![]() |
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനും കഞ്ഞികുടി ഇല്ലാതാക്കാനും ജനസേവകര്‍ വണ്‍,ടു,ത്രീ ശൈലിയില്‍ ഇറങ്ങിത്തിരിക്കുന്നത് കാണുമ്പോള്‍ ആരും ഞെട്ടിപ്പോകും. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനായി കാടും ഒരു നാടും അതിലെ ജലസ്രോതസ്സുകളും ബലിയര്‍പ്പിക്കാന്‍ കൃത്യവും വിശ്വസനീയവും ആയ ഒരു പഠനവും കൂടാതെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ ദുരന്തം മണക്കണം.
ആണവാധിഷ്ഠിതവും ഫോസില്‍ ഇന്ധനത്തില്‍ അധിഷ്ഠിതവുമായ ഊര്‍ജവഴികള്‍ ആപല്‍ക്കരമായ ഒരു കാലത്ത് സൌരോര്‍ജ്ജത്തിനും കാറ്റാടി വഴിയുള്ള ഊര്‍ജത്തിനും പരിഗണന നല്‍കണം എന്നാണ് വിദഗ്ധമതം. ജലവൈദ്യുതപദ്ധതികള്‍ അത്ര ആപല്‍ക്കരം അല്ലെങ്കിലും പാരിസ്ഥിതികവും ജനദ്രോഹകരവുമായ കാര്യങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
ഇരുനൂറില്‍ ഏറെ അണക്കെട്ടുകള്‍ കൊണ്ടു ദുര്‍ബലമായ സഹ്യപര്‍വത മലനിരകളില്‍ മറ്റൊരു വന്‍കിട അണക്കെട്ടിനു മുതിരുമ്പോള്‍ അവ എന്തിനെയെല്ലാം ബാധിക്കും എന്നും നാമമാത്രമായ വൈദ്യുതി എന്ന ലക്‌ഷ്യം അതിലും വലുതാണോ എന്നും നാം ആലോചിക്കണം. മുല്ലപ്പെരിയാര്‍ എന്ന ദുരന്തസാധ്യതയെപ്പറ്റി വാചാലര്‍ ആയിരുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം അറിഞ്ഞോ അറിയാതെയോ ഏതോ സമ്മര്‍ദ്ദത്തിനു വഴങ്ങുകയല്ലേ?
രാഷ്ട്രീയമായി വലിയൊരു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമാണിന്ന്‍, ഈ പദ്ധതിയെകുറിച്ചുള്ള ചര്‍ച്ചകള്‍ പോലും. വനം വകുപ്പ് കൈയാളുന്ന സി.പി.ഐ ശക്തമായി ഈ പദ്ധതിയെ എതിര്‍ക്കുന്നു. പ്രതിപക്ഷം സര്‍ക്കാരിലിരുന്ന കാലത്താണ് കേന്ദ്ര അംഗീകാരം വാങ്ങിയതെങ്കിലും പുതിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ രേഖാമൂലം ഇതിനെ എതിര്‍ക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഊര് മൂപ്പന്മാര്‍ തുടങ്ങിയവര്‍ ഇതിനെ എതിര്‍ക്കുന്നു എന്നദേഹം പറയുന്നു. രണ്ടു തവണ ആ പ്രദേശം സന്ദര്‍ശിച്ച ആളാണദ്ദേഹം. വികസനം എന്ന് മണിക്കൂറിനു നാല് വട്ടം പറയുന്ന ഒരു കക്ഷിയുടെ നേതാവ് തന്നെ ഇങ്ങനെ പറയുമ്പോള്‍ അതിനെ അവഗണിച്ചു കൂടാ.
ഒരു ജനതയുടെ കുടിവെള്ളത്തിന്റെയും കൃഷിയുടെയും സ്രോതസ്സുകളാണിങ്ങനെ നശിപ്പിക്കപെടുന്നത്. ആദിവാസികള്‍ക്ക് ഭൂമി ഇല്ലാതാകും. പതിനായിരം ഹെക്ടറിലെ കൃഷി ഇല്ലാതാകും. മറ്റൊരു പ്ലാച്ചിമട പദ്ധതിമേഖലയില്‍ രൂപപ്പെടും. ഉദ്ദേശിച്ച വൈദ്യുതി പോലും ഉല്‍പ്പാദിപ്പിക്കാനുള്ള ജലം അവിടെയുണ്ടാകില്ല എന്നാണ് ഒരു കണക്കുകൂട്ടല്‍. വരണ്ട നദി വീണ്ടും വരളും. നാടും നഗരവും നാശത്തിലേക്ക് കുതിക്കും.
ചാലക്കുടിയാറിന് ഏതോ ശത്രുക്കള്‍ അധികാരകേന്ദ്രങ്ങളില്‍ ഉണ്ടെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ വൈദ്യുതി വകുപ്പില്‍ പണിയില്ലാതെ കഴിയുന്ന ചില മുതിര്‍ന്ന യജമാനമാര്‍ രാവും പകലും ഇരുന്നു ജനങ്ങള്‍ക്ക് പണി കൊടുക്കാനുള്ള ശ്രമത്തിലാകും. ചാലക്കുടി എം.പി. ഇന്നസെന്‍റ് ഇത് കാണുന്നില്ലേ?
നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ സമ്പത്താണ് ഇവിടത്തെ കാടും നദികളും ജലവും അവയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളും. നദിയുടെ ഘടന മാറ്റാന്‍ ശ്രമിക്കുമ്പോള്‍ കുറഞ്ഞപക്ഷം സമഗ്രമായ ഒരു ചര്‍ച്ചയും സമവായവും എങ്കിലും വേണ്ടെ?
ഇടുക്കിയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ഏറെ വേദനിപ്പിക്കുന്ന കാഴ്ച പെരിയാര്‍ നദിയാണ്. ഒരു ഡാം കാണുമ്പോള്‍ അവിടെ ഒരു നദി ഉണ്ടായിരുന്നു എന്നു നാം എപ്പോഴും ഓര്‍ക്കണം. അതേപോലെ അതിനെ ആശ്രയിച്ചു കഴിഞ്ഞ ഒരു വലിയ ജീവജാലവും. ഈ വൈവിദ്ധ്യമാണ് നമ്മുടെ നാടിന്റെ സൌന്ദര്യം. അതിന്റെ അവശേഷിക്കുന്ന കടയ്ക്കലും കത്തിവെയ്ക്കണോ എന്ന്‍ നാം ഗൗരവകരമായി ആലോചിക്കേണ്ട സമയമാണിത്.