ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം

Glint Staff
Mon, 18-06-2018 05:45:30 PM ;

 Doctor–patient relationship

representational image

ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും. ഡോക്ടറുടെ പ്രാഗത്ഭ്യത്തില്‍ ചികിത്സയിലൂടെ രോഗം മാറുകയും ചെയ്യും. എന്നിരുന്നാലും ലോകത്ത് സംശയലേശമന്യേ തെളിയിച്ചിട്ടുള്ള പരീക്ഷണമാണ് പ്ലാസിബോ ടെസ്റ്റ്. ഒരേ രോഗമുള്ള പത്തു രോഗികളില്‍ അഞ്ചു പേര്‍ക്ക് മരുന്നും, മറ്റ് അഞ്ചു പേര്‍ക്ക് മരുന്ന് എന്ന പേരില്‍ മരുന്നിന്റെ അംശമില്ലാതെ പഞ്ചസാരക്കട്ടിപോലുള്ള വസ്തുവും കൊടുക്കുക. നിശ്ചിത ദിവസം കഴിയുമ്പോള്‍ യഥാര്‍ത്ഥ മരുന്നു കഴിച്ചവരേക്കാള്‍ ആരോഗ്യം വീണ്ടെടുക്കുക വെറും പഞ്ചസാരക്കട്ടികള്‍ കഴിച്ചവരായിരിക്കും. താന്‍ മരുന്ന് കഴിക്കുകയാണെന്നുള്ളതും, ചികിത്സയക്ക് വിധേയനായിരിക്കുകയാണെന്നുമുള്ള വിശ്വാസമാണ് പ്ലാസിബോ കഴിച്ച ആള്‍ക്ക് രോഗമുക്തി സാധ്യമാക്കിയത്. അവരില്‍ കൂടുതല്‍ ഭേദം കാണാന്‍ കാരണം മരുന്നു കഴിക്കുമ്പോഴുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാത്തതിനാലാണ്.

 

രോഗിയുടെ അഥവാ മനുഷ്യന്റെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധം മൂലമാണ് ഇത്തരത്തില്‍ ഭേദം സംഭവിക്കുന്നത്. ഈ ഘടകം സാധാരണ ഡോക്ടര്‍ രോഗി ബന്ധത്തില്‍ എപ്പോഴും സംഭവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രഗത്ഭനെന്നു പറയാവുന്ന അസ്തിരോഗ വിദഗ്ധന്‍. നല്ല പ്രായവുമുണ്ട്. അദ്ദേഹം ഇന്നും വളരെ സജീവമായി ചികിത്സാരംഗത്ത് തുടരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ പോലും മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷമാണ് കാണാന്‍ കഴിയുക.

 

ആ ഡോക്ടറിനടുത്ത് തോള്‍ കുഴ വേദനയുമായി ഒരു രോഗി എത്തുന്നു. പല ഡോക്ടര്‍മാരാലും ചികിത്സിക്കപ്പെട്ടിട്ട് വേദന വര്‍ദ്ധിച്ചതല്ലാതെ ശമനമില്ലാത്തതുകൊണ്ടാണ് അയാള്‍ ഈ വിദഗ്ധനെ കാണാനെത്തിയത്. ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍ ഇത് ഫ്രോസന്‍ ഷോള്‍ഡര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. അതിന് കാരണമായി പറഞ്ഞത് ഈ രോഗിയുടെ പ്രമേഹമാണ്. തുടര്‍ന്ന് പ്രമേഹത്തിന് ഇന്‍സുലിന്‍ ആരംഭിച്ചു. ക്രമേണ കൈവേദന മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയത്.   

 

പ്രമേഹം നിയന്ത്രണവിധേയമായെങ്കിലും ഇദ്ദേഹത്തിന്റെ വേദന കൂടിയതല്ലാതെ കുറയുന്ന ലക്ഷണം പോലും കണ്ടില്ല. ആ കൈ ശോഷിച്ചും തുടങ്ങി. തുടര്‍ന്ന് ആയുര്‍വേദ ചികിത്സയും ഫിസിയോതെറാപ്പിയുമൊക്കെ നോക്കി. എന്നിട്ടും ഫലമുണ്ടായില്ല. ഒരു യാത്രയ്ക്കിടയില്‍ ഇദ്ദേഹം വളരെ ആഘാതമുണ്ടാകുന്ന വിധം തോളിടിച്ച് മറിഞ്ഞുവീണ സംഭവമുണ്ടായിരുന്നു. ഈ വേദന ആരംഭിക്കുന്നതിന് ഏതാണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വീഴചയുണ്ടായത്. അതാണോ വേദനയ്ക്ക് നിദാനം എന്നും ഇദ്ദേഹത്തിനു സംശയമുണ്ട്. കൈയ്ക്ക് ഏതാണ്ട് സ്വാധീനം വല്ലാതെ കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ അതിപ്രശസ്തനും വിദഗ്ധനുമായ അസ്ഥിരോഗ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.      

 

നേരത്തേ നടത്തിയിട്ടുള്ള എം.ആര്‍.ഐ സ്‌കാന്‍, നെര്‍വ് ടെസ്റ്റ്, തുടങ്ങി അതുവരെ എടുത്ത ചികിത്സ എന്നിവയുടെ സകല വിവരങ്ങളുമായാണ് ഇദ്ദേഹം വിദഗ്ധനെ കാണാനെത്തിയത്. ഈ വിദഗ്ധന്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ കാണാനാരുമില്ല. അതിനാല്‍ ഈ ഡോക്ടറോട് എല്ലാം വിശദമായി പറയണമെന്ന തയ്യാറെടുപ്പിലായിരുന്നു രോഗി. പറയാനുള്ളത് പലകുറി മനസ്സില്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. അങ്ങനെ വീട്ടിലെത്തി രണ്ടു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഒറ്റ നോട്ടത്തിനും നൊടിയിടിയിലെ പരിശോധനകൊണ്ടും രോഗം ഇന്നതാണെന്ന് നിശ്ചയിച്ചു. ഫ്രോസന്‍ ഷോള്‍ഡര്‍ തന്നെ. ചികിത്സയും വിധിച്ചു. ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ഷോള്‍ഡറില്‍ ചെറിയൊരു തിരിപ്പ് വേണം. അതു കഴിഞ്ഞ് ഓരോ മണിക്കൂറിലും മൂന്നു മിനിട്ട് നീളുന്ന നിര്‍ദ്ദിഷ്ട വ്യായാമവും ചെയ്യണം.
        

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭുജംതിരിക്കലൊക്കെ നടന്നു. വ്യായാമവും പരിശീലിപ്പിച്ചു. ഒരു പകലത്തെ ആശുപത്രി കിടപ്പിനു ശേഷം വീട്ടിലെത്തി പിറ്റേന്നു മുതല്‍ വ്യായാമവും ആരംഭിച്ചു. പക്ഷേ രോഗിക്ക് തൃപ്തി വരുന്നില്ല. കാരണം ഫ്രോസന്‍ ഷോള്‍ഡര്‍ എന്ന നിഗമനം നേരത്തേ കണ്ട എല്ലാ അലോപ്പതി ഡോക്ടര്‍മാരും നടത്തിയതാണ്. ഈ വിദഗ്ധന്‍ വിവരങ്ങളെല്ലാം കേട്ട് യഥാര്‍ത്ഥ രോഗനിര്‍ണ്ണയം നടത്തുമെന്നുള്ള പ്രതീക്ഷയായിരുന്നു രോഗിക്കുണ്ടായിരുന്നത്. അതിനേക്കാളുപരി രോഗി വിവരങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അതൊന്നും പറയേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ വിലക്കുകയും ചെയ്തു. എന്നിട്ടും മുന്‍പുണ്ടായ വീഴ്ചയെപ്പറ്റിയൊക്കെ പറയാനുള്ള ശ്രമവും നടത്തി നോക്കി . പക്ഷേ ഡോക്ടര്‍ കേള്‍ക്കുന്ന ലക്ഷണമില്ലെന്നു മാത്രമല്ല അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു. രോഗം മാറാന്‍ താന്‍ പറയുന്നതു ചെയ്താല്‍ മതിയെന്നും മാറുമെന്നുള്ള ആത്മവിശ്വാസം വേണമെന്നും രോഗിയെ ഉപദേശിക്കുകയും ചെയ്തു.         

 

ഏതാണ്ട് അറുപതു വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ക്ക് രോഗലക്ഷണം കാണുമ്പോള്‍ തന്നെ നിര്‍ണ്ണയം നടത്താനാകും. അതു സ്വാഭാവികം. അതിനോടൊപ്പം വൈദഗ്ധ്യവും നൈപുണ്യവും കൂടിയുള്ളയാളാണെങ്കില്‍ പെട്ടന്നു തന്നെ രോഗനിര്‍ണ്ണയം സാധ്യമാകും. പക്ഷേ അറുപതു വര്‍ഷത്തിലേറെയുള്ള ചികിത്സാനുഭവത്തിനിടയില്‍ ഈ വിദഗ്ധ ഡോക്ടര്‍ രോഗത്തെ മാത്രമേ കണ്ടിട്ടുള്ളൂ. അതു കാണാന്‍ അദ്ദേഹം മിടുക്കനുമാണ്. പക്ഷേ രോഗിയെ കണ്ടിട്ടില്ല. ഇപ്പോള്‍ പോലും കാണാന്‍ കഴിയുന്നില്ല. ഒരു മെക്കാനിക്കിനെ പോലെയാണ് അദ്ദേഹം മനുഷ്യശരീരത്തെ സമീപിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിലുള്ള വേദനയാകാന്‍ ചിലപ്പോള്‍ ഒരു ശതമാനം സാധ്യതയുള്ളതും തള്ളിക്കളയാനാകില്ല. അടുത്തിടെയാണ് കേരളത്തിലെ ഒരു പ്രശ്‌സ്ത മള്‍ട്ടി സ്‌പെഷ്യാലിറ്റി  ആശുപത്രിയില്‍ ഒരു സ്ത്രീക്ക് ക്യാന്‍സറിനുള്ള കീമോ ചികിത്സയും റോഡിയേഷനും നടത്തിയിട്ട് പിന്നീട് ക്യാന്‍സര്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തിയത്. ലക്ഷണങ്ങള്‍ എല്ലാം ക്യാന്‍സറിന്റേതായിരുന്നു. അവിടുത്തെ ഡോക്ടര്‍മാരും അതിവിദഗ്ധന്മാരായിരുന്നു.

 

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രയോഗ സംസ്‌കാരവും രോഗിയെ കാണുന്ന ശീലത്തിലേക്ക് ഡോക്ടര്‍മാരെ സ്വാഭാവികമായി പരിണമിപ്പിക്കുന്നില്ല. അതുമൂലമാണ് ഇന്ന് ചികിത്സ ഏറ്റവും വലിയ ചൂഷണവ്യവസായമായി മാറിയത്. കഴിഞ്ഞ കാലത്ത്, കാലത്തിന്റെ സ്വാധീനത്താല്‍ ആധുനിക ചികിത്സകരില്‍ മനുഷ്യമുഖമുള്ളവര്‍ ഖ്യാതി നേടിയിരുന്നു. ഡോ.പൈയ്യും ഡോ.വാര്യരുമൊക്കെ ഇപ്പോഴും ജനമനസ്സുകളില്‍ ജീവിക്കുന്നതിന്റെ കാരണവും അതാണ്.   

 

ഈ രോഗിയെ അല്‍പ്പനേരം ക്ഷമയോടെ കേട്ടിരുന്നുവെങ്കില്‍ വേദന അനുഭവിക്കുന്ന അദ്ദേഹത്തിന് ആശ്വാസമാകുമായിരുന്നു. ആ ആശ്വാസം ലഭ്യമായത് തന്നെ പരിശോധിച്ച ഡോക്ടറില്‍ നിന്നാണെന്ന് അബോധപൂര്‍വ്വമായി രോഗി അറിയും. അതു ഉപബോധമനസ്സില്‍ നിന്നു ബോധമനസ്സിനെ ഉത്തേജിപ്പിക്കും. ചികിത്സയ്ക്കും വ്യായാമത്തിനുമൊപ്പം അദ്ദേഹത്തിലെ ആ വിശ്വാസം കൂടിയുണ്ടായിരുന്നെങ്കില്‍ ഈ രോഗിയുടെ അസുഖം വളരെ പെട്ടന്നു തന്നെ മാറുമായിരുന്നു. ഇപ്പോള്‍ വ്യായാമം ചെയ്യുമ്പോഴും ഡോക്ടര്‍ തന്നെ കാര്യമായി കേട്ടില്ല എന്നൊരു തോന്നല്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്.  അതദ്ദേഹത്തിന്റെ ഉപബോധമനസ്സിന്റെ അതൃപ്തിയാണ്. അത് മനസ്സിലും ശീരീരത്തിലും വിരുദ്ധ തരംഗങ്ങളെ സൃഷ്ടിക്കും,  ശരീരത്തിന്റെ സ്വീകരണശേഷിയെ കുറയ്ക്കും. ഡോക്ടര്‍ നടത്തിയിട്ടുള്ളത് യഥാര്‍ത്ഥ നിഗമനം തന്നെയാണോ എന്ന സംശയവും അദ്ദേഹത്തെ അലട്ടും. കാരണം അത്തരത്തിലൊരു സംശയം വീഴ്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തില്‍ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ അതില്‍ യുക്തിയുമുണ്ട്. രോഗി ഒരിക്കലും യുക്തിഭദ്രമായി സംസാരിക്കുമെന്ന് ഒരു ഡോക്ടറും പ്രതീക്ഷിക്കരുത്. ആ യുക്തിരഹിത വിവരണത്തില്‍ നിന്നാണ് ശ്രദ്ധാലുവായ ഡോക്ടര്‍ ഏറ്റവും സൂക്ഷ്മമായ രോഗനിര്‍ണ്ണയം നടത്തുക.

 

ആയുര്‍വേദത്തില്‍ അത്തരത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളില്‍ നിന്ന് രക്ഷയില്ലെന്ന് പറഞ്ഞ് വിട്ട പല രോഗികളുടെയും കാര്യത്തില്‍  കൃത്യമായി രോഗ നിര്‍ണ്ണയം നടത്തിയ പരേതനായ ചെറിയ നാരായണന്‍ നമ്പൂതിരി അതിലൊരാള്‍ മാത്രം. കഴിഞ്ഞ കൊല്ലം ശതാഭിഷക്തനായ ആയുര്‍വേദാചാര്യന്‍ നാരായണന്‍ മൂസ്സ് അറിയപ്പെടുന്നതുതന്നെ അദ്ദേഹത്തിന്റെ രോഗിയുമായുള്ള ദീര്‍ഘ സംഭാഷണത്തിന്റെ പേരിലാണ്. വീടിരിക്കുന്ന സ്ഥലം, വീടിന്റെ ദര്‍ശനം. ജീവിത രീതി, കുടുംബാംഗങ്ങളുമായുള്ള ബന്ധം, തൊഴില്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞ് രോഗനിര്‍ണ്ണയവും രോഗകാരണവും കണ്ടെത്തും. തുടര്‍ന്ന് ചികിത്സയ്‌ക്കൊപ്പം കാരണം അകറ്റാനുള്ള നിര്‍ദ്ദേശവും കൂടി അദ്ദേഹം നല്‍കിയാണ് രോഗിയെ ആരോഗ്യത്തിലേക്ക് കൊണ്ടുവരിക. രോഗിയുടെ കുടുംബാന്തരീക്ഷവും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും മൂസ്സിന്റെ ചികിത്സ ഗുണപരമായ മാറ്റം വരുത്താനുതകുന്നു.

     

ആധുനിക ചികിത്സയില്‍ രോഗനിര്‍ണ്ണയ ചുമതല ഉപകരണങ്ങളില്‍ നിക്ഷിപ്തമായതോടെ രോഗികളുടെ മുഖത്തു പോലും നന്നായി നോക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് കഴിയാതെ വരുന്ന സാഹചര്യമാണുള്ളത്. ചികിത്സ വ്യവസായ കേന്ദ്രീകൃതമാകുമ്പോള്‍ ആ നോട്ടം സാധ്യമല്ലാതെ വരും. കാരണം മുഖത്തു നോക്കിയാല്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ കണ്ടുമുട്ടുന്ന അനുഭവുമുണ്ടാകും. അത് രോഗിയുടെ അവസ്ഥ എന്തെന്നു നോക്കാതെയുള്ള പരീക്ഷണക്കുറിപ്പുകള്‍ക്ക് വേണമെങ്കില്‍ വിഘാതവുമായേക്കാം. അതുകൊണ്ടു കൂടിയായിരിക്കാം ആ സംസ്‌കാരത്തെ ആധുനിക ചികിത്സകര്‍ പ്രോത്സാഹിപ്പിക്കാത്തതും. വ്യവസായ വികസനത്തിനാണെങ്കില്‍ പോലും അത്തരം ഭിഷഗ്വരന്മാരുടെ സാന്നിദ്ധ്യം ഗുണം മാത്രമേ ചെയ്യുകയുള്ളൂ.

 

Tags: