വീട്ടുമുറ്റത്തും തൊടിയിലും സാധാരണയായി കണ്ടുവരുന്ന സസ്യമാണ് തഴുതാമ. പുനര്‍നവ എന്ന പേരിലും ഈ സസ്യത്തെ അറിയപ്പെടാറുണ്ട്. തഴുതാമയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്.
തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്നതിനും നല്ലതാണ്. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങള്‍ തടയുന്നതിനും തഴുതാമ സഹായകമാണ്. തഴുതാമയിട്ട് തിളപ്പിച്ച വെളളം സ്ഥിരമായി കുടിച്ചാല്‍ മൂത്ര തടസ്സം മാറിക്കിട്ടും. തഴുതാമയുടെ ഇല കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാവുന്നതുമാണ്. മാത്രമല്ല മറ്റ് കറികള്‍ക്കൊപ്പവും ഈ ഇല ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
കഫക്കെട്ട് മാറ്റാന്‍ തഴുതാമ വേരും വയമ്പും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക, ഹൃദയം ഇവയുടെ പ്രവര്‍ത്തനത്തിന് തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. വാതരോഗങ്ങള്‍ക്ക് ഉത്തമ ഔഷധമായി തഴുതാമയെ ഉപയോഗിക്കാം, പ്രത്യേകിച്ച് ആമ വാതത്തിന്.
കണ്ണിലുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകള്‍ക്കും തഴുതാമ ഇടിച്ചു പിഴിഞ്ഞ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ ശമനമുണ്ടാകും. ഉദര സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമാണ് തഴുതാമ.