രാഷ്ട്രീയ സംവാദം തറനിരപ്പിനും താഴോട്ട്

എസ്. സുരേഷ്

Saturday, March 15, 2014 - 3:40pm
ദില്ലി ഘട്ട്

യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി


തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്ന്‍ കഴിഞ്ഞിരിക്കെ, വിവിധങ്ങളായ വിഷയങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം സാക്ഷിയാകും എന്ന്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. എന്നാല്‍, പരസ്പരം സംഭാഷണങ്ങള്‍ക്ക് പകരം വാഗ്വാദങ്ങളിലും വാക്പോരിലും ഏര്‍പ്പെടാനാണ് രാഷ്ട്രീയ നേതാക്കള്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുന്നത്. ഇവയാകട്ടെ, അവഹേളനത്തിന്റേയും പലപ്പോഴും അസഭ്യത്തിന്റേയും വക്കില്‍ എത്തിനില്‍ക്കുന്നതും.

 

ഇതില്‍ ആശ്ചര്യഹേതുവായി എന്തുണ്ട് എന്നാരെങ്കിലും ചോദിച്ചാല്‍ അതിലും തെറ്റ് പറയാനാകില്ല. കടുത്ത പന്തയങ്ങളില്‍ തീവ്രമായ മത്സരങ്ങള്‍ നടക്കുന്ന ഒന്നാണ് ജനാധിപത്യത്തിന്റെ ഇന്ത്യന്‍ മാതൃക. അതില്‍, കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം മറ്റൊരോ കക്ഷിയും വാഗ്ദാനങ്ങളുടെ വിതരണത്തിനൊപ്പം എതിരാളികളെ അപമാനിക്കുന്നതും തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധിയായി കാണുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും മുഖ്യ പ്രചാരകനും ആയതോടെ മുന കൂര്‍ത്തതും അരോചകവും ആയ ഒന്നായി രാഷ്ട്രീയ വ്യവഹാരം മാറിയിരിക്കുന്നു.

mudslinging

‘രക്തക്കറ പുരണ്ട കൈ’, ‘വിഷവിത്തുകള്‍ വിതക്കുന്നവര്‍’, ‘ഷണ്ഡന്‍’ എന്നിങ്ങനെ സിനിമാ ഡയലോഗുകളെ വെല്ലുംവിധമുള്ള വിശേഷണപദങ്ങളാണ് നമ്മുടെ പ്രസംഗവേദികളില്‍ നിന്നുയരുന്നത്. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരാകേണ്ട നേതാക്കളില്‍ നിന്നാണ് ഈ വാക്കുകള്‍ ഉടലെടുക്കുന്നത്. രാഷ്ട്രീയം തീര്‍ത്തും വ്യക്തിപരവും എതിരാളികള്‍ക്ക് നേരെയുള്ള അടിസ്ഥാനരഹിതമായ വ്യക്തിപര ആക്ഷേപങ്ങള്‍ പോലും മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും വീരസ്യപ്രകടനമായി കരുതപ്പെടുന്നു എന്നതായിരിക്കുന്നു സമകാലീന യാഥാര്‍ത്ഥ്യം.  

 

മോഡിയെ ഷണ്ഡനെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് വായാടി ക്ലബ്ബില്‍ ഏറ്റവും പുതുതായി ചേര്‍ന്നിരിക്കുന്നത്. പ്രബലനായ അധികാരിയായി സ്വയം വിശേഷിപ്പിക്കുകയും പ്രധാനമന്ത്രി ആകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന മോഡിയ്ക്ക് ഗോധ്രയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ഈ വിശേഷണം ഖുര്‍ഷിദ് മോഡിയില്‍ ചാര്‍ത്തിയത്. “നിങ്ങള്‍ ആളുകളെ കൊല്ലിച്ചു എന്ന്‍ ഞങ്ങള്‍ പറയുന്നില്ല, പക്ഷെ, നിങ്ങളൊരു ഷണ്ഡനാണ്” എന്നായിരുന്നു തന്റെ ലോകസഭാ മണ്ഡലമായ ഫാറൂഖാബാദിലെ ഒരു യോഗത്തില്‍ ഖുര്‍ഷിദിന്റെ വാമൊഴി.

 

ബി.ജെ.പി ക്ഷമാപണം ആവശ്യപ്പെട്ടപ്പോള്‍ വിശദീകരണമെന്ന പേരില്‍ മോഡിയ്ക്ക് മേല്‍ കൂടുതല്‍ അപമാനം ചൊരിയാനായിരുന്നു ഖുര്‍ഷിദ് മിടുക്ക് കാണിച്ചത്. “ഞാന്‍ മോഡിയുടെ ഡോക്ടറല്ല. എനിക്ക് അദ്ദേഹത്തെ ശാരീരിക പരിശോധന നടത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി എന്തെന്ന് പറയുക തന്റെ വിഷയമല്ല. രാഷ്ട്രീയ സംജ്ഞ എന്ന നിലയില്‍ ഷണ്ഡന്‍ എന്ന പദം ഉപയോഗിക്കുന്നത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരാള്‍ക്കുള്ള കഴിവില്ലായ്മ കാണിക്കാനാണ്.” ഇതായിരുന്നു ഖുര്‍ഷിദിന്റെ വിശദീകരണം.

 

കഴിഞ്ഞ നവംബറില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് നരേന്ദ്ര മോഡിയുടെ ഭൂതകാലത്തെ സംബന്ധിച്ച് അരോചകമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. ചായക്കടയില്‍ നിന്ന്‍ വരുന്ന ഒരാള്‍ക്ക് ഒരിക്കലും ദേശീയ വീക്ഷണം ഉണ്ടാകില്ല എന്നായിരുന്നു അഗര്‍വാള്‍ പറഞ്ഞത്. ദരിദ്രജനതയ്ക്കെതിരായ പ്രസ്താവനയെന്ന്‍ ബി.ജെ.പി പ്രതികരിച്ചു. പിന്നീട്, കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരും ഇത് വേറൊരു ഭാഷയില്‍ ആവര്‍ത്തിച്ചു. ജനുവരിയില്‍ എ.ഐ.സി.സി സമ്മേളനത്തിനിടെ അയ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. എന്നാല്‍, ഇവിടെ ചായ വിതരണം ചെയ്യാന്‍ മോഡിയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സ്ഥലം ഞങ്ങള്‍ നല്‍കാം.”

 

ഈ പരാമര്‍ശം മോഡിയ്ക്ക് സഹായകമായി തീരുകയാണ് ഉണ്ടായതെങ്കിലും നിഷ്ഠുരമെന്ന് തന്നെ കരുതേണ്ടതാണ് ഇത്. വോട്ടര്‍മാരുമായി ബന്ധപ്പെടുന്നതിന് ബി.ജെ.പി ആവിഷ്കരിച്ച ചായ് പേ ചര്‍ച്ചാ എന്ന നൂതന പരിപാടിയ്ക്ക് മറ്റു പലര്‍ക്കും പ്രചോദനമാകുകയും ചെയ്തു. താനാണ് യഥാര്‍ത്ഥ ചായക്കാരന്‍ എന്ന്‍ അവകാശപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് മുന്നോട്ട് വന്നു. കുട്ടിക്കാലത്ത് മൂത്ത സഹോദരര്‍ക്കൊപ്പം ചായക്കടയില്‍ പണിയെടുത്ത കാലം അനുസ്മരിച്ച ലാലു എന്നാല്‍, മോഡിയ്ക്ക് ഒളിയമ്പ് എയ്യാനും മറന്നില്ല. ‘മോഡിയ്ക്ക് എങ്ങനെ ചായ വില്‍ക്കാന്‍ കഴിയും? ചോരയോ കലാപങ്ങളോ അല്ലേ മോഡി വില്‍ക്കുക’ എന്ന പരാമര്‍ശത്തിലൂടെ.

 

സമചിത്തതയോടെയും സംയമനത്തോടെയുമാണ്‌ പൊതുവേ പ്രസംഗങ്ങളെങ്കിലും അസുഖകരമായ പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിന്നിലല്ല. കര്‍ണ്ണാടകത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ അധികാരത്തില്‍ എത്തുന്നതിനായി ബി.ജെ.പി ‘വിഷവിത്തുകള്‍ വിതക്കുന്നതായി’ സോണിയ ആരോപിച്ചു. 2007-ല്‍ ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോഡിയെ ‘മരണത്തിന്റെ വ്യാപാരി’ എന്നവര്‍ വിശേഷിപ്പിച്ചിരുന്നു.

 

ഈയടുത്തായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളിലും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഡെറാഡൂണില്‍ നടന്ന റാലിയില്‍ ‘ചോരയുടെ രാഷ്ട്രീയ’മാണ് ബി.ജെ.പി അനുവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഏതുവിധേനയും അധികാരം നേടുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അതിനായി സമുദായങ്ങളേയും ജാതികളേയും വിരുദ്ധചേരികളില്‍ അണിനിരത്തുന്നതിനും ചോര തൂകുന്നതിനും ബി.ജെ.പിയ്ക്ക് മടിയില്ലെന്നും രാഹുല്‍ പറഞ്ഞു. ജനുവരിയില്‍ കഷണ്ടിത്തലയര്‍ക്ക് ചീപ്പ് വില്‍ക്കാന്‍ കഴിയുന്നവരാണ് ബി.ജെ.പിയെന്ന രാഹുലിന്റെ പരാമര്‍ശം തലയില്‍ മുടിയില്ലാത്തവര്‍ക്കെങ്കിലും സുഖകരമായി തോന്നിയിരിക്കാനിടയില്ല. മോഷ്ടാക്കളുടെ പാര്‍ട്ടിയെന്നും ബി.ജെ.പിയെ മുന്‍പ് രാഹുല്‍ വിശേഷിപ്പിച്ചിരുന്നു.  

 

പരുഷമായ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ആരുടേയും പിന്നില്ല മോഡിയും. കഴിഞ്ഞ നവംബറില്‍ ഛത്തിസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയെ ഉപജീവിച്ച് ‘രക്തക്കറ പുരണ്ട നഖങ്ങള്‍’ എന്നും ‘നിഷ്കരുണമായ കൈ’ എന്നുമൊക്കെയായിരുന്നു മോഡിയുടെ പ്രയോഗങ്ങള്‍. ഗുജറാത്ത് കലാപത്തെ നായക്കുട്ടി മരിച്ചാല്‍ ഉണ്ടാകുന്ന വേദനയോട് ഉപമിച്ച മോഡിയുടെ പരാമര്‍ശവും വിവാദമായിരുന്നു. ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ കൂട്ടക്കൊലക്കിരയായവരെ സംബന്ധിച്ച ചോദ്യത്തിനാണ് മോഡി ഈ മറുപടി നല്‍കിയത്. മറ്റൊരാള്‍ കാര്‍ ഓടിക്കുകയും നമ്മള്‍ കാറിന്റെ പുറകിലിരിക്കുകയും ചെയ്യുകയാണെങ്കിലും ഒരു നായക്കുട്ടി കാറിന്റെ അടിയില്‍ പെടുകയാണെങ്കില്‍ വേദന തോന്നില്ലേ എന്നായിരുന്നു മോഡിയുടെ പരാമര്‍ശം.

 

2002 കലാപത്തില്‍ നഷ്ടപ്പെട്ട ജീവനുകളെ കുറിച്ച് മോഡിയുടെ യഥാര്‍ത്ഥ വികാരം പുറത്ത് കൊണ്ടുവരുന്നതായിരുന്നു ഈ ഉപമയെന്ന് എതിരാളികള്‍ ആരോപിച്ചു. ‘മതേതരത്വത്തിന്റെ ബുര്‍ഖ’യ്ക്ക് കീഴില്‍ ഒളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നായിരുന്നു മോഡിയുടെ പ്രത്യാരോപണം. പിന്നാലെ, ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസിനെ പരാമര്‍ശിച്ച് ‘കാക്കി നിക്കറിന് കീഴില്‍ ഒളിക്കുന്ന’യാളാണ് മോഡിയെന്ന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു.   

 

ആവശ്യത്തിന് പോലും ചുണ്ടനക്കില്ലെന്ന കുഴപ്പമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍ പലപ്പോഴും ആരോപിക്കാറുള്ളതെങ്കിലും തെരഞ്ഞെടുപ്പ് സീസണില്‍ ഏതാനും വാക്ശരങ്ങള്‍ എയ്യുന്നതില്‍ അദ്ദേഹവും മടികാണിച്ചില്ല. ഈ വര്‍ഷമാദ്യം മോഡിയ്ക്ക് നേരെ നടത്തിയ കടുത്ത ഒരു ആക്രമണത്തില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ദുരന്തകരമായിരിക്കും എന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

രാഷ്ട്രീയത്തിലെ തുടക്കക്കാരെങ്കിലും അനായാസമായാണ് ആം ആദ്മി പാര്‍ട്ടി ഈ വാക്പോരില്‍ അണി ചേര്‍ന്നത്. ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടേയും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടേയും ‘മുഖത്ത് തുപ്പിക്കൊണ്ട്’ അവരോട് അവരുടെ കാര്യം നോക്കാന്‍ ആവശ്യപ്പെടണമെന്ന ആഗ്രഹമാണ് ഡല്‍ഹിയിലെ മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതി പ്രകടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ റെയില്‍ ഭവന് മുന്നില്‍ എ.എ.പി നടത്തിയ സമരത്തിനെതിരെയുള്ള ഇവരുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഭാരതി. പാര്‍ലിമെന്റ് മുഴുവന്‍ ‘ബലാല്‍സംഗക്കാരേയും കൊലപാതകികളേയും’ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്ന് മുന്‍പ് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ പ്രസ്താവിച്ചിരുന്നു. കേജ്രിവാലിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നായിരുന്നു ഇപ്പോള്‍ ആര്‍.ജെ.ഡി.യില്‍ നിന്ന്‍ പുറത്താക്കപ്പെട്ട രാം കിര്‍പാല്‍ യാദവിന്റെ പ്രതികരണം.

 

ഇത്തരം ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്. മിസ്റ്റര്‍ സ്വര്‍ണ്ണക്കരണ്ടി എന്നായിരുന്നു മോഡി ഈയിടെ രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ വിശേഷണം. സമാജ് വാദി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന ബേനി പ്രസാദ് വര്‍മ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിച്ചുതളിക്കാരന്റെ ജോലിയ്ക്ക് ശ്രമിക്കാനായിരുന്നു തന്റെ മുന്‍ നേതാവായ മുലായം സിങ്ങ് യാദവിന് നല്‍കിയ ഉപദേശം. നാവിന് നിയന്ത്രണമില്ലെന്ന് പേരു(ദോഷം) കേള്‍പ്പിച്ചിട്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിങ്ങിന്റെ ഭാഷാചാതുര്യം ഒരിക്കല്‍ അനുഭവിക്കേണ്ടി വന്നത് പാര്‍ട്ടിയിലെ തന്നെ സഹപ്രവര്‍ത്തകയായ മീനാക്ഷി നടരാജനാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ നൂറു ശതമാനം സെക്സി ആയ ചരക്ക് എന്നര്‍ത്ഥമുള്ള ഭോജ്പുരി പ്രയോഗമാണ് ആളെക്കൂട്ടാനുള്ള മീനാക്ഷിയുടെ കഴിവിന് അഭിനന്ദനമായി സിങ്ങ് പറഞ്ഞു.

 

തന്റെ സംസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ ബലാല്‍സംഗക്കേസുകളെ തുടര്‍ന്ന്‍ വിമര്‍ശനം ഉന്നയിച്ചവരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിശേഷിപ്പിച്ചത് ‘അശ്ലീല പ്രകൃതക്കാര്‍’ എന്നാണ്. ജുഡീഷ്യറിയേയും അവര്‍ വെറുതെ വിട്ടില്ല. പണത്തിന് പകരമായി അനുകൂലമായ വിധികള്‍ ഉണ്ടാകുന്നുവെന്നും ഉത്തരവുകള്‍ വില കൊടുത്ത് വാങ്ങിയ സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നും മമത ആരോപിച്ചു. ജുഡീഷ്യറിയില്‍ ഒരു വിഭാഗം അഴിമതിക്കാരാണെന്നും ഇത് പറഞ്ഞതിന് ജയിലില്‍ പോകേണ്ടി വരികയാണെങ്കില്‍ അതിനും താന്‍ തയ്യാറാണെന്നും മമത കൂട്ടിച്ചേര്‍ത്തു.  

 

ഇത്തരം പരാമര്‍ശങ്ങളിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശമാണോ രാഷ്ട്രീയ നേതൃത്വം നല്‍കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ചും, കുതിച്ചുയരുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും ആരോഗ്യസേവനങ്ങളുടെ അഭാവവും വ്യാപകമായ അഴിമതിയുമെല്ലാം ജനങ്ങളുടെ ആശങ്കകളായിരിക്കെ. രാഷ്ട്രീയ സംവാദങ്ങള്‍ ഇങ്ങനെ വില കുറഞ്ഞ നിലയിലേക്ക് പരിണമിക്കുന്നതില്‍ 24x7 ടെലിവിഷന്റെ പങ്കും ഒരു പരിധി വരെയുണ്ട്. അസഭ്യങ്ങളിലും സ്വഭാവഹത്യകളിലും മുഴുകുന്നതില്‍ നേതാക്കള്‍ക്ക് ഏറ്റവുമധികം വേദി നല്‍കുന്നത് ഈ ടെലിവിഷന്‍ ചാനലുകളാണ്.

 

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുക സ്വാഭാവികം. എന്നാല്‍, മര്യാദകള്‍ ത്യജിക്കുന്നതിനോ വസ്തുതാപരമായ ചര്‍ച്ചകള്‍ക്ക് പകരം വാക്പോരുകളില്‍ അഭിരമിക്കുന്നതിനോ അത് ന്യായീകരണമാകുന്നില്ല.

Tags: