ജനവിരുദ്ധനിലപാട് സര്‍ക്കാരിന്‍റെതോ ജേക്കബ് തോമസ്സിന്‍റെതോ?

കേജിജെ

Tuesday, December 8, 2015 - 3:53pm

DGP Jecob Thomasസത്യസന്ധത എന്നത് ഏതു കള്ളനും എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് കൊടും കള്ളന്‍ പോലും കളവിനെ മറയ്ക്കാന്‍ തയ്യാറാകുന്നത്. കാരണം മോഷണം നികൃഷ്ടമാണെന്ന തോന്നല്‍ അവന്‍റെ കോശസ്മൃതികളില്‍ സജീവം. അത് മനുഷ്യസഹജമാണ്. അതുകൊണ്ടു തന്നെയാണ് മനുഷ്യന്‍ സത്യത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗോപ്യമല്ലാതെ നടക്കുന്ന വിഷയങ്ങളില്‍ ഒട്ടുമിക്കവര്‍ക്കും സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാനുള്ള ശേഷിയുണ്ട്.

     ഒരു സംസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ തലവനാണ് ചീഫ് സെക്രട്ടറി. അദ്ദേഹത്തിന്‍റെ ഓരോ നടപടികളും വാക്കും പ്രവൃത്തിയും അറിഞ്ഞും അറിയാതെയും  ആ സംസ്ഥാനത്തിന്‍റെ ഭരണയന്ത്രത്തെ ബാധിക്കുന്നു. ചീഫ് സെക്രട്ടറിയുടെ നടപടികളും മാതൃകയും  പല കീഴ് വഴക്കങ്ങളും സൃഷ്ടിക്കുന്നു. അതിനാല്‍ ചീഫ് സെക്രട്ടറിയുടെ പൊതു രംഗത്തെ വേഷം മുതല്‍ ഏതു സൂക്ഷ്മ ചലനവും സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള മുന്നോട്ടുപോക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു.

     ഡി ജി പി ജോക്കബ് തോമസ്  അദ്ദേഹത്തിനെതിരെ ശിക്ഷാനടപടികളെടുക്കാതിരിക്കാന്‍ കാരണം കാണിച്ചുകൊണ്ട് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കി. 'പരസ്യമായി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചു'വെന്ന് കാണിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയത്. വിജിലന്‍സ് എ ഡി ജി പിയായിരുന്നപ്പോഴും ഫയര്‍ ഫോഴ്‌സിന്റെ തലവനായിരുന്നപ്പോഴും ഡി ജി പി ജോക്കബ് തോമസ് കൈക്കൊണ്ട നടപടികളാണ് അദ്ദേഹത്തിന് അടിക്കടി സ്ഥലം മാറ്റങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അതൃപ്തിക്കും കാരണമാക്കിയത്. അദ്ദേഹം തന്‍റെ നിലപാടുകള്‍ വളരെ വ്യക്തമായി പറയുന്നത് ചാനലുകളിലൂടെ കേരളം കണ്ടതും കേട്ടതുമാണ്. അദ്ദേഹം പരസ്യമാJiji Thomsonയി നടത്തിയ പ്രസ്താവനകളെല്ലാം തന്നെ എഡിറ്റ് ചെയ്യാതെയാണ് എല്ലാ മാധ്യമങ്ങളിലും വന്നത് .അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളിലിരുന്ന് കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ചിട്ടുള്ള മറുപടിയിലും വ്യക്തമായിട്ടുള്ളതാണ്. ഒരിക്കല്‍ ജേക്കബ് തോമസ്സിന്‍റെ വിഷയം പത്രസമ്മേളനത്തില്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കുപിതനാവുകയും ജനദ്രോഹ നടപടികളാണ് ജേക്കബ് തോമസ് ഔദ്യോഗിക സ്ഥാനങ്ങളിലിരുന്നുകൊണ്ട് എടുക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും പറയുകയുണ്ടായി. ഇതിന്‍റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ രേഖാമൂലം അനുമതി തേടിക്കൊണ്ട് ജോക്കബ് തോമസ്സ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് നിഷേധിക്കപ്പെട്ടു.

            മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് നീങ്ങാന്‍ അനുമതി ചോദിച്ചുകൊണ്ട് ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കു അപേക്ഷ നല്‍കുന്നത് രാജ്യത്തിലെ ആദ്യ സംഭവമാണ്.  ജേക്കബ് തോമസ് സത്യത്തിന്‍റെ പക്ഷത്താണ് നിന്നതെന്ന് അദ്ദേഹത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് മേധാവിയായി വന്ന ഉദ്യോഗസ്ഥന്‍റെ നിലപാടുകള്‍ ശരിവെയ്ക്കുന്നു. ജേക്കബ് തോമസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ വളരെ നീതിബോധത്തോടും സത്യസന്ധതയോടും കൂടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് ഖ്യാതിയുള്ള വ്യക്തിയുമാണ്. ആ വ്യക്തിയെ ജനദ്രോഹനടപടി എടുക്കുന്ന ജനവിരുദ്ധന്‍ എന്ന് സംസ്ഥാന മുഖ്യമന്ത്രി ചിത്രീകരിക്കുമ്പോള്‍ ഒരു കാര്യം പകല്‍ പോലെ വ്യക്തവും തെളിച്ചവുമുള്ളതാണ്. രണ്ടുപേരില്‍ ഒരാള്‍ പറയുന്നത് കളവും എടുക്കുന്ന നിലപാടുകള്‍ ജനദ്രോഹപരവും ജനവിരുദ്ധവുമാണ് എന്നത്. 'അത് ആരുടെ ?'  എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാകുന്നതാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള ഓരോ നടപടികള്‍. ചെന്നെ നഗരം വികലമായ ആസൂത്രണത്താല്‍ മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തത്. അതുപോലെ തന്നെ ആര്‍ജ്ജവമുണ്ടെങ്കില്‍ അല്ലെങ്കില്‍ അല്‍പ്പം ധൈര്യമുണ്ടെങ്കില്‍ നടപടി എടുക്കൂ എന്ന വെല്ലുവിളിയോടെയാണ് ജേക്കബ് തോമസ് പരസ്യമായ പ്രസ്താവനകള്‍ നടത്തിയത്.

       ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ചീഫ് സെക്രട്ടറി ആഭ്യന്തരമന്ത്രിക്കു റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നു. ജേക്കബ് തോമസ്സിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാമെന്ന്. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ. ഇത് ആത്മാഭിമാനമുള്ള മാധ്യമങ്ങളുണ്ടെങ്കില്‍ നിശിതമായി ചോദ്യം ചെയ്യുകയും ഈ ഉദ്യോഗസ്ഥനെക്കൊണ്ട് അത് പിന്‍വലിപ്പിക്കുകയും ചെയ്യേണ്ടതാണ്. കാരണം ജനാധിപത്യത്തിന് കോട്ടം സംഭവിക്കുന്നതെന്തും ജനാധിപത്യത്തില്‍ ജനവിരുദ്ധമാണ്. പരസ്യമായി കളവ് പറഞ്ഞിരിക്കുകയാണ് ഇവിടെ ചീഫ് സെക്രട്ടറി. അദ്ദേഹത്തിന്റെ കീഴില്‍ മറ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെ സത്യസന്ധരായി പ്രവര്‍ത്തിക്കും. അതും, കണ്ടില്ലെന്നു നടിക്കാം. മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് വളച്ചൊടിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ചീഫ് സെക്രട്ടറി പറയുമ്പോള്‍ അതിന് ആധികാരികതയുണ്ടാവണം. ഓരോ പൗരന്‍റെയും നികുതിപ്പണം കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതും നിലനിര്‍ത്തപ്പെടുന്നതും. വളച്ചൊടിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി തിട്ടപ്പെടുത്താനുള്ള സംവിധാനം ഇവിടെയുണ്ട്. അങ്ങിനെ സംശയമുണ്ടായിരുന്ന പക്ഷം അദ്ദേഹത്തിന് അന്വേഷണം നടത്താമായിരുന്നു. പകരം മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഇല്ലായ്മ ചെയ്യുന്നവിധമുള്ള പ്രസ്താവമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മാത്രവുമല്ല കേരളത്തില്‍ ചിഫ് സെക്രട്ടറിക്ക് മാത്രമാണ് ഇത്തരത്തില്‍ ഒരു സംശയം ഉണ്ടാകാനും സാധ്യതയുള്ളു. ഒന്നുമില്ലെങ്കില്‍ ജേക്കബ് തോമസ്സിനോട് ഒരു ഫോണ്‍കാളിലൂടെ അന്വേഷിച്ചിരുന്നുവെങ്കില്‍ അ്‌ദ്ദേഹം തന്നെ സ്ഥിരീകരണം നല്‍കുമായിരുന്നു. ഇതൊന്നും ചെയ്യാതെ ജേക്കബ് തോമസ്സിനെതിരെയുള്ള നടപടിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പേരിലാണ് ചീഫ് സെക്ട്രട്ടറി പരസ്യമായി കളവു പറഞ്ഞിരിക്കുന്നതെന്ന് ഏവര്‍ക്കും മനസ്സിലാകുന്ന ഒന്നാണ്. ഇത് പറഞ്ഞുതരുന്നത്, സര്‍ക്കാരിന്റെ നിലപാടാണോ അതോ ജേക്കബ് തോമസ്സിന്റെ നിലപാടാണോ ജനവരുദ്ധമെന്നുള്ളതാണ്.

Tags: