ചെരിപ്പൂരാതെ ഡ്രൈവ് ചെയ്യാം

Fri, 06-09-2013 02:15:00 PM ;

barefoot driving

വാഹനങ്ങളുടെ ഗതി നിരത്തിൽ താരതമ്യേന വലിയ വ്യത്യാസമില്ല. എന്നാൽ ഓരോരുത്തരുടേയും ഡ്രൈവിംഗ് ശൈലി ഓരോ വിധത്തിലാണ്. ചിലർ ഡ്രൈവ് ചെയ്യുമ്പോൾ ചെരുപ്പൂരിയിട്ടാണ് ഡ്രൈവ് ചെയ്യുക. ഡ്രൈവിംഗിന്റെ പ്രത്യേകത, അത് വ്യക്തിയുടെ ശീലത്തിന്റെ അല്ലെങ്കിൽ വ്യക്തിത്വത്തിന്റെ ഒരു ഭാഗവും വ്യക്തമാക്കുന്നു. ഡ്രൈവിംഗ് സുഖകരമാകണം എന്നുള്ളത് എല്ലാവരുമാഗ്രഹിക്കുന്നു. അവിടേയും സുഖം ആപേക്ഷികം. ചെരിപ്പൂരിയിട്ട് ഡ്രൈവ് ചെയ്യുന്നവർ ധാരാളമാണ്, വിശേഷിച്ചും ദീർഘദൂര ഡ്രൈവിംഗിലേർപ്പെടുമ്പോൾ. അങ്ങിനെ ശീലിച്ചവർക്ക് അത് വലിയ സൗകര്യമാണ്. എന്നാൽ അതിൽ വൻ അപകടം പതിയിരിപ്പുണ്ട്. അഥവാ, ചെരിപ്പൂരി ഡ്രൈവ് ചെയ്‌തേ പറ്റുവെങ്കിൽ കുഴപ്പമില്ല. ചെരിപ്പൂരി ഇടതുവശത്തെ (വലതുവശം ഡ്രൈവിംഗാണെങ്കിൽ) സീറ്റിന്റെ ഭാഗത്ത് നിക്ഷേപിക്കുക.

 

സമീപകാലത്തു കോഴിക്കോട്ടുണ്ടായ ഒരു അപകടം ശ്രദ്ധിക്കേണ്ടതാണ്. ചെരിപ്പൂരി  ഡ്രൈവ് ചെയ്യുന്ന ശീലമുള്ളയൊരാൾ ഒരു കാർ ഷോറൂമിലെത്തി. ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കാറിൽ കയറി. സെയിൽസ് മാനേജരും കൂടെ ഇടതുവശത്തെ സീറ്റിലിരുന്നു. കാറുമായി പുറത്തേക്കിറങ്ങി. ഇടയ്ക്കിടെ ബ്രേക്കൊക്കെ ചവിട്ടിനോക്കി. എങ്ങിനെയുണ്ടെന്നറിയാൻ. കൊള്ളാം കാർ കുഴപ്പമില്ല. അത്യാവശ്യം വേഗത കൂട്ടി ഓടിച്ചുനോക്കി. കാർ നല്ല ചേലിൽ മുന്നോട്ടുപോയി. പെട്ടന്ന് ബ്രേക്ക് ചവിട്ടേണ്ട സാഹചര്യം. ബ്രേക്കിൽ ചവിട്ടിയിട്ട് പെഡലിന് ഒരനക്കവുമില്ല. വണ്ടി അതേ വേഗതയിൽ മുന്നോട്ടു നീങ്ങി. ഒരു അപകട വളവിൽ വച്ചാണ് ബ്രേക്ക് ചവിട്ടാൻ നോക്കിയത്. എതിർ ഭാഗത്തുനിന്നും വാഹനങ്ങൾ ധാരാളം വരുന്നു. വൻ അപകടം ഒഴിവാക്കാൻ തൊട്ടടുത്ത മതിലിന്റെ നേർക്ക് കാറോടിച്ച് ഇടിച്ചുനിർത്തി. കാറിന്റെ മുൻവശം പപ്പടം. എന്തായാലും ഡ്രൈവ് ചെയ്തയാൾക്കും  അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സെയിൽസ് മാനേജർക്കും കുഴപ്പമൊന്നും സംഭവിച്ചില്ല.

 

ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ചവിട്ടിയപ്പോൾ ഊരിയിട്ടിരുന്ന ചെരിപ്പ് മുന്നോട്ടു നീങ്ങി. വിശേഷിച്ചും ഇറക്കമുള്ള റോഡിലൂടെ ഡ്രൈവ് ചെയ്തപ്പോൾ. മുന്നോട്ട് നിരങ്ങിയെത്തിയ ചെരിപ്പ് ബ്രേക്കിന്റെ പെഡലിന്റെ അടിയിൽ കുടുങ്ങി. അതാണ് ബ്രേക്ക് ചവിട്ടിയപ്പോൾ അനക്കമുണ്ടാകാതിരുന്നത്. വൻ അപകടമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന്‍ ഈ ഡ്രൈവർ പറയുന്നു. ചിലപ്പോൾ വർഷങ്ങളായി ചെരിപ്പൂരിയിട്ട് ഡ്രൈവ് ചെയ്യുന്നവരുണ്ടാകാം. അവർക്ക് ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടുണ്ടാവില്ല. അവിടെയാണ് ഈ ഡ്രൈവർ പറയുന്ന കാര്യം ശ്രദ്ധിക്കേണ്ടത്. ഇരുപത്തിയഞ്ചുവർഷമായി ചെരിപ്പൂരി  ഡ്രൈവ് ചെയ്യുന്ന ശീലക്കാരനാണ് ഇദ്ദേഹം. ആദ്യമായാണ് ഇത്തരത്തിലൊരനുഭവമുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. അത് വളരെ പ്രസക്തമാണ്. എന്നെങ്കിലും ഇത്തരത്തിൽ ഒരു നിമിഷമുണ്ടായാൽ ഈ ഡ്രൈവര്‍ക്കുണ്ടായ ഭാഗ്യം പോലെ മറ്റുള്ളവർക്കും ഉണ്ടാവണമെന്നില്ല. ജീവിതത്തിന്റെ ഗതി മാറുന്നതും ഗതി നിലയ്ക്കുന്നതുമെല്ലാം ചെറിയ ചെറിയ നിമിഷങ്ങളിലൂടെയും കാര്യങ്ങളിലൂടെയുമാണ് എന്നോര്‍ക്കാം. ഒന്നു കണ്ണുചിമ്മിപ്പോയ ബസ്സ് ഡ്രൈവറുടെ കയ്യിൽ നിന്നും നിയന്ത്രണം വിട്ട ബസ്സ് അപകടത്തിൽ പെട്ട് യാത്രക്കാർ മരിച്ച എത്രയെത്ര സംഭവങ്ങൾ. അതിനർഥം രാത്രിയിൽ ഡ്രൈവ് ചെയ്യുന്ന എല്ലാ ഡ്രൈവർമാരും ഉറങ്ങിപ്പോകുമെന്നല്ല.

 

സ്ഥിരമായി ചെരിപ്പൂരി ഡ്രൈവ് ചെയ്യുന്നവർ ഒരാഴ്ച ചെരിപ്പിട്ടു ഡ്രൈവ് ചെയ്താൽ അത് ശീലമാകുമെന്നാണ്  അപകടത്തിൽ നിന്നും രക്ഷപെട്ട ഈ ഡ്രൈവർ പറയുന്നത്. അദ്ദേഹം മറ്റൊന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ സുഖം ചെരിപ്പുപയോഗിച്ച് ഡ്രൈവ് ചെയ്യുന്നതാണെന്ന്. കാരണം ഗട്ടർ കൂടുതലുള്ള റോഡാണെങ്കിൽ  ഒരുപാടു തവണ ക്ലച്ച് ചവിട്ടി കാലിന്റെ വെള്ളയുടെ മുൻഭാഗം വേദനിക്കുമത്രെ. അതുപോലെ തിരക്കുള്ള നഗരനിരത്തുകളിലൂടെ ഓടിക്കുമ്പോഴും. ചെരിപ്പുപയോഗിച്ചു ഡ്രൈവ് ചെയ്യുകയാണെങ്കിൽ ആ വേദനയിൽ നിന്ന് മോചനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Tags: