ.എമ്മിന്റെ യുദ്ധത്തിന്റെ ഫലമാണോ അതോ സ്വയം വിനാശത്തിലേക്കു പോയതാണോ എന്നറിയില്ല, എന്തായാലും ആ ശത്രു ഇപ്പോൾ ബംഗാളിലൂടെ സി.പി.ഐ.എമ്മിന്റെ മിത്രമായിരിക്കുന്നു. അതവിടെ നിൽക്കട്ടെ. ജാനു, ബേബി പറയുന്ന എത്ര പിന്തിരിപ്പയുമായിക്കൊള്ളട്ടെ. അവർ ഒരു പ്രതിനിധിയാണ്. ബേബിയുടെ രാഷ്ട്രീയ പോരാട്ടത്തേക്കാളും രാഷ്ട്രീയ പോരാട്ടം നടത്തിയിട്ടുണ്ട് അവര്‍. സ്വയം അനുഭവിച്ച പീഡനങ്ങളെ ഉയർത്തിക്കാട്ടി അനുകമ്പ നേടി വെള്ളിവെളിച്ചത്തു നിന്നിട്ടുമില്ല. ജാനുവിന് 46 വയസ്സേ ആയിട്ടുള്ളു. ജാനുവും കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖം പ്രകടമാക്കുന്ന കണ്ണാടിയുമാണ്. അതിന് സംശയമില്ല.

 

ബാഹ്യകാഴ്ചകളിലെ ബാഹ്യാർഥത്തിന്റെ തെറ്റിദ്ധാരണകളൈ സൂക്ഷ്മജ്ഞാനദർശനമായി തെറ്റിദ്ധരിച്ച് അദ്ദേഹം ചില വിലയിരുത്തലുകൾ ലേഖനത്തിൽ നടത്തുന്നുണ്ട്. നിൽപ്പുസമരം കഴിഞ്ഞപ്പോൾ ജാനു പന്തലിൽ ചില പൂജകൾ നടത്തിയതിനെ നിദാനമാക്കിയാണത്. ചെങ്കൊടിയുടെ മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടുന്നതും പുഷ്പാർച്ചന നടത്തുന്നതുമൊക്കെ സഗുണാരാധന അഥവാ പൂജ തന്നെയാണെന്ന് അദ്ദേഹത്തിന് അറിയാൻ കഴിയുന്നില്ല. എന്നാൽ പൂജകളിലൂടെ മാത്രം ഹിന്ദുമതത്തെ കാണാൻ കഴിഞ്ഞിട്ടുള്ള പരിമിത ചിന്തയാണ് ബേബിയുടെ മതേതരത്വ കാഴ്ചയുടെ ദയനീയമായ പരിമിതി.

ma baby

 

എന്നാല്‍, ആ പരിമിതി തിരിച്ചറിയാതെ പകരം അതില്‍ ഔദ്ധത്യം കൊള്ളുന്നതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും നടപടികളിലും കാണാം. ഒടുവിലത്തെ ഉദാഹരണമാണ് ക്രിസ്തുമത ധാരയിൽ സാമൂഹികമായി ഉൾപ്പെട്ട ബേബി തന്റെ മകന്റെ കല്യാണത്തിന് രാഹുകാലം നോക്കിയില്ലെന്ന് മാദ്ധ്യമങ്ങളെ അറിയിച്ചതും പൈങ്കിളി രോഗത്താൽ ഉഴറുന്ന മാദ്ധ്യമങ്ങൾ അതിനെ തലവാചകമാക്കി പെരുപ്പിച്ചതും. നിഷേധത്തിന്റെ രാഷ്ട്രീയത്തിൽ എന്തിനെയും നിഷേധിച്ചാൽ ബുദ്ധിജീവിയായി എന്നാണ് ബേബിയുടെ ധാരണ. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം ബേബി പെരുമാറ്റത്തിൽ ജാതി-മത ചിന്ത പുലർത്തുന്ന വ്യക്തിയല്ല. ആ ബോധ്യം അദ്ദേഹത്തിന്റെ അഹന്തയായി പരിണമിച്ചു. ആ അഹന്തയെയാണ് അദ്ദേഹം ജ്ഞാനാധിഷ്ഠിതമായി കാണുന്നത്. അത് അദ്ദേഹം ബോധപൂർവ്വം ചെയ്യുന്നതുമല്ല. അതിൽ നിന്നു പുറത്തു വരുന്നതുവരെ ആ ധാരണയുടെ തടവറയിലായിരിക്കും അദ്ദേഹം. തടവറയിൽ കിടക്കുന്നവർ അനുകമ്പ അർഹിക്കുന്നു. ബേബിയും അതിനാൽ അനുകമ്പ അർഹിക്കുന്നു.

 

ബേബിയുടെ ലേഖനത്തേയോ അദ്ദേഹത്തിന്റെ നിലപാടിനോടോ വിയോജിക്കുന്നവരെയെല്ലാം അദ്ദേഹവും അദ്ദേഹത്തിന്റെ ചിന്ത പിൻപറ്റുന്നവരും നിഷേധിക്കും. ആ നിഷേധം വെറും നിഷേധവുമാകില്ല. ആർ.എസ്.എസ് പാളയത്തിലേക്ക് തള്ളിയിടും. മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് സ്വയം ശരിയാണെന്ന് സ്ഥാപിക്കാനുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുണ്ട്. ആ വ്യക്തികളുടെ അവസ്ഥയിലേക്ക് ഒരു പ്രസ്ഥാനവും അതിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാളുമായ ബേബിയും മാറിയിരിക്കുന്നു. ബേബിയും ജാനുവിനെപ്പോലെ കഴിഞ്ഞ അറുപതു കൊല്ലത്തെ കേരള സാമൂഹികാന്തരീക്ഷത്തിന്റെ പ്രതിനിധിയാണ്. നമ്മളിൽ ഒരാളാണ്. നമ്മുടെ സഹോദരനാണ്. ജാനു നമ്മുടെ സഹോദരിയും.

Tags: