2014 പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണസമ്മേളനം ഫെബ്രുവരി 15-ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ കൺവെൻഷനിൽ പ്രസിഡന്റ് സോണിയാ ഗാന്ധി പ്രഖ്യാപിച്ചു, ഇനി കോൺഗ്രസ്സിൽ ഗ്രൂപ്പുകളില്ല. ഒറ്റ ഗ്രൂപ്പ് മാത്രം, അത് കോൺഗ്രസ്സ്. കോൺഗ്രസ്സ് പ്രവർത്തകർ കേരളത്തിൽ വി.എം സുധീരന്റെ കീഴിൽ അണിനിരന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് സോണിയയുടെ ഉദ്ദേശ്യം. അന്നുമുതൽ എവിടേയും ചർച്ചയാണ്. മുഖ്യമായും ചാനലുകളിൽ. കോൺഗ്രസ്സിൽ ഗ്രൂപ്പ് അവസാനിച്ചോ. വിവിധ ഗ്രൂപ്പുകാരെ ഒരേസമയം ചർച്ചയിൽ ക്ഷണിച്ചുകൊണ്ട് ചില ചാനലുകൾ നടത്തിയ ശ്രമം അത്ര സുഖകരമല്ലാത്ത രംഗങ്ങൾ വരെ ചർച്ചയ്ക്ക് മുൻപ് കാഴ്ചവയ്ക്കുകയുണ്ടായി. അതിനുശേഷം കണ്ണൂർ എം.പിയും കോൺഗ്രസ്സ് നേതാവുമായ കെ. സുധാകരൻ പറഞ്ഞു, കോൺഗ്രസ്സിൽ ഗ്രൂപ്പുകളില്ലാതാകാൻ പോകുന്നില്ല. യഥാർഥത്തിൽ ഗ്രൂപ്പുകളാണ് കോൺഗ്രസ്സിന്റെ ശക്തിയെന്ന്. ഓരോ നേതാവിനേയും ചുറ്റിപ്പറ്റിയുള്ള ആരാധകർ അഥവാ ഫാനുകളാണ് ഗ്രൂപ്പെന്ന വിശദീകരണവും അദ്ദേഹം നൽകുകയുണ്ടായി.
ചർച്ചകൾ അനുസ്യൂതം തുടർന്നു. ഗ്രൂപ്പില്ലാതാകുന്നു എന്ന വസ്തുതയോട് തങ്ങള്‍ക്ക് യോജിക്കാൻ കഴിയില്ല എന്ന വിധമായിരുന്നു ചാനലുകളിലെ ആങ്കർമാർ ചര്‍ച്ചകള്‍ നയിച്ചത്. ചർച്ചകളിൽ മുതിർന്ന നേതാക്കളും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളുമൊക്കെ പങ്കെടുത്തു. ചില ബുദ്ധിജീവികൾ ചരിത്രമുദ്ധരിച്ചുകൊണ്ട് കോൺഗ്രസ്സിലെ ജനിതക പിന്തുടർച്ചയാണ് ഗ്രൂപ്പിസ്സമെന്ന് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചു. ഗാന്ധിജിയുടെ കാലം തുടങ്ങി നെഹ്രു-പട്ടേൽ ഗ്രൂപ്പ് മുതൽ ഏറ്റവും ഒടുവിൽ നിലവിലുള്ള എണ്ണമറ്റ ഗ്രൂപ്പുകളുടെ വിവരം വരെ പരാമർശിക്കുകയുണ്ടായി. ഒരാഴ്ചയോളം ചർച്ചകൾ നടത്തിയിട്ടും ചാനലുകൾക്കോ ചർച്ചയിൽ പങ്കെടുത്തവർക്കോ പ്രേക്ഷകർക്ക് എന്തെങ്കിലുമൊരു പുതിയ സംഗതി നൽകാനായില്ല.
ഒരു പ്രസ്ഥാനത്തിൽ വിവിധ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാവുന്നത് അഭികാമ്യമാണ്. അത് ഉണ്ടാവേണ്ടതാണ്. അങ്ങനെയെങ്കിൽ മാത്രമേ ആ സംഘടന ജൈവ സ്വഭാവമുള്ളതായി മാറുകയുള്ളു. വൈവിധ്യങ്ങളായ ആശയഗതികൾ സങ്കലനം ചെയ്യുമ്പോഴാണ് നൂതനമായ പുതിയ ആശയങ്ങൾ ഉരുത്തിരിഞ്ഞു വരിക. കോൺഗ്രസ്സിനകത്തെ ഇപ്പോഴത്തെ ഗ്രൂപ്പുകൾ ഒരു ചെറിയ തുരുത്താണ്. ഒരു നേതാവും, കെ.സുധാകരൻ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ ഫാനുകളും. യഥാർഥത്തിൽ അദ്ദേഹം നടത്തിയത് വളരെ അർഥവത്തായ സത്യപ്രസ്താവനയാണ്. ഫാനുകൾക്ക് നേതാവിനോട് ആരാധന മാത്രമേ ഉള്ളു. നേതാവിന്റെ ആശയവും അഭിപ്രായവും നിലപാടുമൊക്കെ പാർട്ടിക്കോ സമൂഹത്തിനോ ഗുണം ചെയ്യുമോ എന്നൊന്നും ഫാനുകൾ നോക്കില്ല. അവർക്കത് നോക്കേണ്ട ആവശ്യവുമില്ല. പാർട്ടിക്കുള്ളിൽ നേതാവിന് വിലപേശി സ്ഥാനങ്ങൾ ഒപ്പിക്കാനുള്ള മാർഗ്ഗം മാത്രമാണ് ഈ ഗ്രൂപ്പു സംവിധാനം. നേതാവിന് സ്ഥാനമാന ഗുണം ലഭിച്ചാൽ ആനുപാതികമായി പ്രത്യക്ഷ-പരോക്ഷ ഗുണങ്ങൾ ഫാനുകൾക്കും ലഭിക്കും. ഇതാണ് ഇന്നത്തെ കോൺഗ്രസ്സിലെ ഗ്രൂപ്പുകളുടെ രസതന്ത്രം. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന രീതി വിജയസാധ്യത പോലും നോക്കാതെ ഗ്രൂപ്പടിസ്ഥാനത്തിൽ വിലപേശി സ്ഥാനാർഥിത്വം ലഭ്യമാക്കുക എന്നുള്ളതായിരുന്നു.
ഗ്രൂപ്പ് സമവാക്യങ്ങളുടെ രസതന്ത്രത്തിലായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജി.കാർത്തികേയൻ നിർദേശിക്കപ്പെട്ടത്. ആ നിർദ്ദേശത്തിന്റെ പിന്നിൽ മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും അറിവും താൽപ്പര്യവുമുണ്ടായിരുന്നു. എന്നാൽ അതുപേക്ഷിച്ചിട്ടാണ് ഹൈക്കമാൻഡ് ഏകപക്ഷീയമായി സുധീരനെ അദ്ധ്യക്ഷനാക്കിയത്. ആ രീതി തുടർന്നാൽ തങ്ങളുടെ ഗ്രൂപ്പുകാർക്ക് തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമാകുമെന്നും അങ്ങനെ വന്നാൽ ഫാനുകൾ ഇല്ലാതാകുമെന്നുള്ള അറിവിൽ നിന്നുമാണ് മുഖ്യമന്ത്രിയുൾപ്പടെയുള്ള ചില കേന്ദ്രങ്ങളിൽ നിന്ന് സുധീരൻ നിയമനത്തെ പ്രവൃത്തിയിലൂടെ പരസ്യമായി തള്ളിപ്പറഞ്ഞത്.
നേതാക്കളും ബുദ്ധിജീവികളും ഗ്രൂപ്പുകളെ ന്യായീകരിക്കുകയും വ്യാഖ്യാനിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഈ ഗ്രൂപ്പുരസതന്ത്രത്തിലേക്ക് നോക്കുന്നത് നന്നായിരിക്കും. എല്ലാ പാർട്ടികളിലും ഗ്രൂപ്പുകളുണ്ട്. എല്ലാ പാർട്ടിയിലേയും ഗ്രൂപ്പുകളുടെ പിന്നിലുള്ള രസതന്ത്രം ഒന്നു തന്നെ. മനുഷ്യൻ സാംസ്കാരികമായി പിന്നോട്ടു നടക്കുന്നു എന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് ഈ ഗ്രൂപ്പുകൾ. നേതാവിന് ശക്തിയാർജിക്കാൻ വേണ്ടിയാണ് ഗ്രൂപ്പ് തല്ലിക്കൂട്ടുന്നത്. നേതാവ് ശക്തിമാനായിരിക്കണം. ആ ശക്തിയാണ് അവൻ അല്ലെങ്കിൽ അവൾ സംഘടനയിലേക്ക് പകര്‍ന്നു നൽകേണ്ടത്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വിലപേശൽ ശക്തിയുണ്ടാക്കാൻ അണികളെ ആശ്രയിക്കുന്നവർ ദുർബലരാണ്. ദൗർബല്യമാണ് എല്ലാവിധ അനാശാസ്യ പ്രവണതകൾക്കും വഴിവെയ്ക്കുന്നത്. അത് മനുഷ്യനെ പ്രാകൃതനാക്കി മാറ്റുകയും ചെയ്യുന്നു. മനുഷ്യന്റെ ജനിതക സ്മൃതിയിൽ ഉറങ്ങിക്കിടക്കുന്ന ഗോത്ര സ്വഭാവമാണ് ഈ ഗ്രൂപ്പ് രൂപീകരണത്തിന്റെ പിന്നിലെ പ്രേരക ഘടകം. ഗോത്ര സംവിധാനത്തിൽ ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു. ഗോത്ര രക്ഷ. അവിടെ തെറ്റും ശരിയും ഉചിതവും അനുചിതവുമൊന്നുമില്ല. വിവേചനബുദ്ധിക്ക് ഒട്ടും പ്രസക്തിയില്ല. മനുഷ്യനു മാത്രമാണ് വിവേചന ശേഷി. ആ ശേഷി എത്രകണ്ട് മനുഷ്യൻ ഉപയോഗിച്ച് മുന്നേറുന്നുവോ അതനുസരിച്ചാണ് അവന്റെ സാംസ്കാരികമായ ഉന്നതി വെളിവാകുന്നത്. മനുഷ്യന് ഏറ്റവും പ്രിയമുള്ള വളർത്തുമൃഗമാണ് നായ. എന്നാൽ ആ നായയുടെ പേര് ആരെയെങ്കിലും വിളിച്ചാൽ പുകിലായി. കാരണം നായയുടെ സ്വഭാവം കൊണ്ടാണത്. കാരണം നായയ്ക്ക് വിവേചന ശേഷിയില്ല. യജമാന ഭക്തി മാത്രമേ ഉള്ളു. ഗേറ്റിനുള്ളിലേക്ക് കടന്നുവരുന്നത് സന്യാസിയോ ഋഷിവര്യനോ എന്നൊന്നും നായ നോക്കാറില്ല. തന്റെ യജമാനനല്ലെങ്കിൽ ആക്രമിക്കാൻ ഓടിയടുക്കും. ഗോത്ര സംസ്കാരത്തിലും ഇതേ സ്വഭാവമാണ് പ്രകടമാകുന്നത്. തീരുമാനങ്ങൾ യുക്തമോ എന്നു നോക്കാറില്ല. ന്യായവും നീതിയും പരിഗണനീയമല്ല. തങ്ങളുടെ സംഘത്തിന് രുചികരമല്ലാത്തതെല്ലാം മോശമാണ്. ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും സ്ഥാപനങ്ങളിലുമെല്ലാം ഇത്തരം ഗ്രൂപ്പുകളെ കാണാം. അവിടെയെല്ലാം സംഭവിക്കുന്നത് ഗോത്ര സംസ്കാരത്തിന്റെ പുനരാവിഷ്കാരമാണ്. അതിന് അനുയോജ്യമായ വിധത്തിലുള്ള ന്യായീകരണങ്ങളും നിരത്തപ്പെടും. അതു ചിലപ്പോൾ യുക്തിക്ക് അങ്ങേയറ്റം നിരക്കുന്നതാണെന്നു തോന്നും. ഇത്തരം സംഘ അഥവാ ഗ്രൂപ്പു തീരുമാനങ്ങളുടെ വിജയത്തിൽ തകരുന്നത് നീതിപൂർവവും ന്യായയുക്തമായ തീരുമാനങ്ങളുമാണ്. ഇത്തരത്തിൽ തീരുമാനങ്ങൾക്ക് വശംവദനാകാതിരിക്കാനാണ് മന്ത്രിമാരെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്.
ദൗർബല്യത്തിൽ നിന്നാണ് ഗ്രൂപ്പുകൾ രൂപം കൊള്ളുന്നത്. തങ്ങൾ ആക്രമിക്കപ്പെട്ട് നിലനിൽപ്പില്ലാതാകുമെന്നുള്ള പേടിയാണ് അതിന്റെ പിന്നിൽ. പേടിയിൽ നിന്നുണ്ടാവുന്നതാണ് ഗ്രൂപ്പുതീരുമാനങ്ങൾ. അതുകൊണ്ടാണ് പേടി കൂടാതെ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലുൾപ്പെടുത്തിയിരിക്കുന്നത്. പേടി അജ്ഞത കൊണ്ടുണ്ടാകുന്നതാണ്. അജ്ഞതയിൽ നിന്ന് മോചിതമാകുക എന്നതാണ് ഓരോ മനുഷ്യന്റെയും വളർച്ചയുടെ ലക്ഷണവും ഉത്തരവാദിത്വവും. ആ അജ്ഞതയിൽ നിന്നു മോചിതമാകുമ്പോഴാണ് പൊതുവായി ഏവരുടേയും നന്മയ്ക്ക് ഉതകുന്ന രീതിയിലുള്ള തീരുമാനമെടുക്കുകയും അതിനോട് ചേർന്നു നിൽക്കുകയും ചെയ്യുക. ഗ്രൂപ്പിനതീതമായി എല്ലാവരേയും കാണാൻ കഴിയുമ്പോൾ ഉണ്ടാവുന്ന സാംസ്കാരിക തെളിച്ചത്തിലേ ആ കാഴ്ച ലഭ്യമാകുകയുള്ളു. അപ്പോഴാണ് ഒരു വ്യക്തിക്ക് മറ്റുള്ളവരുമായി ചേർച്ചബോധം ഉണ്ടാവുക. അപ്പോൾ അവരുമായി ഒന്നിക്കുന്നു. അതിനെയാണ് സംഘം കൊണ്ടുദ്ദേശിക്കുന്നത്. അങ്ങനെ ഒരു സമൂഹം സംഘടിക്കുമ്പോൾ ആ സമൂഹം ശക്തമാകുന്നു. സമൂഹത്തിന് മൊത്തത്തിൽ പ്രയോജനകരമായ തീരുമാനം ഉണ്ടാവുകയും അതിന്റെ പൂർത്തീകരണത്തിലേക്ക് ആ സമൂഹം മുഴുവൻ ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. അതാണ് സംഘടിച്ചു ശക്തരാകുവിൻ എന്ന് ശ്രീ നാരായണ ഗുരു ആഹ്വാനം ചെയ്തത്. ഓരോ വ്യക്തിയുടേയും ശക്തി തിരിച്ചറിഞ്ഞ് ആ ശക്തി സാമൂഹികമായി ബന്ധിപ്പിക്കുമ്പോഴുണ്ടാവുന്ന ശക്തി. അതാണ് ബുദ്ധനും സംഘം കൊണ്ടുദ്ദേശിക്കുന്നത്. അല്ലാതെ ദൗർബല്യത്തിന്റെ കൂട്ടായ്മയിൽ ദൗർബല്യം വർധിക്കുകയേ ഉള്ളു. ആ ദൗർബല്യങ്ങളുടെ ഗ്രൂപ്പുകളെയാണ് ഇന്ന് എല്ലാ സംഘടനകളിലും കാണുന്നത്. വൈവിധ്യ ആശയങ്ങളുടെയല്ല, മറിച്ച് വൈവിധ്യ സ്ഥാപിത താൽപ്പര്യങ്ങളുടെ ഗ്രൂപ്പുകൾ. അത് എപ്പോഴും സമൂഹത്തിന് വിരുദ്ധവുമായിരിക്കും.