മദ്യലോബി വീണ്ടും ശക്തി പ്രാപിക്കുന്നു; പ്രക്ഷോഭസമരം തുടങ്ങും മുന്‍പേ ലഹരി ചോര്‍ന്നതായി

Glint Staff
Saturday, June 10, 2017 - 8:16pm

Supreme Court ban on national highways liquor പ്രതീക്ഷിക്കപ്പെട്ടതു പോലെ ലഹരിയുള്ള എല്‍ ഡി എഫിന്റെ മദ്യ നയം വന്നു. അതില്‍ പ്രതിഷേധിച്ച് വന്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ്. പക്ഷേ സമരം തുടങ്ങുന്നതിനു മുന്‍പു തന്നെ തുടങ്ങാനിരിക്കുന്ന സമരത്തിന്റെ ലഹരി ഏതാണ്ട് ചോര്‍ന്നു പോയിരിക്കുന്നു. കഴിഞ്ഞ യൂ ഡി എഫ് മന്ത്രിസഭാംഗമായിരുന്നു ഷിബു ബേബിജോണ്‍ എല്‍ ഡി എഫ് മദ്യ നയത്തെ സ്വാഗതം ചെയ്യുകയും യു ഡി എഫ് മദ്യനയത്തെ പരാജയമെന്ന് തള്ളിപ്പറയുകയും ചെയ്തു . തൊട്ടു പിന്നാലെ കെ.മുരളീധരനും രംഗത്തത്തെത്തിയിരിക്കുന്നു പുതിയ മദ്യ നയത്തെ സ്വാഗതം ചെയ്തുകൊണ്ട്.
        ഈ രണ്ടു നേതാക്കന്മാരും പറയുന്നതുപോലെ വൈകാരിക പ്രകടനമെന്നോണം നടപ്പിലായതാണ് യു .ഡി .എഫ് മദ്യ നയം. അന്നത്തെ കെ പി സി സി പ്രസിഡണ്ട് വി.എം. സുധീരനെ നേരിടുന്നതിനു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ച് നാടകീയത. കേരളത്തില്‍ മദ്യലോബി ഇടക്കാലത്തെ തളര്‍ച്ചയ്ക്ക് അശ്രാന്ത പരിശ്രമത്തിനും ശേഷം വീണ്ടും പഴയ പ്രതാപത്തിലേക്ക്് എത്തിക്കൊണ്ടിരിക്കുന്നു. എന്തിന്റെ പേരിലായിരുന്നുവെങ്കിലും കേരളത്തില്‍ ബാറുകള്‍ അടയ്ക്കപ്പെട്ടത് സാമൂഹികമായി ആശ്വാസം തന്നെയായിരുന്നു. കുറ്റകൃത്യങ്ങളിലും മറ്റും ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു.
        ടൂറിസം രംഗത്തെ മദ്യലഭ്യമില്ലായ്മ തളര്‍ത്തുമെന്നതാണ് ഇതിനനുകൂലമായി നിലകൊള്ളുന്നവര്‍ ഉന്നയിക്കുന്ന ഒരു പ്രധാന കാരണം. എന്നാല്‍ ബാറുകളില്ലാതിരുന്ന കഴിഞ്ഞ വര്‍ഷം ഔ്‌ദ്യോഗിക കണക്കു പ്രകാരം ടൂറിസം മേഖല പോയ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി. അതിനാല്‍ ആ ന്യായീകരണം യുക്തിരഹിതമാണ്. സുപ്രിം കോടതി വിധി മറികടക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയല്‍ കൈക്കൊണ്ട നടപടി ലജ്ജാകരമായ സാഹ്ചര്യമാണ് സൃ്ഷ്ടിച്ചത്. ഇതും സൂചിപ്പിക്കുന്നത് ഇടതു മുന്നണിയുടെ മദ്യലോബിക്കനുകൂലമായ സമീപനം തന്നെ.
        സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തെയാണ് മറ്റൊരു വാദമായി ഉന്നയിക്കുന്നത്. ശരിയാണ് പ്രതിദിനം ഖജനാവിലേക്ക് ബാറുകള്‍ നിറയ്ക്കുന്ന പണം വളരെ വലുതാണ്. ആ വലിയ സംഖ്യയുടെ രണ്ടിരട്ടിയാണ് സെക്കന്‍ഡ്‌സ് മദ്യവില്‍പ്പനയിലൂടെ മദ്യമുതലാളിമാരുടെ പെട്ടിയില്‍ വീഴുന്നത്. ആ തുകയുടെ ഭീമമായ തോതാണ് അവര്‍ക്ക് ലഭ്യമാകുന്ന ശക്തി. ആ ശക്തിയുടെ മുമ്പില്‍ യു ഡി എഫും എല്‍ ഡി എഫും ഒരേ പോലെ ദുര്‍ബലര്‍ തന്നെ.ഒരു ജനകീയ സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നു വീഴുന്ന പണത്തിന്റെ തോതിനെ ആധാരമാക്കി തീരുമാനമെടുക്കുക എന്നത് ജനയാത്ത മൂല്യങ്ങളോടുള്ള പരിഗണനയില്ലായ്മയാണ്. മദ്യപാനം മൂലം കേരളത്തില്‍ രോഗികളായി മാറുന്നവരുടെ കണക്കുകളും പരിഗണിക്കേണ്ടതാണ്. അതേ പോലെ മൃതക്ഷീണമാകുന്ന മനുഷ്യോര്‍ജ്ജവും. മദ്യപിക്കുന്നവരില്‍ നല്ലൊരു ശതമാനം യുവതലമുറയില്‍ പെട്ടവരാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒരുപക്ഷേ മദ്യം ഖജനാവിലേക്കു കൊണ്ടുവരുന്ന ധനം നഷ്ടത്തിന്റേതാകും.

 

Tags: