യേശുദാസിന്റെ സാന്നിദ്ധ്യമില്ലാത്ത വീട് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടു തന്നെ യേശുദാസിന് കേരളത്തിലെ ഒരു വീടും അന്യമല്ല. ഒരു വീട്ടിലും അതിഥിയുമല്ല. 1993 ഏപ്രിൽ 10. തൃശ്ശൂർ കൗസ്തുഭം ആഡിറ്റോറിയത്തിൽ ഒരു കല്യാണത്തിന് ദാസേട്ടന് പങ്കെടുക്കണം. സംവിധായകർ അനിൽ ബാബുവിലെ ബാബുവും ജ്യോതിയും തമ്മിലുള്ള കല്യാണം. കൊച്ചിയിൽ ഞാനും ഡ്രൈവർ സുരേഷും കാത്തു നിന്നു. എയർപോർട്ടിലിറങ്ങിയ ശേഷം ഏതെങ്കിലും ഹോട്ടലിൽ കയറി വേഷമൊക്കെ മാറിപ്പോകാനുള്ള സമയമില്ല. ദാസ്സേട്ടൻ ഇട്ടിരുന്ന വസ്ത്രം വല്ലാതെ മുഷിഞ്ഞില്ലെങ്കിലും ഉടഞ്ഞിട്ടുണ്ട്. കല്യാണത്തിന് പോകാൻ പറ്റുന്ന വിധമല്ല. എങ്കിൽ പെട്ടെന്ന് ഏതെങ്കിലും ഹോട്ടലിൽ കയറി വേഷം മാറിപ്പോകാമെന്ന് ഞാൻ നിർദ്ദേശിച്ചു. വേണ്ട മോനെ, നേരേ തൃശ്ശൂർക്ക് പോട്ടെന്ന് ദാസേട്ടൻ. സുരേഷ് അത്യാവശ്യം വേഗത്തിൽ വണ്ടി വിട്ടു. ദാസ്സേട്ടൻ പതിവുപോലെ കുശലങ്ങളിലും തമാശകളിലും മുഴുകി. ഡ്രൈവർ സുരേഷിന്റെ വീട് തൃശ്ശൂരാണ്. തൃശ്ശൂരടുക്കാറായപ്പോൾ 'സുരേഷേ വേഷമൊന്നു മാറണമല്ലോ' എന്നായി. 'അയ്യോ ദാസ്സേട്ടാ, എന്റെ വീടിന്റെ ഭാഗം കഴിഞ്ഞല്ലോ' എന്ന് സുരേഷ്. 'അതു സാരമില്ല, ഗേറ്റ് തുറന്നു കിടക്കുന്ന ഏതെങ്കിലും വീട്ടിലേക്ക് വണ്ടി കേറ്റിക്കോ' എന്ന് ദാസ്സേട്ടൻ രാജുവിന് നിർദ്ദേശം കൊടുത്തു. അധികം കഴിയും മുൻപ് സുരേഷ് ഗേറ്റ് തുറന്നു കിടന്ന ഒരു വീട്ടിലേക്ക് കാർ കയറ്റി.
കാറിന്റെ വരവ് കണ്ട് വീട്ടിനകത്തു നിന്ന് തട്ടമൊക്കെ നേരേയാക്കി വീട്ടമ്മ ഇറങ്ങി വന്നു. അവരുടെ വരവ് കണ്ടപ്പോഴേ മനസ്സിലായി അവിടെ ഇതുപോലെ കാറ് വരുന്നതു പതിവുള്ള വീടാണെന്ന്. കാറ് നിർത്തിയ ഉടനെ ആരും കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. എങ്ങനെയാണ് രംഗപ്രവേശം ചെയ്യേണ്ടതെന്ന ഭാവ ചോദ്യത്തോടെ ഞാൻ ദാസ്സേട്ടനെ നോക്കി. ദാമു ഇറങ്ങിച്ചെന്ന് അവരോടൊന്ന് പറയെന്ന് ദാസ്സേട്ടൻ പറഞ്ഞു. ഞാൻ കാറിൽ നിന്നിറങ്ങി വീടിന്റെ ഉമ്മറത്തെ ലക്ഷ്യമാക്കി നടന്നു. ആ നടത്തത്തിനിടയിൽ എന്റെ മുൻപിൽ ഉമ്മറവും അവിടെ നിന്ന വീട്ടമ്മയുമുണ്ടായില്ല. എങ്ങിനെയാണ് അവരോട് കാര്യം പറയുക എന്ന ചിന്തയിലായിരുന്നു ഞാൻ. ഏതാണ്ട് അടുത്തെത്തിയപ്പോൾ തന്നെ ഞാൻ സന്തോഷത്തോടെ ചിരിച്ചു. വീട്ടമ്മ മുഖത്ത് യാന്ത്രികമായി ചെറു ചിരി വരുത്തിക്കൊണ്ട് ആരാണ് വരുന്നതെന്ന് മനസ്സിലാകാത്ത വണ്ണം അവർ എന്നെ നോക്കി നിന്നു. ഇപ്പോഴും ഓർക്കുന്നു, അവരുടെയടുത്തു ചെന്നിട്ടും തുടക്കം കിട്ടാതെ ഒരു പ്രത്യേക ചിരിയിലായിരുന്നു ഞാൻ. 'ആ കാറിനുള്ളിൽ യേശുദാസിരുപ്പുണ്ട്. അദ്ദേഹത്തിന് വേഷമൊന്നു മാറണം. ഒരു കല്യാണത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ്' എന്നു ഞാൻ അവരോട് പറഞ്ഞു. അതു കേട്ട മാത്രയിൽ അവരുടെ മുഖത്തെ സംശയത്തോടും ദുരൂഹതയോടുമുള്ള നോട്ടം കനത്തു. വീണ്ടും തട്ടമൊതുക്കിക്കൊണ്ടവർ ഗാഢമായി നോക്കി. ഏതെങ്കിലും തട്ടിപ്പാണോ ഇതെന്ന് ആ വീട്ടമ്മ ആദ്യം സംശയിച്ചിട്ടുണ്ടാകണം.
ദാസ്സേട്ടൻ കാറിലിരുന്ന് ഞാൻ വീട്ടമ്മയുമായി സംസാരിക്കുന്ന രംഗങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ തുടക്കത്തിൽ തന്നെ കാര്യം അവതരിപ്പിച്ചുവെന്ന് ദാസേട്ടന് ഊഹിക്കാവുന്നതല്ലെ ഉള്ളു. ആ വിവരമറിഞ്ഞിട്ടും ആ വീട്ടമ്മയുടെ മുഖത്ത് ഭാവവ്യത്യാസം ഉണ്ടാകാതിരുന്നത് ദാസ്സേട്ടൻ ശ്രദ്ധിച്ചു. അതുകൊണ്ട് ദാസ്സേട്ടൻ മെല്ല കാറില്‍ നിന്ന് പുറത്തിറങ്ങി. ദാസ്സേട്ടൻ പുറത്തിറങ്ങിയത് ഞാൻ തിരിഞ്ഞു നോക്കിയല്ല കണ്ടത്. ആ വീട്ടമ്മയുടെ മുഖഭാവത്തിലെ ആശ്ചര്യാത്ഭുതത്തിലൂടെയാണ് കണ്ടത്. പിന്നീട് അവർക്ക് എന്തു ചെയ്യണമെന്നറിയാത്ത ഒരവസ്ഥയായിരുന്നു. അവർ അതേ അവസ്ഥയിൽ അങ്ങനെ നിന്നു പോയി. അപ്പോഴേക്കും ദാസ്സേട്ടൻ അവരുടെയടുത്തെത്തി. അവർ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ആശ്ചര്യം മുന്നിൽ കണ്ട അവസ്ഥയുടെ ഞെട്ടലിൽ നിന്നു പുറത്തു വരുന്നതിനു മുൻപ് ദാസ്സേട്ടൻ തന്നെ സ്നേഹപൂർവ്വമായ ആ ചിരിയുമായി അടുത്തെത്തി.
ഞൊടിയിടയിൽ വീട്ടിനുള്ളിലേക്ക് പോയ അവർ ദാസ്സേട്ടന് സൗകര്യപൂർവ്വം വേഷം മാറാനുള്ള അവസരമൊരുക്കി. എന്നിട്ട് സ്വീകരണമുറിയിലേക്ക് ദാസ്സേട്ടനെ നയിച്ചു. ദാസ്സേട്ടൻ മുഖമൊക്കെ കഴുകി പുതിയ വസ്ത്രം ധരിച്ച് ഇറങ്ങി വരുമ്പോഴേക്ക് ദാസ്സേട്ടന് കഴിക്കാൻ വിവിധ തരത്തിലുള്ള പലഹാരങ്ങൾ ആ വീട്ടമ്മ നിരത്തി. അപ്പോഴേക്കും അവിടെ ചെറിയ ആൾക്കൂട്ടവുമായി. ദാസ്സേട്ടൻ പേരിന് അൽപ്പം രുചിച്ചിട്ട് കല്യാണത്തിന് മുഹൂർത്തത്തിന് എത്തേണ്ടതിന്റെ ആവശ്യകത പറഞ്ഞ് ഇറങ്ങാൻ തുടങ്ങി. ആൾക്കൂട്ടവും ഞെട്ടലിൽ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ആരും ആട്ടോഗ്രാഫോ ചോദ്യങ്ങളുമായോ ഒന്നും മുന്നോട്ടു വന്നില്ല. അവിചാരിത വിസ്മയഭാവത്തിൽ എല്ലാവരും നോക്കി നിന്നു. അങ്ങനെ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അതാ വീട്ടിനുള്ളിലേക്ക് ഒരു പോലീസ് ജീപ്പ് കയറി വരുന്നു. ജീപ്പിൽ നിന്നിറങ്ങിയ പോലീസ് ഓഫീസർ നേരേ വീട്ടിനുള്ളിലേക്ക് വന്നു കയറി. അപ്പോഴതാ ദാസ്സേട്ടൻ. പോലീസോഫീസറും ഒന്നു ഞെട്ടി, തന്റെ വീട്ടിലെ അതിഥിയെ കണ്ട്. തന്റെ അത്യപൂർവ്വ അതിഥിയെ എങ്ങനെ സ്വീകരിക്കണമെന്ന തത്രപ്പാടിലായി പിന്നെ പാവം പോലീസ് ഓഫിസർ.
പോലീസ് ഓഫീസർക്ക് അധിക നേരം ദാസ്സേട്ടനുമായി സംസാരിക്കാൻ അവസരം കിട്ടിയില്ല.അദ്ദേഹത്തിന്റെ സൽക്കാരം മറ്റൊരു വിധത്തിലായിരുന്നു. 'അങ്ങ് പത്മശ്രീയാണ്. ഇനി അങ്ങ് എന്റെ എസ്‌കോർട്ടിലായിരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ജീപ്പിൽ ചാടിക്കയറി'. അവിടുന്ന് പോലീസ് എസ്‌കോർട്ടിൽ ശ്ശടേന്ന് കൗസ്തുഭത്തിലെത്തി. നേരേ പോയി വധൂവരന്മാരെ ആശീർവദിച്ചു. അപ്പോഴേക്കും സ്വാഭാവികമായി ദാസ്സേട്ടൻ പൊതിയപ്പെട്ടു. അവിടെ നടി ഉർവ്വശ്ശിയുമുണ്ടായിരുന്നു. അപ്പോൾ ഉർവ്വശ്ശിക്കൊരാഗ്രഹം ദാസ്സേട്ടന്റെ കൂടെനിന്ന് ഒരു പടമെടുക്കണമെന്ന്. ഞാൻ അക്കാര്യം ദാസ്സേട്ടനോട് പറഞ്ഞു. അതു കേട്ട മാത്രയിൽ 'വാ മോളേ' എന്നു വിളിച്ചുകൊണ്ട് ഉർവ്വശ്ശിക്കൊപ്പം നിന്ന് പടമെടുപ്പ്. കല്യാണ വേദിയിൽ നിന്ന് ഞങ്ങൾ നേരേ എറണാകുളത്തേക്ക് പോന്നു. പോലീസ് ഓഫീസർ വീണ്ടും അകമ്പടിയായി ഞങ്ങൾക്കു മുന്നിൽ. ദാസ്സേട്ടൻ ആവുന്നതു പറഞ്ഞുനോക്കി. പക്ഷേ പോലീസ് ഓഫീസർ സമ്മതിക്കേണ്ടേ. അദ്ദേഹത്തിനു അത്രമാത്രമേ ചെയ്യാൻ പറ്റുന്നുള്ളു എന്ന പോലെ തോന്നുകയും ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടറായ അദ്ദേഹത്തിന്റെ പരിധി ചാലക്കുടി വരെയാണ്. അതിനാൽ അദ്ദേഹം ചാലക്കുടി പോലീസ് സ്റ്റേഷനിൽ വിളിച്ച് അവിടുന്നങ്ങോട്ട് എറണാകുളം വരെയും എസ്‌കോർട്ടൊരുക്കി. മന്ത്രിമാരു പോകുന്നതുപോലൊരു പോക്ക്, ഒരുപക്ഷേ ദാസ്സേട്ടന് അതാദ്യത്തേതായിരുന്നു. ആ എസ്‌കോർട്ടിൽ ദാസ്സേട്ടന് കുറച്ച് നാണം തോന്നിയില്ലേ എന്നും ഇന്നോർക്കുമ്പോൾ തോന്നുന്നു.
അന്നു ദാസ്സേട്ടന്റെ മുഖത്ത് ഒരു പ്രത്യേക ഭാവമായിരുന്നു പ്രകടമായിരുന്നത്. ആ വീട്ടുകാർ നൽകിയ സ്നേഹത്തിന്റെ പ്രതിഫലനം. അവരുടെ വീട്ടിനുള്ളിലേക്ക് വേഷം മാറാൻ പോയപ്പോൾ വളരെ പരിചിതമായ ബന്ധുവീട്ടിനുള്ളിലേക്ക് കയറുന്നതുപോലെയായിരുന്നു. ആൾക്കൂട്ടത്തിന്റേതിൽ നിന്ന് വ്യത്യസ്തമായ സ്നേഹാനുഭവമായിരുന്നു അത്. നാഷണൽ ഹൈവേയിൽ നിന്ന് ആ വീട്ടിലേക്ക് കയറിയപ്പോഴുണ്ടായിരുന്ന ഭാവമായിരുന്നില്ല പിന്നീട് ദാസ്സേട്ടന്റേത്. സ്നേഹത്തിന്റെ ഊഷ്മളത ദാസ്സേട്ടനെ ദീപ്തമാക്കി. ഞങ്ങളാരും തുടർന്നുള്ള യാത്രയിൽ ആ വീട്ടിൽ കയറിയതിന്റെ തമാശ്ശയോ അവരുടെ അതിശയത്തിനെക്കുറിച്ചോ ഒന്നും സംസാരിച്ചില്ല. ഒരു പക്ഷേ ദാസ്സേട്ടൻ വേഷം മാറിയത് അപ്പോൾ തന്നെ മറന്നിട്ടുണ്ടാവും. എന്നാൽ ഒരിക്കലും ആ മൂഹൂർത്തം മറക്കാൻ ഇടയില്ല. കേരളത്തിലെ ഏതു വീടും സ്വന്തം വീടുതന്നെയാണെന്ന തോന്നലാകാം ദാസ്സേട്ടനിൽ ആ ദീപ്തഭാവം തെളിയാൻ കാരണമെന്നു തോന്നുന്നു.