Skip to main content

frida kahlo el venadito

         Frida Kahlo, El Venadito, 1946 (The Wounded Deer)

 

പ്രൊഫഷണല്‍ കോളേജ് പ്രൊഫസറായ വനിത. അവരുടെ സഹപാഠിയായ പ്രിയപ്പെട്ട കൂട്ടുകാരി കുറേ നാളത്തെ ഇടവേളയ്ക്കു ശേഷം വിളിക്കുന്നു. പ്രൊഫസറും കുടുംബവും താമസിക്കുന്ന കോളേജ് കാമ്പസ്സിനു സമീപത്തുകൂടെ പോകുന്നുവെന്നും തിരിച്ചുവരുമ്പോള്‍ സുഹൃത്തിനെ കാണാന്‍ കയറുന്നതാണെന്നും. ഉച്ചയ്ക്കാണ് കൂട്ടുകാരി വിളിക്കുന്നത്. സന്ധ്യയായതോടെ പ്രൊഫസര്‍ക്ക് അക്ഷമയായി. കൂട്ടുകാരിയേയും കുടുംബത്തേയും കാണാന്‍ കാത്തിരുന്ന് അവര്‍ മുഷിഞ്ഞു. മൊബൈല്‍ ഫോണില്‍ വിളിച്ചുനോക്കിയപ്പോള്‍ പ്രതികരണമില്ല. ചിലപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തതായും കേട്ടു.

 

ഒടുവില്‍ രാത്രി ഒമ്പതു മണിയോടടുപ്പിച്ച് സുഹൃത്ത് പ്രൊഫസറുടെ വീട്ടിലെത്തി. പ്രൊഫസറാകട്ടെ സന്തോഷം പ്രകടിപ്പിക്കാന്‍ പറ്റാത്ത വിധം. എന്തു പറയണം എന്തു ചോദിക്കണം എന്നൊന്നുമറിയാതെ. സുഹൃത്തും കുടുംബവും എത്തി സ്വീകരണമുറിയില്‍ ഇരുന്നതോടെ അവരെ ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ താന്‍ വിചാരിച്ചത് വിവരിക്കുകയായി. അവര്‍ പറഞ്ഞു- ഞാന്‍ വൈകീട്ട് അഞ്ചു മണിമുതല്‍ നിങ്ങളെ വിളിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടേയും ഫോണില്‍ മാറിമാറി വിളിച്ചു. അപ്പോള്‍ രണ്ടുപേരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി പ്രതികരണം. ഞാന്‍ വിചാരിച്ചു നിങ്ങള്‍ ഏതോ ഉള്‍പ്രദേശത്തേക്ക് എവിടെയെങ്കിലും പോയതായിരിക്കുമെന്ന്. എന്നാലും നിങ്ങള്‍ തിരികെപോകുമ്പോള്‍ കയറും എന്നു പറഞ്ഞതിനാല്‍ നിങ്ങള്‍ വല്ലാതെ ദൂരെയെങ്ങും പോയിക്കാണത്തില്ലെന്നും വിചാരിച്ചു. കാരണം ഇവിടെനിന്നു മൂന്നു മണിക്കൂര്‍ ദൂരത്ത് ഏതു ദിശയില്‍ പോയാലും റേഞ്ച് ഉള്ള സ്ഥലങ്ങളാണല്ലോ. പിന്നെ ഒരേഴുമണിയോടടുപ്പിച്ച് ഞാന്‍ നിങ്ങളെ ഒരുപാട് വിളിച്ചു. ഒരു എട്ടരമണിയായപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി നിങ്ങള്‍ വരില്ലെന്ന്. എന്റെ പിടിയില്‍ പെട്ടാല്‍ വൈകുമെന്ന് കണ്ട് ഇവിടെ കയറാതെ പോയിക്കാണുമെന്ന് വിചാരിച്ചു. പിന്നേയും ഞാന്‍ വിചാരിച്ചു, നിങ്ങള്‍ വിളിച്ചു പറഞ്ഞിട്ട് അങ്ങിനെ ചെയ്യാനിട വരുമോ. എങ്കിലും നീ പറഞ്ഞില്ലേ പറ്റുമെങ്കില്‍ കയറുമെന്ന്. അപ്പോ ഞാന്‍ വിചാരിച്ചു നിങ്ങള്‍ കയറാന്‍ തീര്‍ച്ചപ്പെടുത്തിക്കാണില്ലെന്ന്. അതുകൊണ്ടാണല്ലോ പറ്റുമെങ്കില്‍ എന്നു പറഞ്ഞതെന്ന്. പിന്നേയും ഞാന്‍ വിചാരിച്ചു, നീ ഉപേക്ഷ വിചാരിച്ചാലും പുള്ളിക്കാരന്‍ വിചാരിക്കാനിടയില്ലല്ലോ എന്ന്. പിന്നെ ഞാന്‍ വിചാരിച്ചു, ഇവിടുത്തെ പുള്ളിക്കാരന്‍ ഇവിടില്ലാത്തതുകൊണ്ട് പിന്നെ ഉള്ളപ്പോഴെങ്ങാനും കയറാമെന്ന് കരുതി പോയതായിരിക്കുമെന്ന് വിചാരിച്ചു. ഹായ്, അതിന് ഞാന്‍ നീ വിളിച്ചപ്പോ പുള്ളിക്കാരന്‍ ഇവിടില്ലാത്ത കാര്യം പറഞ്ഞില്ലല്ലോ എന്നോര്‍ത്തത് അപ്പോഴാ. അപ്പോ അതിനും സാധ്യതയില്ലല്ലോ. അപ്പോ ഞാനങ്ങറുപ്പിച്ച്  നിങ്ങള്‍ കയറണ്ടായെന്ന് ഉറപ്പിച്ച് പോയിക്കാണുമെന്ന്. ഞാന്‍ വിളിക്കുമ്പോ ബുദ്ധിമുട്ട് പറയാന്‍ മിനക്കെടെണ്ടല്ലോ എന്നു കരുതി രണ്ടുപേരും ഒന്നിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമെന്ന്.

 

അങ്ങനെ നീണ്ടുപോയി വൈകുന്നേരും അവരുടെ സുഹൃത്തിന്റെ പ്രഖ്യാപിത വരവ് താമസിച്ചപ്പോഴുണ്ടായ വിചാരം. പക്ഷേ ഒമ്പതു മണിയായപ്പോള്‍ ആ വിചാരങ്ങളെല്ലാം അബദ്ധമായിരുന്നു എന്നു വ്യക്തമായി. ഫോണ്‍ സ്വിച്ച് ഓഫ് ആയി കണ്ടതിനു പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായതുമില്ല.  അവരുടെ രണ്ടുപേരുടേയും ഫോണ്‍ റേഞ്ചില്‍ തന്നെയായിരുന്നു. ഒരു പക്ഷേ ഈ പ്രൊഫസറുടെ ഫോണായിരിക്കാം റേഞ്ചിനു പുറത്തുണ്ടായിരുന്നത്.

 

ഓരോ വിചാരത്തിനും അവര്‍ ഓരോ തരം വികാരം അനുഭവിച്ചിട്ടുണ്ടാകും. ഓരോ വിചാരവും ഓരോ ചിന്തകള്‍. അതനുസരിച്ച് അവരുടെയുള്ളില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടാകും. പ്രിയപ്പെട്ട സുഹൃത്ത് തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ വരുന്നതെന്ന് പ്രൊഫസര്‍ അറിഞ്ഞു. അത് തനിക്കു കിട്ടുന്ന ശ്രദ്ധ. ആ ശ്രദ്ധയുടെ അഭാവം പ്രൊഫസര്‍ അറിയുന്നുണ്ടാകും. അതിന്റെ പേരിലാണ് തന്നെ കാണാന്‍ തന്റെ കൂട്ടുകാരി വരുമെന്നു പറഞ്ഞപ്പോള്‍ അവര്‍ ആഹ്ലാദത്തിലായത്. സുഹൃത്ത് വൈകിയപ്പോള്‍ അവരുടെ മനസ്സ് അസ്വസ്ഥമായി. തനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്ന സന്തോഷം നഷ്ടമാകുമോ എന്ന ആശങ്ക അവരെ പിടികൂടി. ആ ആശങ്ക ഓരോ ചിന്തകള്‍ക്ക് കല്‍പ്പന നല്‍കി. ആ ഓരോ ചിന്തയും ശ്രദ്ധിച്ചാല്‍ ഒന്നു മനസ്സിലാകും താന്‍ കബളിക്കപ്പെട്ടോ എന്നുള്ള തോന്നലാണ് അതിന്റെ അടിത്തട്ടില്‍ അഥവാ അവരുടെ ഉപബോധ മനസ്സില്‍  പ്രവര്‍ത്തിച്ചിരിക്കുന്നുത്. അങ്ങനെ ആകാതിരിക്കാന്‍ അവര്‍ ആഗ്രഹിക്കുകയും അതേ സമയം അങ്ങനെ ആകുമോ എന്ന സംശയത്താല്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നു.

 

ഇത് ഈ സുഹൃത്തിന്റെ വരവിന്റെ കാര്യത്തില്‍ മാത്രം സംഭവിച്ചതല്ല. അവരുടെ ചിന്താഘടനയുടെ പ്രഭവസ്ഥാനം ആ വിധമായിരിക്കുന്നു. അതിന്റെ കാരണം അവരുടെ ഉള്ളില്‍ ഉണങ്ങാതെ തുടരുന്ന മുറിവുകളാണ്. മുറിവുള്ളവര്‍ എപ്പോഴും ചെറിയ ആശ്വാസത്തിനായി ശ്രമിക്കും. മുറിഞ്ഞ് വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാല്‍ കിട്ടുന്ന ആശ്വസം പോലെ. മുറിവുകള്‍ എപ്പോഴും ഇത്തരം ആശ്വാസങ്ങള്‍ക്കേ കാത്തിരിക്കൂ. കാരണം മുറിവില്ലാത്ത അവസ്ഥയുടെ സുഖം മുറിവിന് അറിയാന്‍ കഴിയില്ല. മുറിവിനെ സംബന്ധിച്ച് സുഖം എന്നത് മുറിവില്‍ നിന്നുണ്ടാവുന്ന അല്‍പ്പാശ്വാസമാണ്. അത് ശീലമായാല്‍ കുറേക്കഴിയുമ്പോള്‍ ഇത്തരം അല്‍പ്പാശ്വാസങ്ങളെ സുഖമായി ധരിക്കാന്‍ തുടങ്ങി അതുറപ്പിക്കും. ആ സുഖത്തെ സന്തോഷമായും തെറ്റിദ്ധരിക്കും. അതിനാല്‍ ഇത്തരം അല്‍പ്പാശ്വാസങ്ങളെ പൊതുവേ സുഖവും സന്തോഷവുമായി ധരിക്കുന്ന പൊതു അവസ്ഥ കൈവരുന്നു. ഈ ഘടകമാണ് ഓരോ നിമിഷവും അവരുടെ ചിന്തകളെ നിയന്ത്രിക്കുന്നത്. അതിനാല്‍ ലോകത്ത് എന്തു നടന്നാലും അത് തന്റെ ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞൊടിയിടകൊണ്ട് അളന്നുനോക്കിയാണ് ഓരോ ചിന്തകളും ജന്മമെടുക്കുന്നത്.

 

കയറുമെന്ന് പറഞ്ഞിട്ട് കയറുന്നില്ലെന്ന് തന്നോട് വിളിച്ചുപറയാനുള്ള ധൈര്യം സുഹൃത്തിനില്ലെന്ന് ഈ പ്രൊഫസര്‍ തന്നെ പറയുമ്പോള്‍, അവര്‍ക്കറിയാം അവര്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന്. കേള്‍ക്കുന്ന  തന്റെ സുഹൃത്തിന് സുഖകരമായ വിധമായിരിക്കില്ല എന്ന് അവര്‍ക്ക് തന്നെ നല്ല നിശ്ചയം. സുഹൃത്താണെങ്കില്‍ ദൂരെ നിന്നാണെങ്കിലും അടുത്തുനിന്നാണെങ്കിലും ഓരോ ബന്ധപ്പെടലും അവശേഷിപ്പിക്കേണ്ടത് സുഖമാണ്. ഒരു പക്ഷേ തന്റെ സുഹൃത്ത് പോയ സ്ഥലത്തുനിന്ന് മടങ്ങിവരുമ്പോള്‍ കയറിയില്ലെന്നിരിക്കിട്ടെ. സൗഹൃദം ദൃഢമാണെങ്കില്‍ രണ്ടുപേര്‍ക്കും പരിഭവമുണ്ടാകില്ല. അസൗകര്യം ഉണ്ടായതിനാലാകും സുഹൃത്ത് കയറാതിരുന്നതെന്ന് അവര്‍ മനസ്സിലാക്കും. അതു നന്നായി എന്നു അവര്‍ അറിയിക്കുകയും ചെയ്യും. സുഹൃത്ത് ബുദ്ധിമുട്ടാതിരിക്കുന്നതാണ് ഏത് സുഹൃത്തിന്റേയും ആഗ്രഹമായി മാറേണ്ടത്. അവിടെയാണ് ഉപാധികളില്ലാത്ത സൗഹദം  ശക്തമാകുന്നത്.

 

അതിനര്‍ഥം ഈ പ്രൊഫസര്‍ക്ക് തന്റെ സുഹൃത്തിനോട് സ്നേഹമില്ലെന്നല്ല. അവരിലൂടെ ഇവര്‍ തന്റെ സന്തോഷം പ്രതീക്ഷിക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്ക് ചെയ്യാവുന്നത് തങ്ങളുടെ ഈ സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിക്കുകയും കാണുകയും ചെയ്യുക എന്നുള്ളത് തന്നെ. കാരണം അവര്‍ സന്തോഷം അനുഭവിക്കുന്ന നിമിഷങ്ങളാണത്. ഏറ്റവും അടുത്തവരില്‍ നിന്ന് അവര്‍ സ്നേഹക്കമ്മി അനുഭവിക്കുന്നു. കമ്മിയുണ്ടായാല്‍ അതു നികത്തുക സ്വാഭാവികം. അവരും ആ ശ്രമം നടത്തുന്നുണ്ട്. പക്ഷേ ഓരോ ശ്രമം നടത്തുമ്പോഴും കമ്മി കൂടുന്നതായി അവര്‍ അറിയുന്നുണ്ടാകും. അതേ സമയം തന്നില്‍ കമ്മി സൃഷ്ടിക്കുന്നവര്‍ തന്നെയാണ് തന്റെ സമ്പാദ്യമെന്നും ഇവര്‍ അറിയുന്നുണ്ട്. അവിടെയാണ് അവ്യക്തതയുടെ വിളനിലം. ആ വിളനിലത്തില്‍ തഴച്ചുവളരുന്ന കളകളാണ് അവരുടെ ഉള്ളില്‍ സദാ സംഭവിച്ചുകൊണ്ടിരിക്കുന്ന ചിന്തകള്‍. കളകള്‍ തഴച്ച് ഇടതിങ്ങിവളര്‍ന്ന് തിമിര്‍ത്താല്‍ അതിനുള്ളില്‍ വളരുന്ന വിളയുടെ അവസ്ഥ ദയനീയം. കളപറിക്കലും പണിപ്പെട്ടതു തന്നെ. കളകള്‍ പൂത്തും കായ്ച്ചും വീണ്ടും തഴയ്ക്കുമ്പോള്‍ ഇവയാണ് യഥാര്‍ഥ വിളയെന്ന് ഇതിന്റെയുടമ ധരിച്ചുവശായെന്നുമിരിക്കും. അവിടെ നിന്നാണ് യാഥാര്‍ഥ്യങ്ങള്‍ കണ്‍മുന്നില്‍ കാണുമ്പോഴും വിചാരം വിശ്വസിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നത്. അതുകൊണ്ടാണ് ഇങ്ങനെയുള്ളവര്‍ മിക്കപ്പോഴും കൂടുതല്‍ സംസാരിക്കുന്നതും. അതുകൊണ്ടാണ് ഈ പ്രൊഫസര്‍ തന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ നിര്‍ത്താതെ താന്‍ വിചാരിച്ചത് എന്തെല്ലാമെന്ന് നിഷ്കളങ്കതയുടെ അകമ്പടിയോടെ വിവരിച്ചത്.  ഓരോ ചിന്തയുടേയും തൂണ് പേടിയാണെന്നുള്ളതും കാണാന്‍ കഴിയും. അതായത് മുറിവ് വേദനിക്കുമോ എന്ന പേടി.

 

കൂടെയുളളവരെ പെട്ടന്ന് ശുണ്ഠി പിടിപ്പിക്കാനും ഈ പ്രൊഫസര്‍ക്ക് കഴിഞ്ഞെന്നിരിക്കും. കാരണം മുമ്പിലുള്ള യാഥാര്‍ഥ്യത്തെ കാണാതെ തന്റെ വിചാരത്തില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുനിമിഷം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. സ്വാഭാവികമായും അത് വിപരീതഫലങ്ങളെ സൃഷ്ടിക്കും. മറ്റുള്ളവര്‍ ഇതായിരിക്കും ഉദ്ദേശിച്ചതെന്ന് സ്വയം ഉദ്ദേശിച്ച് അതനുസരിച്ച് ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താലുണ്ടാകുന്ന അശകൊശ ചിന്തനീയം. കൂടെയുള്ളവര്‍ ശുണ്ഠി പിടിക്കുമ്പോള്‍ താന്‍ വിചാരിച്ചത് ഇന്നതാണെന്നും അതിനാലാണ് താന്‍ പറഞ്ഞതോ ചെയ്തതോ തെറ്റിപ്പോയതെന്നും അത് ബോധപൂര്‍വ്വമുണ്ടായ തെറ്റല്ലെന്നും അവര്‍ പറഞ്ഞ് സമര്‍ഥിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അത് ആത്മാര്‍ഥമായ ശ്രമവുമാണ്. എന്നാല്‍ യാഥാര്‍ഥ്യം കണ്ടിട്ടും കണ്ടില്ലെന്ന് പറഞ്ഞ് സ്വയം ഇഷ്ടപ്രകാരം ചെയ്തുവെന്ന് കൂടെയുള്ളവര്‍ അപ്പടി വിഴുങ്ങാന്‍ തയ്യാറാകില്ല. തന്റെ നിഷ്കളങ്കതയെ ആരും കാണുന്നില്ലെന്ന് ആത്മാര്‍ഥമായി ഇവര്‍ വിലപിക്കും. അതു ശരിയുമാണ്. അതാണ് അവര്‍ക്ക് അനുനിമിഷം ഏറ്റുകൊണ്ടിരിക്കുന്ന മുറിവും അതിന്റെ വായ് വലുതായി കൊണ്ടിരിക്കുന്നതും. കൂടെയുളളവര്‍ ഇതറിയാത്ത പക്ഷം ഇങ്ങനെയുളളവര്‍ വിപരീത വ്യക്തിത്വങ്ങളാണെന്ന് മുദ്രകുത്തും. വിപരീത വ്യക്തിത്വങ്ങള്‍ എന്തു പറഞ്ഞാലും വിപരീതാത്മകം. വിപരീതാത്മകത്തെ സ്വീകരിക്കുക സാധൂകരണമുള്ളതല്ല. അതിനാല്‍ ഓരോ തവണ ഇവര്‍ വായ് തുറക്കുമ്പോഴും അവര്‍ തിരസ്കരിക്കപ്പെടുന്നു. വീണ്ടും വീണ്ടും മുറിവുകള്‍. ഓരോ മുറിവും ഓരോ കളയുടെ തടം. അതാണ് വിചാരകേന്ദ്രം.