ഒരു സർക്കാർ സ്ഥാപനത്തിലെ സീനിയർ എഞ്ചിനീയർ. കാൽ നൂറ്റാണ്ടിനോടടുപ്പിച്ച സേവന പാരമ്പര്യം. വിഷയത്തിൽ അഗ്രഗണ്യൻ. അഴിമതി തൊട്ടു തീണ്ടിയിട്ടില്ല. തന്റെ എഞ്ചിനീയറിംഗ് വിഷയത്തിൽ ഏർപ്പെട്ടാൽ സന്തോഷത്തിന്റെ ഉച്ചകോടിയിലെത്തും. സുഹൃത്തുക്കളുമായുള്ള സൗഹൃദം അങ്ങേയറ്റം ഊഷ്മളം. എന്നാൽ തൊഴിൽ പരമായ എന്തെങ്കിലും വിഷയങ്ങളാണെങ്കിൽ ഇനി എത്ര ആത്മാർഥ സുഹൃത്താണെന്നു പറഞ്ഞാലും ഒരു രക്ഷയുമില്ല. സുഹൃത്തുക്കളും മേലുദ്യോഗസ്ഥരുമെല്ലാം കുഴഞ്ഞ സാങ്കേതിക പ്രശ്‌നങ്ങളുടെ പരിഹാരത്തിനും സംശയനിവാരണത്തിനുമെല്ലാം ഈ എഞ്ചിനീയറുടെ സഹായം തേടാറുണ്ട്. അതൊക്കെ ഇദ്ദേഹത്തിനു വളരെ സന്തോഷമുള്ള കാര്യമാണ്. ഏതു കാര്യവും ഏറ്റെടുത്താൽ അത് അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ ചെയ്യുമെന്നു മാത്രമല്ല അത് കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിലും ഈ എഞ്ചിനീയർ വിദഗ്ധനാണ്. അതുപോലെ ജൂനിയേഴ്‌സിന് അറിവ് പകർന്നുകൊടുക്കുന്നതിലും ഇദ്ദേഹം അതീവ തൽപ്പരനാണ്.വിശേഷിച്ചും അപ്രന്റിസുകളായി എത്തുന്നവർക്ക്.
അപ്രന്റിസുകൾക്ക് പ്രത്യേക താൽപ്പര്യത്തോടെ ഇദ്ദേഹം കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നതിന് മറ്റൊരു കാര്യവും കൂടിയുണ്ട്. അപ്രന്റിസുകളായെത്തുന്ന മിക്കവർക്കും വിഷയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പോലും പിടിയുണ്ടാകാറില്ല. അവർക്ക് എന്തെങ്കിലും നല്ല തൊഴിൽ തരപ്പെടണമെങ്കിലോ മേൽഗതി ഉണ്ടാവണമെങ്കിലോ വിഷയധാരണ ആവശ്യമാണെന്നും അതുണ്ടായിക്കൊള്ളട്ടെ എന്ന സ്‌നേഹത്താലുമാണ് ഇദ്ദേഹം ഇതിൽ പ്രത്യേക താൽപ്പര്യം കാണിക്കാറുള്ളത്.
അതീവ ബുദ്ധിശാലിയായ ഒരു അപ്രന്റിസ് യുവാവെത്തി. എന്തെങ്കിലും പറഞ്ഞുകൊടുത്താൽ അത് ഉദ്ദേശിക്കുന്ന വിധത്തിൽ തന്നെ ഒറ്റ വിശദീകരണത്തിന് തന്നെ മനസ്സിലാക്കുകയും അതു പ്രയോഗിക്കുന്നതിൽ സാമർഥ്യവുമുള്ള ഒരു അപ്രന്റിസ് പയ്യൻ. പക്ഷേ പയ്യൻസ് മഹാ ഉഴപ്പനാണ്. എപ്പോഴും മൊബൈൽ ഫോണിലാണ്. പിന്നെ തമാശകളുമായുള്ള ഒരു ചുറ്റിക്കളി സ്വഭാവം. ഇത്രയും സമർഥനായ ഒരു യുവാവ് ഉത്തരവാദിത്വമില്ലായ്മ കാണിക്കുന്നതിലും ചെയ്യേണ്ട പണി കൃത്യമായി ചെയ്യാത്തതിലും ഇദ്ദേഹത്തിന് അതിയായ വിഷമമുണ്ടായി. പല അപ്രന്റിസ്സുകൾക്കും കാര്യങ്ങൾ പറഞ്ഞുകൊടുത്താലും മനസ്സിലാക്കാൻ പ്രയാസമാണ് പൊതുവേ കാണാറുള്ളത്. അതിനിടയിലാണ് ഇത്രയും സമർഥനായ ഒരാൾ തീരെ ഉത്തരവാദിത്വരാഹിത്യത്തോടെ പെരുമാറുന്നത്. ഒരു ദിവസം വളരെ നിസ്സാരതയോടെയുളള പെരുമാറ്റം കണ്ടപ്പോൾ ഈ സീനിയർ വല്ലാതെ ക്ഷുഭിതനായി. ഇവ്വിധമാണ് അയാൾക്ക് തൊഴിലിനോടും വിഷയത്തോടുമുള്ള സമീപനമെങ്കിൽ അയാൾ എങ്ങും എത്തിപ്പെടില്ലെന്നും ഏതു സ്ഥാപനത്തിനും അയാളെപ്പോലെ ഒരാളെ കിട്ടിയതുകൊണ്ട് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കുമെന്നും വെട്ടിത്തുറന്ന് ഈ സീനിയർ എഞ്ചിനീയർ പറഞ്ഞു.
ഈ ശകാരം കേട്ടതിനു ശേഷം ആ അപ്രന്റിസ് പയ്യൻ വല്ലാതെ വിഷണ്ണനായി. അയാളിൽ കണ്ടിരുന്ന പ്രസരിപ്പും ചൊടിയുമൊക്കെ കാണാതായി. ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പേടിച്ചപോലെയായി പെരുമാറ്റം. ഇതു കണ്ടപ്പോൾ ശകാരിച്ച സീനിയർക്കും വിഷമമായി. അതേസമയം പഴയതുപോലെ കുസൃതിയും വികൃതികളും കാണിക്കുന്നില്ലെങ്കിലും അയാളുടെ പണിക്ക് മുൻപ് പ്രകടമായിരുന്ന മികവ് കാണാതായത് ഈ സീനിയർ എഞ്ചിനീയറെ ബാധിച്ചു. അദ്ദേഹത്തിന്റെ സർവ്വീസിനെക്കാൾ പ്രായക്കുറവാണ് ആ അപ്രന്റിസിന്. കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവമായിരുന്നു അയാൾക്കുണ്ടായിരുന്നത് എന്ന് വേണമെങ്കിൽ പറയാം.
അപ്രന്റിസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഏറ്റവും കൂടുതൽ വിഷമമായത് ശകാരിച്ച സീനിയർ എഞ്ചിനീയർക്കാണ്. അത് അദ്ദേഹം അടുത്ത ചില സുഹൃത്തുക്കളുമായി പങ്കു വയ്ക്കുകയും ചെയ്തു. അപ്പോൾ മിക്കവരും അദ്ദേഹം ശകാരിച്ചതിൽ പോരായ്മ കണ്ടില്ലെന്നു മാത്രമല്ല പുതു തലമുറയുടെ മുഖ്യമായ പരിമിതികൾ അക്കമിട്ടു നിരത്തുകയും ചെയ്തു. പക്ഷേ ഈ എഞ്ചിനീയറുടെ മനസ്സ് അസ്വസ്ഥമായി തുടർന്നു.
ഉന്മേഷവും പ്രസരിപ്പും പഠന കൗതുകവും കൂർമ്മ ബുദ്ധിയുമുള്ള യുവാവാണ് അപ്രന്റിസ്. എന്നാൽ ആ യുവാവ് എപ്പോഴും ഇളകി ഇളകി ഒന്നിൽ നിന്ന് അടുത്തതിലേക്കിങ്ങനെ ചാടിക്കൊണ്ടിരിക്കുന്ന പ്രകൃതം. മുഖ്യമായും ഉത്തരവാദിത്വത്തിൽ ശ്രദ്ധിക്കുന്നില്ല. എന്നാൽ ഓഫീസിൽ തനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിക്കുകയും സ്റ്റാഫിലുള്ള ചിലരുമായി കളി തമാശകളുമായി നീങ്ങുകയുമാണ് പ്രധാനമായും ചെയ്യുക.
ഈ എഞ്ചിനീയർ പറഞ്ഞുകൊടുക്കുന്നതൊക്കെ പഠിക്കാൻ അയാൾ തയ്യാറാണ്. എന്നാൽ സ്വമേധയാ ആ എഞ്ചിനീയറുടെ അടുത്തേക്ക് ഇയാൾ ആകർഷിക്കപ്പെടുന്നില്ല. അത് ആ യുവാവിന്റെ പ്രശ്‌നമല്ല. എത്ര തന്ന അറിവുണ്ടായാലും അത് മറ്റൊരാളിലേക്ക് ഒഴുകുന്നത് മറ്റൊരാൾ സ്‌നേഹപൂർവ്വം അത് സ്വീകരിക്കാൻ തയ്യാറാവുമ്പോഴാണ്. ഈ യുവാവ് സന്തോഷത്തിൽ തുടരുവാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ചിലപ്പോൾ അയാൾ ഇവ്വിധം ഒന്നിലും അധികനേരം ശ്രദ്ധിക്കാതെ പെരുമാറുന്നത് അയാൾക്ക് അയാളറിയാതെ അയാളുടെ ഉള്ളിലുള്ള ചെറിയ വിഷാദത്തിന്റെ ഫലമായിരിക്കും. ആയിരിക്കുമെന്നല്ല.അതാകാനേ വഴിയുള്ളു. ദാഹിക്കുന്നവൻ ജലം തേടുന്നതുപോലെ വിഷാദമുള്ളവൻ സന്തോഷം തേടും അതു സ്വാഭാവികം. അത്രയ്‌ക്കൊന്നും ഈ സീനിയർ മനസ്സിലാക്കിയില്ലെങ്കിലും താൻ ആർക്കാണോ പറഞ്ഞുകൊടുക്കുന്നത് അയാളുടെ ശക്തിയും ദൗർബല്യവും ആദ്യം അയാൾ അറിഞ്ഞിരിക്കണം. ഊർജ്ജസ്വലനാണ് ഈ യുവാവ്. അതോടൊപ്പം നല്ല ബുദ്ധിശക്തിയും. ആകെയുള്ള പ്രശ്‌നം ഉത്തരവാദിത്വമില്ലായ്മ. എന്നാൽ അതേ ഓഫീസിലെ ചില എഞ്ചിനീയർമാരുമായി കൂട്ടുകാരെപ്പോലെ സൗഹൃദവും പുലർത്തുന്നു. അപ്പോൾ ആദ്യമായി ആ യുവാവുമായി സ്‌നേഹം പങ്കുവച്ച് അയാളുമായി സൗഹൃദം ഉണ്ടാക്കുകയാണ് ആദ്യമായി ഈ സീനിയർ ചെയ്യേണ്ടത്.
ഇതിനെല്ലാമുപരി തനിക്ക് വിഷയം നന്നായി അറിയാമെന്നും ആ അറിവിനെ അപ്രന്റിസായിട്ടു കൂടി ഈ കുട്ടി വിലമതിക്കാതെ വന്നപ്പോഴുണ്ടായ രോഷമാണ് ഈ എഞ്ചിനീയറെക്കൊണ്ട് അയാളെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിപ്പിക്കാനിടയാക്കിയത്. തന്നെ വേണ്ടത്ര രീതിയിൽ പരിഗണിക്കാതെ വന്നതിലുള്ള വേദനയാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. അതിന്റെ പേരിൽ ആ യുവാവിനെ അയാൾ ശപിക്കുകയായിരുന്നു. അല്ലാതെ അയാൾ വിഷയം പഠിക്കാത്തതോ അയാളുടെ ഭാവി നാളെ ഇരുണ്ടതായിപ്പോകുമോ എന്നുള്ള ആശങ്കയൊന്നുമല്ല അദ്ദേഹത്തെ അവ്വിധം പെരുമാറാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. മറിച്ച്, ആ അപ്രന്റിസ്സിലെ അനുകൂല ഘടകങ്ങൾ മനസ്സിലാക്കി, അതോടൊപ്പം അയാളുടെ പോരായ്മകളും മനസ്സിലാക്കി സ്‌നേഹത്തോടെ അയാളുമായി പെരുമാറിയതിനു ശേഷമായിരുന്നു വിഷയം പറഞ്ഞുകൊടുത്തിരുന്നതെങ്കിൽ ആ അപ്രന്റിസ്സ് അതീവ സാമർഥ്യത്തോടെ അപ്രന്റിസ് കാലം പൂർത്തിയാക്കുകയും പണി പഠിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ആ തുടക്കക്കാരന്റെ മനസ്സിൽ ആഴത്തിൽ മുറിവേറ്റിരിക്കുന്നു. അയാളുടെ ആത്മവിശ്വാസവും ചോർന്നുപോകാൻ ആ ശകാരം കാരണമായിട്ടുണ്ടാകും.
ഏതു കാര്യത്തിലും അറിവുണ്ടായി അത് വിളയുന്നത് ആ വിഷയത്തിന്റെ സൂക്ഷ്മതലങ്ങൾ കരഗതമാക്കുന്നതുകൊണ്ടാണ്. ആ സൂക്ഷ്മതലങ്ങൾ മനസ്സിലാക്കുന്നതു വഴി അങ്ങനെ പ്രാവീണ്യം നേടുന്നവർ പൊതുവേ സൂക്ഷ്മമായ ദൃഷ്ടിശേഷി ഉളളവരാകേണ്ടതാണ്. അതാണ് വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട പരിവർത്തനം. ആ പരിവർത്തനത്തെയാണ് സംസ്‌കാരം എന്നു പറയുന്നത്. അത് ഈ സീനിയർ എഞ്ചിനീയറുടെ ഭാഗത്ത് സംഭവിച്ചില്ല. മറിച്ച് അറിവിന്റെ പേരിൽ അദ്ദേഹത്തിന് അഹന്തയും ഉണ്ടായി. ആ അഹന്തയാണ് ആ യുവാവിനെ അദ്ദേഹത്തിൽ നിന്നും അകറ്റിയതെന്ന് സൂക്ഷ്മമായി നോക്കിയാൽ കാണാൻ പറ്റും. ഈ യുവാവിന്റെ സ്വഭാവം താൽപ്പര്യത്തോടെ എന്തിലും ഏർപ്പെട്ട് സന്തോഷത്തോടെ എല്ലാം ചെയ്യുക എന്നതാണ്. അത് ഒരു വ്യക്തിയിൽ ഉണ്ടാവുക വളരെ അനുഗ്രഹമാണ്. അദ്ദേഹത്തിനും സമൂഹത്തിനും .ആ യുവാവിന്റെ ആ സ്വഭാവാംശമാണ് അയാളിലേക്കുള്ള വഴി.
വഴിയാണ് പ്രധാനം. അതു കണ്ടെത്തുകയായിരിക്കണം എന്തും പറഞ്ഞുകൊടുക്കാൻ തുനിയുന്ന ആരും ആദ്യം ശ്രദ്ധിക്കേണ്ടത്. ആ വഴി കണ്ടെത്താൻ കഴിവുണ്ടാകുമ്പോഴാണ് തന്റെ പക്കലുളള അറിവ് ലോക നന്മയ്ക്കായി സർഗ്ഗാത്മകമാം വിധം പ്രയോജനപ്പെടുകയുളളു. ഈ യുവാവിന്റെ രസാത്മകതയിലേക്ക് ഒന്ന് ശ്രദ്ധിക്കുയേ വേണ്ടൂ അത് മനസ്സിലാക്കാൻ. അല്ലാതെ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഒരു പക്ഷേ തനിക്ക് ശ്രദ്ധ കിട്ടാൻ വേണ്ടി ഉടലെടുത്ത ഒരു സ്വഭാവത്തിന്റെ ഭാഗമായിട്ടായിരിക്കാം ആ യുവാവിൽ ആ അംശം ഉണ്ടായത്. അപ്പോൾ വെറുതെ അയാളെയൊന്നു ശ്രദ്ധിക്കുക മാത്രമേ വേണ്ടൂ. അതാണെങ്കിൽ വളരെ നിസ്സാരവുമാണ്. കാരണം അയാളിൽ ആത്മാർഥമായി കൗതുകം ഉണ്ടെന്നു തോന്നുന്നവരെ അയാൾ സ്വീകരിക്കും. പിന്നീട് അങ്ങനെയുളളവരുടെയടുത്ത് അയാൾ എത്ര വേണമെങ്കിലും ചെലവഴിക്കും. സ്വാഭാവികമായും അവർ പറയുന്നത് മനസ്സിലാക്കുകയും അവർ പറയുന്നത് സന്തോഷത്തോടെ ചെയ്യുകയും ചെയ്യും. എന്തെങ്കിലും സ്വഭാവവൈകല്യങ്ങളോ അല്ലെങ്കിൽ ഒരു ഓഫീസ് സംവിധാനത്തിൽ തിരുത്തേണ്ട രീതികളോ ഉണ്ടെങ്കിൽ സ്‌നേഹത്തോടെ പറഞ്ഞാൽ അയാൾ സ്‌നേഹ-സന്തോഷത്തോടെ മാറ്റുകയും ചെയ്യും. ഇത് അയാൾക്കും അതു വഴി സമൂഹത്തിനും ഗുണകരമാകും. സീനിയർക്ക് സംതൃപ്തിയും.