Skip to main content

എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്തുളള തനി ഗ്രാമപ്രദേശം. എല്ലാവരും തമ്മില്‍ പരസ്പരം സഹായസഹകരണത്തില്‍ ഇപ്പോഴും ജീവിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും എല്ലാവർക്കും അറിയുകയും ചെയ്യാം. ഒരു വീട്ടിലെ കാരണവരുടെ മരണത്തോടനുബന്ധിച്ചുള്ള നാല്‍പ്പതാം ദിവസത്തെ ചടങ്ങ്. പള്ളിയില്‍ നടന്ന പ്രാർഥനയിലും പിന്നെ വീട്ടില്‍ നടന്ന സദ്യയിലും അയല്‍പക്കത്തെ സുഹൃത്തിന്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഭാര്യയാണെങ്കില്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയുള്ളു. അതുകാരണം ഒറ്റയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാൻ വിടാനും അസൗകര്യം ഉണ്ടായിരുന്നു. നല്ല സ്‌നേഹബന്ധമായിരുന്നതിനാല്‍ അദ്ദേഹം വൈകീട്ട് വന്ന്‍ യു.കെ.ജി വിദ്യാർഥിയായ മൂത്ത മകനുമൊത്ത് ആ വീട്ടില്‍ പോയി. എല്ലാവർക്കും സന്തോഷമായി. കൊണ്ടുവച്ച പലഹാരങ്ങൾ കഴിക്കുകയും ചെയ്തു. സമയം കുറച്ച് വൈകി. അപ്പോൾ കാരണവരുടെ മകന്റെ ഭാര്യവീട്ടില്‍ നിന്ന്‍ ബന്ധുക്കൾ വന്നു. കാരണം ആ ദിവസം അവരുടെ വിവാഹ വാർഷികവുമാണ്. അന്നു രാത്രി  അതിന്റെ പേരില്‍ എല്ലാവരും കൂടുകയാണ്. ഈ സുഹൃത്തിനെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച് അതു വിളമ്പാൻ നേരമാണ് ഭാര്യവീട്ടില്‍ നിന്ന്‍ രണ്ട് കാറുകളിലായി ബന്ധുക്കള്‍ വന്നത്. ഭക്ഷണം വിളമ്പാൻ പോയ അദ്ദേഹത്തിന്റെ ഭാര്യ തന്റെ വീട്ടില്‍ നിന്ന്‍ വന്നവരെ സ്വീകരിക്കാൻ പോയി. അവരെ സ്വീകരിച്ചിരുത്തിയിട്ട് സുഹൃത്തിനും കുട്ടിക്കും ഭക്ഷണം വിളമ്പാമെന്ന്‍ കരുതി.

 

ഈ ഇടവേളയില്‍ സുഹൃത്തിന് ഭാര്യയുടെ ഫോണ്‍ വന്നു. അപ്പോഴാണ് അദ്ദേഹം ഭാര്യ പറഞ്ഞേല്‍പ്പിച്ച കാര്യം ഓർക്കുന്നത്. രാത്രി കറിയുണ്ടാക്കാൻ ചില അവശ്യസാധനങ്ങൾ വാങ്ങണം. കാരണം യു.എസ്സില്‍ നിന്ന്‍ വന്ന വേണ്ടപ്പെട്ട ഒരു സുഹൃത്ത് അന്ന്‍ രാത്രി അവരുടെ വീട്ടിലേക്കു വരുന്നുണ്ട്. അദ്ദേഹത്തിന് ഭക്ഷണമൊരുക്കണം. ബഹളത്തിനിടയില്‍ സുഹൃത്ത് മെല്ലെ വീട്ടിനു പുറത്തിറങ്ങി സ്‌കൂട്ടറെടുത്തു. വിവാഹവാർഷികക്കാരനെ ഭാര്യ പറഞ്ഞയച്ചു, സുഹൃത്തിനെ ഭക്ഷണം കഴിപ്പിച്ചിട്ട് വിട്ടാല്‍ മതിയെന്നു. അതനുസരിച്ച് അദ്ദേഹം റോഡിലെത്തി നിർബന്ധിച്ചു. തന്റെ വീട്ടില്‍ അന്ന്‍ രാത്രി വരുന്ന വിരുന്നുകാരനെപ്പറ്റിയും കറിക്കു സാധനങ്ങൾ വാങ്ങേണ്ടതിനെപ്പറ്റിയുമൊക്കെ അദ്ദേഹത്തെ ബോധിപ്പിച്ചു. മറന്നുപോയതിനാല്‍ അപ്പോൾ തന്നെ വൈകിയിരിക്കുകയാണെന്നും ഭക്ഷണം കഴിക്കാൻ നിന്നാല്‍ ശരിയാവില്ലെന്നും, വന്നപ്പോൾ കാപ്പികഴിച്ചില്ലേ എന്നും ഇതിനുള്ളത് പിന്നീടൊരിക്കല്‍ വന്നു കഴിച്ചോളാമെന്നുമൊക്കെ പറഞ്ഞുനോക്കി. പക്ഷേ വിവാഹവാർഷികക്കാരൻ അടുക്കുന്ന ലക്ഷണമില്ല. ഒടുവില്‍ തന്റെ ഗതികേട് ഒരിക്കല്‍ കൂടി വ്യക്തമാക്കി കുടയുമായി നിന്ന മകനെ സ്‌കൂട്ടറില്‍ കയറ്റി അദ്ദേഹം പോയി.

 

അടുത്ത ഞായറാഴ്ച പള്ളിയില്‍ വച്ച് ഈ സുഹൃത്ത് ആ വീട്ടുകാരെ കണ്ടു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചേച്ചിയേയും ചേട്ടനേയും, ചേട്ടന്റെ അനിയനേയുമൊക്കെ. പക്ഷേ ആരും ഇദ്ദേഹത്തിന്റെ മുഖത്തു നോക്കിയില്ലെന്ന് മാത്രമല്ല, എല്ലാവരും മുഖം കെട്ടിവീർപ്പിച്ച അവസ്ഥയിലായിരുന്നു. പള്ളി പിരിഞ്ഞ് സുഹൃത്ത് അവരുടെയടുത്തേക്ക് ചെന്നു. ചേച്ചി പൊട്ടിത്തെറിച്ച്, 'ഞങ്ങള് ഷാജിയില്‍ നിന്ന്‍ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്. ഇപ്പോള്‍ എല്ലാം മനസ്സിലായി' എന്നു പറഞ്ഞിട്ട് ചേച്ചിയും കൂടെയുള്ളവരുമെല്ലാം പോയി.

 

അറിവ് ആചരിക്കാനുള്ളതാണ്. അല്ലാത്ത അറിവ് ഭാരമാവും. ബൈബിൾ പഠിച്ചതുകൊണ്ടും പഠിപ്പിച്ചതുകൊണ്ടും ആയില്ല. ബൈബിൾ ജീവിതമായി മാറുമ്പോഴാണ് ക്രിസ്തു അനുഭവമായി മാറുന്നത്.

 

സുഹൃത്ത് ഭക്ഷണം കഴിക്കാതെ പോയത് ഗ്രാമത്തില്‍ ആഗോളപ്രശ്‌നമായി. മന:പൂർവമാണ് ചടങ്ങിന് പള്ളിയില്‍ കുടുംബസമേതം വരാതിരുന്നത്. അയാൾക്ക് പകല്‍ അസൗകര്യമായിരുന്നുവെങ്കില്‍ ഭാര്യയ്ക്ക് പള്ളിയില്‍ വരാവുന്നതേയുണ്ടായിരുന്നുള്ളു. കാരണം പ്രസവിച്ചിട്ട് ആറ് മാസമായി. ബോധപൂർവം തന്നെയാണ് എത്ര വിളിച്ചിട്ടും ഭക്ഷണം കഴിക്കാതെ പോയത് എന്നിത്യാദി പ്രബന്ധങ്ങൾ നാട്ടില്‍ പ്രചരിച്ചു. സുഹൃത്തിന് ആകെ മനോവിഷമമായി. അവരോടുള്ള സ്‌നേഹവും അടുപ്പവും കൊണ്ടാണ് വൈകീട്ട് വീട്ടിലെത്തി മകനുമായി അവിടെപ്പോയത്. അവിടെനിന്ന്‍ ഊണ് കഴിച്ചില്ലെന്നേയുള്ളു. മറ്റ് പലഹാരങ്ങൾ കഴിക്കുകയും ചെയ്തു. ഇപ്പോൾ അവർ ശത്രുക്കളെപ്പോലെ പെരുമാറുന്നു. നാട്ടുകാരില്‍ ചിലർ ഇദ്ദേഹത്തിനോട് അങ്ങനെ ചെയ്തത് ശരിയായില്ലെന്നും ഓർമ്മിപ്പിച്ചു. അവരോടെല്ലാം അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. അത് കേട്ട് അവരെല്ലാം ചോദിച്ചു, ബന്ധുക്കൾ വന്നില്ലായിരുന്നെങ്കില്‍ അവർ ഊണ് വിളമ്പുകയും ഇവർ കഴിക്കുകയും ചെയ്യുമായിരുന്നു. വിളമ്പാൻ ഒരുങ്ങിയതുമാണ്. അപ്പോഴാണ് അവരുടെ വീട്ടില്‍ നിന്ന്‍ ബന്ധുക്കള്‍ വന്നത്. അവരെ സ്വീകരിച്ചില്ലെങ്കില്‍ അതും മോശമല്ലേ. അല്‍പ്പമൊന്ന്‍ ക്ഷമിക്കാതിരുന്ന്‍ അവരെ വേദനിപ്പിച്ചത് ശരിയായില്ലെന്ന് കേട്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. എന്തായാലും സുഹൃത്തിപ്പോൾ ആ വഴിക്കുപോയാല്‍ അങ്ങോട്ട് നോക്കുന്ന പ്രശ്‌നം പോലുമില്ല. പള്ളിയുമായി ബന്ധപ്പെട്ടുള്ള മിക്ക പരിപാടികൾക്കും നേതൃത്വം നല്‍കുന്നയാളും സണ്‍ഡേസ്‌കൂൾ അധ്യാപകനുമൊക്കെയാണ് ഈ സുഹൃത്ത്. പക്ഷേ ഈ പ്രശ്‌നം പരിഹരിക്കാൻ  അദ്ദേഹത്തിന് ബൈബിളും സഹായകമായില്ല. അവരോട് പൊറുക്കാൻ പറ്റുന്നില്ല. കാരണം സ്‌നേഹം നിമിത്തം അവിടെപോയി, ഒടുവില്‍ അവരുടെ ശത്രുവായി. എന്തുകൊണ്ട് തന്റെ അവസ്ഥ അവർക്ക് മനസ്സിലാക്കിക്കൂടാ എന്നതാണ് സുഹൃത്തിനെ വേദനിപ്പിക്കുന്നത്. സ്‌നേഹത്തിന്റെ പേരില്‍ വേദനയും അപമാനവും സഹിക്കേണ്ട അവസ്ഥയിലായെന്ന മനസ്താപത്തില്‍ അദ്ദേഹം ഉഴറി.

 

ബൈബിൾ ക്ലാസ്സിന്റെ ഭാഗമായി ഈ വിഷയത്തെ ഒരു സോദാഹരണ വിശദീകരണമാക്കി കുട്ടികളെ പഠിപ്പിക്കുവാൻ ഈ സുഹൃത്തിനോട് നിർദ്ദേശിച്ചാല്‍ സംഗതി കൗതുകകരമാകും. പഠിക്കുന്നത് അഥവാ അറിവ് ആചരിക്കാനുള്ളതാണ്. അല്ലാത്ത അറിവ് ഭാരമാവും. ബൈബിൾ പഠിച്ചതുകൊണ്ടും പഠിപ്പിച്ചതുകൊണ്ടും ആയില്ല. ബൈബിൾ ജീവിതമായി മാറുമ്പോഴാണ് ക്രിസ്തു അനുഭവമായി മാറുന്നത്. ഒരു സത്യകൃസ്ത്യാനിക്ക് വളരെ നിസ്സാരവും എന്നാല്‍ പരീക്ഷണാർഥവും ബൈബിൾ പ്രയോഗത്തിന് ഇത്തരം സംന്ദർഭങ്ങൾ ഉപയോഗിക്കാവുന്നതാണ്. തന്നോട് ദേഷ്യം പ്രകടമാക്കുന്ന, അങ്ങോട്ട് സ്‌നേഹം കൊടുത്തതിന്റെ പേരില്‍ തന്നെ വേദനിപ്പിക്കുന്നവരോട് ഒന്ന്‍ പൊറുത്തുനോക്കിക്കൊണ്ട് ക്രിസ്തുവചനം പ്രയോഗത്തില്‍ വരുത്താമോ എന്ന്‍ പരീക്ഷിക്കാവുന്നതാണ്.

 

വേദനിച്ചാല്‍ വേദനിപ്പിച്ചവരെ വേദനിപ്പിച്ചാല്‍ ആശ്വാസം കിട്ടുമെന്നാണ് മിക്കവരും കരുതുന്നത്. ആ പെരുമാറ്റം ന്യായമാണെന്ന്‍ അവർ കരുതുകയും മറ്റുളളവരെ ധരിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭാഗമാണ് ശരിയെന്ന്‍ സ്വയം ബോധ്യപ്പെടാന്‍ മനസ്സ് മെനയുന്ന തന്ത്രങ്ങൾ.

 

ഈ സുഹൃത്ത് അന്ന്‍ ഭക്ഷണം കഴിക്കണമായിരുന്നോ? കഴിക്കാൻ നിന്നിരുന്നുവെങ്കില്‍ തന്റെ വീട്ടില്‍ വരുന്ന അതിഥിയെ സത്ക്കരിക്കാൻ ബുദ്ധിമുട്ടാകുമായിരുന്നു. മാത്രവുമല്ല നേരം വളരെ വൈകിയിരുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലെത്തി അത് പാകം ചെയ്യുകയും വേണം. അത്തരമൊരു സാഹചര്യത്തില്‍ ആ സുഹൃത്തിനെ പോകാന്‍ സ്‌നേഹപൂർവ്വം അനുവദിക്കുകയാണ് അദ്ദേഹത്തോടു കാണിക്കാവുന്ന ഏറ്റവും വലിയ സത്ക്കാരം. എന്നാല്‍ വീട്ടുകാർ തങ്ങളുടെ വീട്ടില്‍ നിന്ന്‍ ഊണ് കഴിക്കാത്തത് വലിയ അവഹേളനമായി കാണുന്നു. കാരണമുണ്ട്. ഒരു ചെറിയ കുറ്റബോധം ആ വീട്ടിലെ ചേച്ചിയെ പിടികൂടിയിട്ടുണ്ട്. ഈ സുഹൃത്തിന്  ഊണ് വിളമ്പാൻ തുടങ്ങിയ സമയത്താണ് അവരുടെ വീട്ടില്‍ നിന്നുള്ള ആളുകൾ വന്നത്. അപ്പോൾ അവരെ സ്വീകരിക്കാനായി പോയി. ഈ സുഹൃത്ത് ഏറ്റവും അടുത്തയാളാണെന്നും തന്റെ വീട്ടില്‍ നിന്നുവന്ന ബന്ധുക്കളേക്കാൾ വേണ്ടപ്പെട്ടയാളാണെന്നുമൊക്കെയുള്ള കണക്കുകൂട്ടലിലാണ് ചേച്ചി ഊണ് വിളമ്പാതെ സ്വീകരിക്കാൻ പോയത്. സ്വീകരിച്ചു കഴിഞ്ഞുവരുമ്പോഴേക്കും സുഹൃത്ത് പോയി. താൻ ഈ സുഹൃത്തിനെ പരിഗണിക്കാത്തതിന്റെ പേരില്‍ പരിഭവിച്ചായിരിക്കും സുഹൃത്തും മകനും ഊണു കഴിക്കാതെ പോയതെന്നാണ് ചേച്ചി വിശ്വസിക്കുന്നത്. അതില്‍ അല്‍പ്പം സംഗതിയില്ലേ എന്ന്‍ ചേച്ചി സ്വയം ചോദിച്ചാല്‍ ഒണ്ടേനും. തന്റെ വീട്ടുകാര്‍ വന്നപ്പോൾ വിളമ്പല്‍ മാറ്റിവച്ച് സ്വീകരിക്കാൻ പോയതല്ലേ. അത് ചേച്ചിയെ വേദനിപ്പിക്കുകയും അല്‍പ്പം കുറ്റബോധം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ആ വേദനയില്‍ നിന്നും പുറത്തുചാടാൻ ചേച്ചിയുടെയും ചേട്ടന്റെയും നേതൃത്വത്തില്‍ പുതിയ പ്രബന്ധങ്ങളുണ്ടാക്കി തങ്ങളോട് ഈ സുഹൃത്ത് അനീതി കാട്ടി എന്ന്‍ വിശ്വസിക്കുകയും മറ്റുളളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ചേച്ചി പള്ളിയില്‍ വച്ച് പറഞ്ഞ വാചകം നോക്കിയാല്‍ സംഗതി പിടികിട്ടും. ചേച്ചി വേദനകൊണ്ടാണ് പള്ളിയില്‍ വച്ച് കണ്ടില്ലെന്നു നടിച്ചതും മുഖം വീർപ്പിച്ചതും. പറഞ്ഞത്, ഇങ്ങനെയല്ല സുഹൃത്തിനെക്കുറിച്ച് പ്രതീക്ഷിച്ചതെന്ന്. അതായത് ചേച്ചിയുടേയും കൂട്ടരുടേയും പ്രതീക്ഷ തെറ്റിയതാണ് അവരെ വേദനിപ്പിക്കുന്നത്. അവരുടെ പ്രതീക്ഷകൾ അവരുടെ സ്വന്തമാണ്. ആ പ്രതീക്ഷകളില്‍ സുഹൃത്തിന് യാതൊരു പങ്കുമില്ല. പ്രതീക്ഷ ഉടഞ്ഞപ്പോഴുണ്ടായ ആഘാതമാണ് അവരുടെ വേദനയായി മാറിയത്. വേദനിച്ചാല്‍ വേദനിപ്പിച്ചവരെ വേദനിപ്പിച്ചാല്‍ ആശ്വാസം കിട്ടുമെന്നാണ് മിക്കവരും കരുതുന്നത്. അതിനാലാണ് സുഹൃത്തിനെ വേദനിപ്പിക്കാനായി ചേച്ചിയും കൂട്ടരും അങ്ങനെ പെരുമാറിയത്. ആ പെരുമാറ്റം ന്യായമാണെന്ന്‍ അവർ കരുതുകയും മറ്റുളളവരെ ധരിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭാഗമാണ് ശരിയെന്ന്‍ സ്വയം ബോധ്യപ്പെടാന്‍ മനസ്സ് മെനയുന്ന തന്ത്രങ്ങൾ. ആദ്യം തങ്ങളുടെ പ്രവൃത്തികൊണ്ട് സ്വയം കരുതി. അതില്‍ നിന്നുള്ള വേദനയില്‍ നിന്ന്‍ പുറത്തുവരാൻ വേണ്ടിയാണ് ഇതെല്ലാം. ചിലപ്പോൾ അങ്ങനെ വന്നെന്നൊക്കെയിരിക്കും. സാധാരണമനുഷ്യന്റെ ജീവിതമല്ലേ. ആ സാധാരണമനുഷ്യൻ തന്നെ ദൈവത്തിന്റെ സാമ്യരൂപത്തിലാണെന്നും അവനും ആ അവസ്ഥയിലേക്ക് ഉയർത്തപ്പെടണമെന്നും ഓർമ്മിക്കാനുള്ള അവസരമാണ് പള്ളിയില്‍ പോക്കും പ്രാർഥനയുമൊക്കെ. പെട്ടെന്ന് ഇത്തിരി വേദന തോന്നിയെങ്കിലും ക്രിസ്തുവിന്റെ നാമത്തില്‍ ഞാനിതാ ഇവിടെവച്ചു ഇവനോടു പൊറുത്തിരിക്കുന്നു എന്നുള്ളില്‍ പറഞ്ഞുകൊണ്ട് ആ ചേച്ചിയും ചേട്ടനുമൊക്കെ സുഹൃത്തിനെ നോക്കി ചിരിച്ചിരുന്നുവെങ്കില്‍ ആ ചിരി സുവിശേഷമായി മാറുമായിരുന്നു. ക്രിസ്തു അനുഭവമാകുമായിരുന്നു.

അവരുടെ അതേ അവസ്ഥയില്‍ തന്നെയാണ് സുഹൃത്തും. എന്തുകൊണ്ട് തന്റെ സ്‌നേഹപ്രകടനത്തേപ്പറ്റിയും അവിടെ പോയതിനേപ്പറ്റിയും രാത്രി വീട്ടിലേക്കു പോകേണ്ടിവന്നതിന്റെ സാഹചര്യത്തേപ്പറ്റിയും താൻ കാണുന്നതുപോലെ കാണുന്നില്ല എന്നുള്ളതാണ് സുഹൃത്തിനെ വേദനിപ്പിക്കുന്നത്. അന്ന്‍ വൈകിട്ട് പോയില്ലായിരുന്നുവെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാവുകയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. സ്‌നേഹിച്ചതിന്റെ പേരില്‍ താൻ ക്രൂശിക്കപ്പെടുന്നു എന്ന സ്വയം  സൃഷ്ടിച്ച ചിന്താചിതയില്‍ അദ്ദേഹം എരിഞ്ഞുകൊണ്ടിരിക്കുന്നു. സുഹൃത്തിന്റെ വീടിന്റെ മുന്നിലൂടെ ഓരോ തവണ കടന്നുപോകുമ്പോഴും നെഞ്ചത്ത് കനത്ത ഭാരം. സണ്‍ഡേസ്‌കൂൾ അധ്യാപകനായ അദ്ദേഹത്തിന് വേണമെങ്കില്‍ ഇക്കാര്യങ്ങൾ വിവരിച്ചുകൊണ്ട് എങ്ങനെ ക്രിസ്തു അനുഭവം ജീവിത്തില്‍ പ്രയോഗിച്ച് സന്തോഷത്തിന്റെ നിമിഷങ്ങൾ അനുഭവിക്കാമെന്ന്‍ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യാവുന്നതാണ്. അവർ തന്നെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചത് തന്നോടുള്ള സ്‌നേഹം കൊണ്ടാണോ എന്ന്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. അതേപോലെ സ്വയം ചോദിക്കാവുന്ന ചോദ്യവുമുണ്ട്, സ്‌നേഹം കൊണ്ടാണോ അന്ന്‍ വൈകിട്ട് അവരുടെ വീട്ടില്‍ പോയത്? ഇതിനുള്ള ഉത്തരവും അല്ലെന്ന് തന്നെ പറയേണ്ടിവരും. സ്‌നേഹം ഉള്ളിടത്ത് ഒരിക്കലും വിഷമവും വേദനയും വരില്ല. അതില്‍ രണ്ട് വാദമില്ല. അടുത്ത തവണ ചേച്ചിയേയും ചേട്ടനേയും കാണുമ്പോൾ ഉള്ളില്‍ ഈ അറിവില്‍ അവരുടെ കണ്ണുകളില്‍ നോക്കി ചിരിച്ചാല്‍ അവർക്കും തിരികെ ചിരിക്കാതിരിക്കാൻ പറ്റില്ല. ഇല്ലെങ്കില്‍ അതിനടുത്ത ആഴ്ചയിലെങ്കിലും അവർക്ക് അലിയാതിരിക്കാൻ പറ്റില്ല. അപ്പോൾ അവിടെയും ആ ചിരി സുവിശേഷമായി മാറുന്നു. സ്നേഹത്തോടെയുള്ള എല്ലാ ചിരിയും പ്രകാശിക്കുന്ന ബൈബിൾ തന്നെ.