ഓഡിറ്റും ശരിരോഗവും

Glint Guru
Sat, 01-03-2014 12:43:00 PM ;

 

പോലീസ് സബ് ഇൻസ്‌പെക്ടറാകാൻ ആഗ്രഹിച്ചിരുന്ന ആൾ ഓഡിറ്ററായി. ഓഡിറ്റിംഗിൽ ഗിരിശൃംഗങ്ങൾ കീഴടക്കി. ഏതു സംവിധാനത്തിലെ ഓഡിറ്റ് വേണമെങ്കിലും ഇദ്ദേഹത്തിനോട് പറഞ്ഞാൽ മതി. വ്യവസായവുമായി ബന്ധപ്പെട്ട പ്രൊഫഷണൽ സംഘടനകളുടെ ഇടയിലൊക്കെ ഇദ്ദേഹത്തിന്റെ പെരുമ വളരെ വലുതാണ്. ഓഡിറ്റിംഗിൽ രാജ്യത്തിനകത്തും പുറത്തും പരിശീലനത്തിനും ക്ലാസ്സെടുക്കാനുമൊക്കെ അദ്ദേഹം പോകാറുണ്ട്. പത്ത് ഡി.ജി.പിമാർക്കുള്ള ശമ്പളത്തേക്കാൾ മാസവരുമാനവും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും ഇന്നും അദ്ദേഹത്തിന് എസ്.ഐ ആകാൻ കഴിയാതെ പോയതിലുള്ള വിഷമം പറഞ്ഞാൽ തീരില്ല. അന്ന് സെലക്ഷൻ സമയത്ത് കോഴ കൊടുക്കാൻ കുടുംബത്തിൽ പാങ്ങില്ലാത്തതിനാലാണ് എസ്.ഐ ആകാൻ കഴിയാതെ പോയതെന്നും ഒടുവിൽ അദ്ദേഹം കൂട്ടിച്ചേർക്കും. ഇദ്ദേഹത്തിന്റെ ഓഡിറ്റിംഗ് വൈഭവം ആരെങ്കിലും പുകഴ്ത്തുമ്പോഴാണ് മിക്കപ്പോഴും ഇദ്ദേഹം തന്റെ എസ്.ഐ മോഹത്തെപ്പറ്റി അനുസ്മരണം നടത്തുക. വയസ്സ് അമ്പതിനോടടുത്തിട്ടും. ഏതു സ്ഥാപനത്തിൽ പോയാലും അവിടുത്തെ പോരായ്മകൾ തന്നിലേക്ക് ഓടിയടുക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. അപ്പോൾ ആ സ്ഥാപനത്തിലെ മാനേജർ അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നിന്ന് പരുങ്ങുന്നതു കാണുമ്പോൾ ഇദ്ദേഹം അനുഭവിക്കുന്ന അനുഭൂതി കാണേണ്ടതു തന്നെയാണ്.

 

ഓഡിറ്റിംഗിൽ മറ്റാരും കാണാത്ത കാര്യങ്ങളാണെന്നു മാത്രമല്ല, വളരെ നിസ്സാരമെന്നു തോന്നുന്നവയായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുക. വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും അതു ഭാവിയിൽ വരുത്തിവച്ചേക്കാവുന്ന ദോഷങ്ങളും നഷ്ടങ്ങളും കണക്കിലെടുക്കുമ്പോഴാണ് ആ നിസ്സാര പോരായ്മകളുടെ വിലയറിയുക. അക്കാരണത്താലാണ് അദ്ദേഹത്തിന്റെ ഓഡിറ്റിംഗ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ഇദ്ദേഹത്തിന്റെ കൂടെ ആരെങ്കിലും കൂടിയാൽ ഒന്നുകിൽ നല്ല ആസ്വാദകനായിരിക്കണം. അല്ലെങ്കിൽ തല കറങ്ങിയതു തന്നെ. തന്റെ അപദാനങ്ങളും ഓരോ ഓഡിറ്റിംഗിലേയും വീരസാഹസിക പരാക്രമങ്ങളും വ്യത്യസ്തമായ അനുഭവങ്ങളും വള്ളിപുള്ളി വിടാതെ പറഞ്ഞുകൊണ്ടിരിക്കും. അതായത് താൻ കണ്ടെത്തിയ കാര്യങ്ങളിലെ ഏതെങ്കിലും ചെറിയ അംശം പറയുന്നതിനിടയിൽ വിട്ടുപോയാൽ അതിലും പോരായ്മ കണ്ട് ഓഡിറ്റ് പ്രശ്നം ഉള്ളതുപോലെയാണ്. അതിനാൽ എഡിറ്റിംഗ് എന്നൊരംശം ഇദ്ദേഹത്തിന്റെ സംഭാഷണത്തിനില്ല. മാത്രവുമല്ല, സംഭാഷണം ഒരേ വേഗത്തിലുമായിരിക്കും. എല്ലാ സംഭാഷണത്തിന്റേയും ആകെമൊത്തമെന്നു പറയുന്നത് തനിക്ക് പിഴവ് എന്നൊരു സംഗതി വരില്ലെന്നും മറ്റുള്ളവരുടെ പിഴവ് തന്റെ ശ്രദ്ധയിൽ പെടാതെയിരിക്കില്ലെന്നുമാണ്. മറ്റുള്ളവരുടെ പിഴവ് കണ്ടെത്തുമ്പോൾ അവരനുഭവിക്കുന്ന സങ്കോചവും പരുങ്ങലും ഉത്തരമില്ലായ്മയും സങ്കടവുമൊക്കെയാണ് ഇദ്ദേഹത്തിന് ഓഡിറ്റിംഗിൽ ആഹ്ലാദം നൽകുന്നത്. പിഴവ് കണ്ടെത്താനുള്ള തന്റെ ഈ വാസനയാണ് തന്റെ ഏറ്റവും വലിയ ഗുണമായി അദ്ദേഹം കരുതുന്നതും. ആ ഗുണവിശേഷമാണ് തന്നെ ചെറുപ്പത്തിൽ പോലീസ് സബ് ഇൻസ്‌പെക്ടറാകാൻ മോഹിപ്പിച്ചതും പരിശ്രമിപ്പിച്ചതും. അതേ കഴിവാണിപ്പോൾ ഓഡിറ്റിംഗിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറയുന്നു.

 

സംഭാഷണത്തിനിടെ അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ കടന്നുവരും. ഏതെങ്കിലും വിധേന സിനിമയോ ചലച്ചിത്രതാരങ്ങളോ പരാമർശ വിഷയമായാൽ അദ്ദേഹം പറയുകയായി. സിനിമ തനിക്ക് തീരെ ഇഷ്ടമല്ല. ഒറ്റയടിക്ക് മൂന്നു മണിക്കൂർ ഒരേ ഇരുത്തം ഇരിക്കുക. എന്തൊരു പീഡനമാണത്. എന്തൊരു അരോചകമാണത്. ആൾക്കാർ എങ്ങനെ അങ്ങനെ ഇരിക്കുന്നുവെന്നും ആലോചിച്ച് അദ്ദേഹം കൂട്ടത്തിൽ ആശ്ചര്യം കൊള്ളും. അതേ സമയം സംഗീതക്കച്ചേരിയാണെങ്കിൽ ഒറ്റയടിക്ക് നാലുമണിക്കൂർ ഇരുന്നാലും അദ്ദേഹം മുഷിയില്ല. തന്റെ ഈ സവിശേഷതകൾ കേൾവിക്കാരനും വലിയ കൗതുമുണർത്തുന്നുണ്ടാകും എന്ന ഭാവത്തിൽ ഇടയ്ക്ക് നോക്കാറുമുണ്ട്. അവിടെ നിന്ന് അദ്ദേഹം ചിലപ്പോൾ തന്റെ മഹത്വമാർന്ന മറ്റ് വ്യക്തിത്വ സവിശേഷതകളിലേക്കും പോയെന്നിരിക്കും. താൻ കോളേജിൽ പഠിക്കുന്ന കാലത്തും സിനിമയ്ക്ക് പോയി സമയം കളയാതെ സുഹൃത്തുക്കളുമായി ഒത്തുചേർന്ന് പല ഗഹനമായ കാര്യങ്ങളും ചർച്ച ചെയ്യുന്നതിലായിരുന്നു താൽപ്പര്യം. അര മണിക്കൂർ ഒരിടത്ത് വെറുതേ ഇരിക്കുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലത്രെ. അതിനാൽ പഠിക്കുന്ന സമയത്ത് ഒഴിവുവേളയിൽ താഴ്ന്ന ക്ലാസ്സുകാർക്ക് ട്യൂഷൻ എടുക്കാറുണ്ടായിരുന്നു. 1989-ൽ കെമിസ്ട്രിയിൽ ബിരുദമെടുക്കുമ്പോൾ നാൽപ്പതു കുട്ടികൾക്ക് ട്യൂഷനെടുക്കാറുണ്ടായിരുന്നു. അന്നേ സമ്പാദ്യശീലമുണ്ടായിരുന്നതിനാൽ കുടുംബക്കാരെ പഠനച്ചിലവിന്റെ പേരിൽ ബുദ്ധിമുട്ടിക്കേണ്ടിയും വന്നിട്ടില്ല.

 

അദ്ദേഹത്തിന്റെ കൂടെ ഊണ് കഴിക്കാനിരുന്നാലും കൂടെയുള്ളവർക്ക് ‘പണി’ കിട്ടും. ഭക്ഷണം കഴിക്കുമ്പോഴും അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കും. തന്റെ ഭക്ഷണരീതികളും മറ്റുമായിരിക്കും മാതൃകയായി അവതരിപ്പിക്കുക. അതുപോലെ തന്നെ വിളമ്പുന്ന ഭക്ഷണം ഒട്ടും പാഴാക്കാൻ പാടില്ല. അതിലും അദ്ദേഹം ഓഡിറ്റ്‌ രീതിയാണ് പാലിക്കുന്നത്. അദ്ദേഹത്തിന് വിളമ്പിയ വിഭവങ്ങൾ കഴിയുന്ന രീതിയിൽ നക്കിത്തുടച്ച് തീർക്കും. ഒന്നിലധികം പേരുണ്ടെങ്കിൽ ആരുടെയെങ്കിലും പാത്രത്തില്‍ അധികം കറിയോ ഭക്ഷണമോ വന്നിട്ടുണ്ടെങ്കിൽ അത് എല്ലാവരുമായി പങ്കിട്ടു തീർക്കാൻ ശ്രമിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും. കൂട്ടത്തിൽ പാഴാക്കപ്പെടുന്ന ഭക്ഷണത്തേക്കുറിച്ച് ചെറിയൊരു ഉപന്യാസവും ഉണ്ടാവും. അതുണ്ടാവാതിരിക്കാനുള്ള മാതൃകയാണ് താൻ കാണിക്കുന്നതുമെന്നുമാണ് അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിലും പറച്ചിലിലുമെല്ലാം. അദ്ദേഹം പ്രവൃത്തിയെടുത്ത സ്ഥാപനങ്ങളൊക്കെ വിട്ടുപോകേണ്ടി വന്നതിനാലാണ് സ്വന്തമായ ഓഡിറ്റിംഗ് സംരംഭവും പരിശീലനവുമൊക്കെ തുടങ്ങാൻ കാരണം. ആ സ്ഥാപനങ്ങളിൽ നിന്നെല്ലാം പോകാൻ കാരണം തന്റെ ബോസ്സുമാരാണെന്നും ഓരോ ബോസ്സുമാരുടേയും ദോഷങ്ങൾ അക്കമിട്ട് എണ്ണി അദ്ദേഹം നിരത്തും.

 

2011-ൽ അദ്ദേഹം വിവാഹമോചിതനായി. പക്ഷേ ഇപ്പോഴും തന്റെ പഴയ ഭാര്യയോട് അതിയായ സ്നേഹം. ഭാര്യയുമായി വേർപിരിയാനുണ്ടായ കാരണമായി അദ്ദേഹം കരുതുന്നത് ഭാര്യയുടെ അച്ഛനമ്മമാരുടെ സ്വഭാവക്കേടാണ്. ഏക മകളാണ്. ഭാര്യയ്ക്ക് തന്റെ പ്രായമായ അച്ഛനമ്മമാരെ നോക്കണം. അവരെ ഉപേക്ഷിച്ചുകൊണ്ട് കുടുംബ ജീവിതം വേണ്ടെന്നാണ് അവരുടെ നിലപാട്. അവരെ നോക്കുന്നതിന് ഈ ഓഡിറ്റർ എതിരല്ല. പക്ഷേ ആദ്യപരിഗണന ഭർത്താവെന്ന നിലയിൽ തനിക്കാണ് നൽകേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പതിമൂന്നു കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ അദ്ദേഹത്തിന്റെ അച്ഛനമ്മമാരോടൊപ്പം വെറും മൂന്നുമാസം മാത്രമാണ് ഭാര്യ ചിലവഴിച്ചിട്ടുള്ളത്. ഭാര്യയുമായി ബന്ധം വേർപിരിയുമ്പോൾ അവർക്ക് തന്റെ പേരിലുള്ള വീടും അല്ലലില്ലാതെ കഴിയാനുള്ള സമ്പാദ്യവും നൽകി. എന്നെങ്കിലുമൊരിക്കൽ അവർ സ്വന്തം തെറ്റുകൾ മനസ്സിലാക്കി തന്റെയടുത്തേക്കു വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. അടുത്തകാലത്ത് ഭാര്യ അവരുടെ പേരിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ സർനെയിം മാറ്റിയത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. എന്നാൽ ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചുകൂടെ എന്നു ചോദിക്കുമ്പോൾ അദ്ദേഹം പറയും പോരായ്മ തന്റെ ഭാഗത്തായിരുന്നില്ല. അതിനാൽ അവരത് മനസ്സിലാക്കി തന്നെ വിളിക്കുകയാണ് വേണ്ടത്. ഭാര്യയുടെ ഗുണഗണങ്ങൾ പറഞ്ഞു തുടങ്ങിയാലും നിർത്തില്ല. എന്തിനു വളരെ അറിയപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നുപോലും തങ്ങളുടെ വിവാഹത്തിനു മുൻപ് ആലോചന വന്ന കാര്യം അഭിമാനത്തോടെയാണ് പറയുക.

 

കുടുംബജീവിതത്തേയും വൈകാരികതയേയുമൊക്കെ ഓഡിറ്റിംഗ് കണ്ണിലൂടെ കണ്ട് താൻ മാത്രം ശരിയും മറ്റുള്ളിടത്തും മറ്റുള്ളവർക്കുമെല്ലാം പോരായ്മയുമാണെന്നുള്ള ഈ പാവം ഓഡിറ്ററുടെ മാനസികാവസ്ഥയാവണം ആ ദാമ്പത്യത്തെ പരാജയപ്പെടുത്തിയത്. ഭാര്യയോട് തന്റെയുള്ളിലുള്ള സ്നേഹം വേണമെങ്കിൽ ഒരു ഇമോഷണൽ ഓഡിറ്റിംഗ് അഥവാ വൈകാരിക ഓഡിറ്റിംഗ് നടത്തിയാൽ കണ്ടെത്താവുന്നതേ ഉള്ളു. ഭാര്യയോടുള്ള സ്നേഹം അവർക്ക് കൊടുക്കാതെ തന്റെ പക്കൽ വച്ചുകൊണ്ടിരിക്കുന്നതും ഒരു ഓഡിറ്റിംഗ് പോരായ്മയാണ്. ഇതു മനസ്സിലാക്കി പല സുഹൃത്തുക്കളും അദ്ദേഹത്തെ ഉപദേശിക്കുന്നുണ്ട് പഴയ ഭാര്യയെ ഫോണിൽ വിളിച്ച് ഏതെങ്കിലും ഒരു സ്ഥലത്ത് കുറച്ചു നേരം സംസാരിച്ചിരിക്കുകയെന്ന്. പക്ഷേ തെറ്റ് അവരുടെ ഭാഗത്തായതിനാൽ അത് പറ്റില്ല. ഒരു ഓഡിറ്റർ എന്ന നിലയിൽ ക്രമരഹിതമായി ചെയ്യാൻ പാടില്ലല്ലോ.

 

സാമ്രാജ്യത്വ പോലീസിനെ പ്രാഥമികമായും ഉപയോഗിച്ചത് തദ്ദേശീയരെ അടിച്ചൊതുക്കി ഇടാനാണ്. ആ ധാരണയ്ക്ക് സ്വതന്ത്ര്യം നേടി അറുപത്തിയാറു കൊല്ലം കഴിഞ്ഞിട്ടും വലിയ മാറ്റം വന്നിട്ടില്ല. പോലീസിന്റെ പ്രാഥമിക ദൗത്യം ക്രമസമാധാനം ഉറപ്പുവരുത്തി പൗരന്റെ ജീവനും സ്വത്തിനും രക്ഷ നൽകുക എന്നുള്ളതാണ്. പോലീസ് എന്നുകേട്ടാൽ ജനങ്ങളിൽ ഭീതിക്കു പകരം ആത്മവിശ്വാസമാണ് ഉണരേണ്ടത്. എന്നാൽ ഇദ്ദേഹത്തിന്റെ ഉള്ളിൽ മർദ്ദനോപകരണമായ പോലീസ് സങ്കൽപ്പമാണ് നിലനിൽക്കുന്നത്. മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന സ്വഭാവവിശേഷം ഈ പാവം ഓഡിറ്ററെ പിടികൂടിയിരിക്കുന്നു. ബാല്യത്തിൽ തനിക്കേറ്റ ഏതെങ്കിലും കൊടിയ വേദനാജനകമായ അനുഭവമോ അവഗണനയോ ഒക്കെയാകാം അദ്ദേഹത്തെ ഈ മാനസികാവസ്ഥയില്‍ എത്തിച്ചിരിക്കുക. ഓഡിറ്റിംഗിലും സ്ഥാപനത്തിന്റെ സമഗ്രപുരോഗതി മുന്നിൽ കണ്ടുകൊണ്ടുള്ള ചിന്ത അദ്ദേഹത്തെ നയിക്കുന്നില്ല. ഓരോ സ്ഥാപനവും ഓഡിറ്റിംഗ് നടത്തുന്നത് കുറ്റവും കുറവും പരിഹരിച്ച് സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയാണ്. അല്ലാതെ പോരായ്മക്ക് ഉത്തരവാദികളായവരെ ക്രൂശിക്കാനോ പീഡിപ്പിക്കാനോ അല്ല. ഇതു തന്നെയാണ് അദ്ദേഹത്തിന് കുടുംബ ജീവിതത്തിലും പറ്റിയത്. കുടുംബത്തെ കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിൽ നിന്ന് മനസ്സിലായിടത്തോളം ഒരു ഫോൺവിളി അകലെ ഇപ്പോഴും കുടുംബം ഉണ്ട്. പക്ഷേ ഓഡിറ്റിംഗിൽ ആ ഫോൺവിളിക്ക് സ്ഥാനമില്ല.