സി.പി.ഐ.എമ്മിന്റെ യുവനേതാക്കൾ നിസ്സംശയമാണ് ചാനൽ ചർച്ചകളിൽ പ്രഖ്യാപിക്കുന്നത്, തങ്ങളാണ്, തങ്ങൾ മാത്രമാണ് ശരിയെന്ന്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്സിലെ പ്രതി കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ഒളിവിലായിരുന്ന സക്കീർ ഹുസൈൻ നേരേ വന്നതു കളമശ്ശേരി പാർട്ടി ഓഫീസിലേക്ക്. ഏഴ് ദിവസത്തിനകം ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സക്കീർ ഹുസൈൻ ഒളിവിൽ നിന്ന് പുറത്തുവന്നത്. സക്കീർ ഹുസൈൻ പാർട്ടി ഓഫീസിലെത്തിയതറിഞ്ഞ് പോലീസും പിന്നാലെ എത്തി. എന്നാൽ പോലീസിന് പുറത്ത് തടിച്ചുകൂടിയ ജനത്തിനോടൊപ്പം വെറും കാഴ്ച്ചക്കാരായി നില്‍ക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
സക്കീർ ഹുസൈൻ പാർട്ടി ഓഫീസിനുള്ളിൽ ഭദ്രമായിരിക്കുമ്പോൾ അല്പം കഴിഞ്ഞു പാർട്ടി തീരുമാനമറിയിക്കുന്ന വക്താവിനെപ്പോലെ ഏരിയ സെക്രട്ടറിയുടെ ചാർജ്ജുള്ള ടി.പി.മോഹനൻ മാധ്യമങ്ങളെ കാണാനെത്തി. പാർട്ടി തീരുമാനം അറിയിക്കുന്നതു പോലെ മോഹനൻ മാധ്യമങ്ങളോടു പറഞ്ഞു, സക്കീർ ഹുസൈൻ വരും ദിവസങ്ങളിൽ പോലീസിനു മുന്നിൽ കീഴടങ്ങുമെന്ന്. അതോടെ ജനക്കൂട്ടവും അവർക്കൊപ്പമുണ്ടായിരുന്ന പോലീസുകാരും പിരിഞ്ഞു പോയി.
ഈ സംഭവത്തെ കുറിച്ച് പിറ്റേദിവസമായ ചൊവ്വാഴ്ച സി.പി.ഐ.എം സംസ്ഥാനെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ പ്രതികരണം വളരെ ശ്രദ്ധേയമാണ്. ''ആരോപണവിധേയരായവർ നിയമത്തിനു വഴങ്ങേണ്ടതാണ്. ആരോപണ വിധേയനായെന്നതുകൊണ്ട് കുറ്റക്കാരനാകുന്നില്ല. ഒളിവിൽ കഴിഞ്ഞ സക്കീർ ഹുസൈൻ പാർട്ടി ഓഫീസിൽ എത്തിയതിനെ കുറിച്ച് അന്വേഷിക്കും". മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു കോടിയേരി.
ഒരു പ്രസ്താവനയിലൂടെ ഒരുപിടി 'ശരി'കളാണ് കോടിയേരി വെളിപ്പെടുത്തിയിരിക്കുന്നത്.
1) സക്കീർ ഹുസൈൻ കുറ്റക്കാരനല്ലാത്തതിനാൽ ഒളിവിൽ നിന്ന് പാർട്ടി ഓഫീസിലേക്ക് എത്തിയത് ശരിയാണ്.
2) പാർട്ടി ഓഫീസിലെത്തിയ സക്കീർ ഹുസൈൻ സഖാക്കളുമായി കൂടിയാലോചന നടത്തിയതിൽ അസ്വാഭാവികതയില്ല. തികച്ചും പാർട്ടി തുടർന്നു വരുന്ന ജനാധിപത്യ രീതിക്കു ചേർന്ന വിധമാണ്.
3) പാർട്ടി ഓഫീസിനുള്ളിൽ വച്ച് ആലോചിച്ചു തീരുമാനിച്ച കാര്യം ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള മോഹനൻ മാധ്യമങ്ങളെ അറിയിച്ചതും ശരി തന്നെയാണ്.
4) ആരോപണ വിധേയൻ മാത്രമായ സക്കീർ ഹുസൈൻ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ അയാളെ അറസ്റ്റു ചെയ്യാതെ പോലീസ് മടങ്ങിയ നടപടിയും ശരിയാണ്.
ഈ ശരികളുടെ പശ്ചാത്തലത്തിൽ സാധാരണ പൗരന്റെ ഉള്ളിൽ നിന്നുയരുന്ന ചില ചോദ്യങ്ങളുണ്ട്.
1) സക്കീർ ഹുസൈൻ ഒളിവിൽ പോയത് പാർട്ടിയേയും സർക്കാരിനേയും ഒളിക്കാതെയല്ലേ?
2) ബോധപൂർവ്വം മാധ്യമങ്ങളുടെ അറിവോടെ പാർട്ടി ഓഫീസിൽ എത്തിയത് പാർട്ടിയുടേയും ആഭ്യന്തര വകുപ്പിന്റെയും മുൻകൂർ അറിവോടും തീരുമാനപ്രകാരവുമല്ലേ?
3 ) ഗുരുതര സ്വഭാവമുള്ള കേസ്സിലെ പ്രതിയായിട്ടും കൺമുന്നിൽ ഉണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
4) പാർട്ടി അറിവോടെയല്ല സക്കീർ ഹുസൈൻ പാർട്ടി ഓഫീസിലെത്തിയതെങ്കിൽ അങ്ങനെ മാധ്യമ സാന്നിദ്ധ്യത്തിൽ എത്താനുള്ള ധൈര്യം സക്കീർ ഹുസൈന് എവിടെ നിന്നു ലഭിച്ചു?
5) ഒരു ഗുണ്ടാക്കേസിലെ പ്രതി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിനുള്ളിൽ ഇരിക്കുമ്പോൾ വെളിയിൽ അയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഏല്പിക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസിനെ അനുവദിക്കുകയോ അല്ലേ ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്?
6) അതോ, കളമശ്ശേരി പാർട്ടി ഓഫീസിലെത്തിയ സക്കീർ ഹുസൈന് സുരക്ഷിതത്വം ഉറപ്പാക്കാനാണോ അവിടെ പോലീസെത്തിയത്?
7) ഈ പശ്ചാത്തലത്തിൽ പോലീസിൽ കീഴടങ്ങുന്ന വെറും ''ആരോപണ വിധേയനായ" സക്കീർ ഹുസൈൻ പോലീസ് കസ്റ്റഡിയിലെ വിവിഐപി ആകില്ലേ?
8) വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസ്, ബൂർഷ്വാ സമീപനത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് മാറില്ലേ?
ഇത്തരം ശരികളെക്കുറിച്ചും ചോദ്യങ്ങൾക്കുത്തരം നൽകുവാനും ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ശരിവക്താക്കളും തങ്ങൾ മാത്രമാണ് ശരിയെന്നും സമർഥിക്കാൻ ശ്രമിക്കുന്ന സി.പി.ഐ.എമ്മിലെ യുവ എം.എൽ.എമാർക്കും നേതാക്കൾക്കും ഉത്തരവാദിത്വമുണ്ട്.