ഇന്നോവയ്ക്കകത്തെ കുളിരും പുറത്തെ എരിപൊരിയും

Glint Guru
Tue, 05-04-2016 02:44:00 PM ;

ac car and scorching heat

 

ഒരു ഡോക്ടറുടെ കൺസൾട്ടിംഗ് സെന്റർ. മുറ്റത്ത് ധാരാളം മരങ്ങളുണ്ട്. മുറ്റത്തിന് അതിർത്തി തീർത്തുകൊണ്ടു കുഞ്ഞു മതിലും. നിലത്തുനിന്ന് അരയടി മാത്രം പൊക്കത്തിൽ. അർധചന്ദ്രാകൃതിയിൽ മുകളിലേക്ക് കെട്ടിയിട്ടുള്ളവ. ഇടയ്ക്കിടയ്ക്ക് കുറ്റിത്തൂണുകളും . എവിടെ വേണമെങ്കിലും ഇരിക്കാം. രോഗികൾക്ക് കാത്തിരിക്കാൻ ശീതീകരിച്ച മുറിയുമുണ്ട്. ആളുകള്‍ കൂടുതലാകുമ്പോൾ രോഗികളും കൂടെ വന്നവരുമൊക്കെ മുറ്റത്തിറങ്ങി ഈ കുഞ്ഞുമതിലിൽ മരത്തിനടിയിലിരിക്കും. ശീതീകരിച്ച മുറിയിൽ ഇരിക്കുന്നതിനേക്കാൾ സുഖകരമാണ് അവിടുത്തെ ഇരുത്തം. ഡോക്ടർ തന്നെ രോഗികളുടെ പേര് ഉച്ചഭാഷിണിയിലൂടെ വിളിക്കുന്നതു കാരണം അവിടിരുന്നാലും കുഴപ്പമില്ല. ചിലർ വരുന്ന കാറുകൾ മുറ്റത്തേക്ക് കയറ്റി ഇടും.

 

ഒരു ഇന്നോവാ കാറില്‍ വന്ന യുവാവും അയാളുടെ ഭാര്യയും. ഭാര്യയെ ഡോക്ടറെ കാണിക്കാനാണ് വന്നത്. 2016-ലെ ഈസ്റ്റർ ദിവസം. ആളുകള്‍ വളരെ കൂടുതൽ. രാവിലെ എട്ടു മണിക്കു വന്നവരും ഉച്ചയ്ക്ക് ഒരു മണിയായപ്പോഴും ഊഴം കാത്തു നിൽക്കുന്നു. ചിലർ വല്ലാതെ വിശന്നു തളർന്നിട്ടുണ്ട്. അകത്ത് സ്ഥലം കഴിഞ്ഞതിനാൽ കൂടുതൽ പേരും മുറ്റത്തെ കുഞ്ഞുമതിലിലാണിരുത്തം. ഉച്ച നേരമായപ്പോൾ ജീന്‍സും ടീഷര്‍ട്ടും ധരിച്ച ആ യുവാവെത്തി കാര്‍ സ്റ്റാർട്ടു ചെയ്തു. ഭാര്യ അകത്ത് ശീതീകരിച്ച മുറിയിലിരിപ്പാണ്. പിന്നിൽ ഒരു കാറ് കിടപ്പുണ്ട്. അതു കണ്ടപ്പോൾ സംശയം തോന്നി. എങ്ങനെയാണ് ഇത് പിന്നിലേക്കെടുക്കുന്നതെന്ന്. വശത്ത് കുറച്ചു സ്ഥലമുണ്ട്. അതിലൂടെ വേണമെങ്കിൽ സാഹസം പോലെ എടുത്തുകൊണ്ടു പോകാം. പക്ഷേ സ്റ്റാർട്ടാക്കിയ ഇന്നോവ അനക്കുന്നില്ല. യുവാവ് അതിനുള്ളിൽ തന്നെ ഇരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുഖമായിരുന്ന ആ പ്രദേശം ഡീസൽ കരിയുന്നതിന്റെ മണവും ചൂടും കൊണ്ട് പൂരിതമായി. തണലില്ലാത്ത മീനമാസ ചൂടിനേക്കാൾ തീക്ഷ്ണമായ ചൂട്. പൊതുവേ ശാന്തമായിരുന്ന ആ മുറ്റം ഈ ഒറ്റ വാഹനത്തിന്റെ ശബ്ദം നിമിത്തം മലിനമാക്കപ്പെടുകയും ചെയ്തു. ആ കുഞ്ഞുമതിലിൽ ഇരുന്ന സ്ത്രീകൾ അതു സഹിക്കാൻ കഴിയാതെ നല്ല തണൽ തേടി മാറിയിരുന്നു. ആ കാറിന്റെ സമീപത്തെ തണലിന്റെ പ്രത്യേകത അവിടെ നിഴലുകൾക്കിടയിലൂടെയുള്ള വട്ടസൂര്യന്മാര്‍ കുറവായിരുന്നു.

 

സമീപത്തിരുന്ന സ്ത്രീകൾ എഴുന്നേറ്റു പോകുന്നതു കണ്ടിട്ടും ആ യുവാവ് നിസ്സങ്കോചത്വത്തോടെയോ, അല്ലെങ്കിൽ തന്റെ പ്രവൃത്തിയില്‍ ഒട്ടും അനൗചിത്യം കാണാത്തതുപോലെയോ ആ കാറിലെ തണുപ്പിനുള്ളിൽ സുഖത്തോടെയിരുന്നു. ആ യുവാവിനെ അവ്വിധം പെരുമാറാൻ എന്തായിരിക്കും പ്രേരിപ്പിച്ചത്. അവിടെ നിന്ന് എഴുന്നേറ്റു പോയ ചില സ്ത്രീകളുടെ മുഖത്ത് അമർഷത്തിന്റേതും മറ്റൊരാൾ അരുതാത്തതു ചെയ്തുവെന്ന രീതിയിലുമുള്ള ഭാവമായിരുന്നു. മറ്റുള്ളവരെ അസൗകര്യപ്പെടുത്തിക്കൊണ്ടായാലും തന്റെ സുഖത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന മാനസികാവസ്ഥയുള്ള വ്യക്തിയുടെ പെരുമാറ്റമാണ് അയാളിൽ നിന്നും പ്രകടമായത്.

 

നമ്മൾ നമ്മുടെ മനസ്സിലുള്ളതിനെ മാത്രമാണ് പുറത്ത് തിരിച്ചറിയുന്നത്. അപരിചിതരുടെ മുഖം നമ്മുടെ മനസ്സിൽ ഇല്ലാത്തതുകൊണ്ടാണ് അവരെ തിരിച്ചറിയാത്തത്. ഉള്ളിൽ ശാന്തതയുണ്ടെങ്കിൽ മാത്രമേ പുറത്ത് ശാന്തത പ്രകടമാകുമ്പോൾ അതിനെയും തിരിച്ചറിയൂ.

 

ഒരു വീട്ടുമുറ്റത്ത്, വിശേഷിച്ചും രോഗികൾ എത്തിയിട്ടുള്ള ശാന്തമായ പ്രദേശത്തിന്റെ ശാന്തത അനുഭവിക്കണമെങ്കിൽ അതിനെ തിരിച്ചറിയണം. നമ്മൾ നമ്മുടെ മനസ്സിലുള്ളതിനെ മാത്രമാണ് പുറത്ത് തിരിച്ചറിയുന്നത്. അപരിചിതരുടെ മുഖം നമ്മുടെ മനസ്സിൽ ഇല്ലാത്തതുകൊണ്ടാണ് അവരെ തിരിച്ചറിയാത്തത്. അതുപോലെ പരിചിതരെ തിരിച്ചറിയുന്നത് അവരുടെ മുഖം നമ്മുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ്. അതുപോലെയാണ് എല്ലാം. ഉള്ളിൽ ശാന്തതയുണ്ടെങ്കിൽ മാത്രമേ പുറത്ത് ശാന്തത പ്രകടമാകുമ്പോൾ അതിനെയും തിരിച്ചറിയൂ. അകത്ത് ശാന്തതയുള്ള വ്യക്തി അതിനെ നശിപ്പിക്കാൻ തയ്യാറാവുകയില്ല. കാരണം അയാൾക്കറിയാം അതിന്റെ സുഖം. സുഖം മനുഷ്യൻ വെടിയില്ല. കാരണം എന്തും ഏതും എപ്പോഴും മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത് സുഖത്തിനു വേണ്ടി മാത്രമാണ്. ആ സുഖം എങ്ങനെയുള്ളതാണ് എന്ന ഓരോ വ്യക്തിയുടെ തിരിച്ചറിയലിനെ അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തിയും സുഖമാർഗ്ഗങ്ങളിൽ ഏർപ്പെടുന്നത്.

 

ഈ യുവാവിന്റെ സുഖസങ്കൽപ്പം ബാഹ്യമായ ചില ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. ധനം. ധനം കൊണ്ട് നേടാവുന്ന സ്വാസ്ഥ്യമാണ് സുഖമെന്നു കരുതുന്നു. ഇങ്ങനെയുള്ള വ്യക്തികൾ മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ട് ജീവിക്കുന്നവരുമായിരിക്കും. തങ്ങളുടെ ആവശ്യത്തേക്കാളുപരി, മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോൾ അവരേക്കാൾ മുന്തിയ വാഹനവും മറ്റ് സാഹചര്യങ്ങളുമൊരുക്കി സുഖം നേടാൻ ശ്രമിക്കുന്നവർ. ഈ യുവാവ് ചിലപ്പോൾ മറ്റുള്ളവര്‍ കാറിനുള്ളിൽ കയറി എ.സി ഓണാക്കി തണുപ്പാസ്വദിക്കുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ടാകും. അതിന്റെ സ്വാധീനത്തിലാകും ഇയാൾ ഈ ശീലം സ്വീകരിച്ചിരിക്കുന്നത്. താൻ മുൻപ് അവ്വിധം ആസ്വദിക്കുന്നവരെ അസൂയയോടെ നോക്കിയതിനാൽ ആ സങ്കൽപ്പമായിരിക്കും അയാളുടെ ഉള്ളിൽ. അതിനാൽ ആ അസൂയസങ്കൽപ്പം മാത്രമേ അദ്ദേഹത്തിന് ഈ പ്രവൃത്തിയിൽ കാണാൻ കഴിയുകയുള്ളൂ.

 

തന്റെ ജീവിതം മറ്റുള്ളവരിൽ അസൂയ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ മനസ്സ് ഒരിക്കലും ശാന്തമാകില്ല. ആകാൻ പറ്റില്ല. കാരണം എപ്പോഴും താരതമ്യത്തിലായിരിക്കും ജീവിതം. ഓരോ നിമിഷവും എന്തു കണ്ടാലും അതിനെ കാണുന്നത് ആ അവസ്ഥയെ തന്റെ ജീവിതസാഹചര്യങ്ങളുമായി തട്ടിച്ച് വിലയിരുത്തിക്കൊണ്ടായിരിക്കും. തന്റെ കാറിനെക്കാൾ കുറഞ്ഞ കാറുകാരുടെ സാന്നിദ്ധ്യത്തിൽ ആത്മവിശ്വാസം കൊള്ളുക, വലിയവയെ കാണുമ്പോൾ ചുരുങ്ങിപ്പോവുക. ചിലർ തങ്ങളുടേതിനേക്കാൾ മുന്തിയ കാറുകൾ കാണുമ്പോൾ അപകർഷതാബോധം ഉണ്ടാകുന്നുവെങ്കിൽ ചിലപ്പോൾ ആ കാറിന്റെയടുത്തെത്തി അതിന്റെ വിശേഷങ്ങളും മറ്റുമൊക്കെ തിരക്കി ആ തരത്തിലുള്ള കാർ വാങ്ങാൻ തങ്ങൾക്കും ശേഷിയുണ്ടെന്നുള്ള ധാരണ മറ്റുള്ളവരിൽ ഉണ്ടാക്കാൻ ശ്രമിച്ചെന്നിരിക്കും. അതെല്ലാം സ്വന്തം മനസ്സ് അസ്വസ്ഥമാവുകയും അറിയാവുന്ന വഴിയിലൂടെ അതിനെ സ്വസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ്.

me and world

 

ഈ യുവാവിനെ കണ്ടാൽ വിദ്യാഭ്യാസമുണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല. പൊതുവേ ഒരു മാനേജ്‌മെന്റുദ്യോഗസ്ഥന്റെയോ വ്യാപാരിയുടെയോ ഒക്കെ ഭാവഹാവാദികളുണ്ട്. ഗൾഫ് മലയാളിയും ആയിക്കൂടായ്കയില്ല. അത്യാവശ്യം ധനമുണ്ടെന്നുള്ളത് വ്യക്തമാണ്. ആളുകള്‍, ഓണാക്കിയ തന്റെ വാഹനത്തിന്റെ സമീപത്തുനിന്ന് എഴുന്നേറ്റ് പോയത് കണ്ടിട്ടും അദ്ദേഹത്തിന് ഒന്നും തോന്നാതിരുന്നതും പ്രശാന്തമായ ആ അന്തരീക്ഷത്തില്‍ ഇന്നോവയുടെ ഡീസൽ എഞ്ചിൻ ഓണാക്കിയതു വഴി ഉണ്ടാക്കിയ ശബ്ദ മലിനീകരണവും എല്ലാം അദ്ദേഹത്തിന്റെ അസ്വസ്ഥമായ മനസ്സിന്റെ പ്രതിഫലനമാണ്. ഇത് അദ്ദേഹത്തിന്റെ എല്ലാ സമയത്തേയും സ്വഭാവത്തിലും പ്രകടമാകും. അത് വീട്ടിലുള്ളവരുടെ അടുത്തും അങ്ങനെ തന്നെയായിരിക്കും. ഒന്നുകിൽ മറ്റുള്ളവരുടെ മുന്നിൽ വഴങ്ങി, അല്ലെങ്കിൽ മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ച്. ഈ യുവാവിന്റെ രതിയിൽ പോലും ഇത് പ്രകടമാകും . കാരണം മറ്റുള്ളവരെക്കുറിച്ച് ചെറിയ രീതിയിൽ പോലും ശ്രദ്ധാലുവാകുന്ന സ്വഭാവത്തിന്റെ രാഹിത്യമാണ് തൊട്ടടുത്തുനിൽക്കുന്നവർക്ക് മീനമാസത്തിൽ ചൂടും പുകയും സമ്മാനിച്ചുകൊണ്ട് അയാൾ എ.സിയുടെ ശീതളിമ ആസ്വദിച്ചത്. മറ്റുള്ളവന് എരിപിരി സമ്മാനിച്ച് സ്വയം സുഖിക്കുക.

 

മനുഷ്യന്റെ ഗുണത്തിൽ നിന്നും വളരെ അകലെയാണ് ആധുനികനെന്ന് വേഷവിധാനത്തിൽ തോന്നുന്ന ഈ യുവാവിന്റെ മനുഷ്യഗുണം. മനുഷ്യഗുണം കുറയുന്നതിനനുസരിച്ച് മനുഷ്യന്റെ പ്രകൃതിയിലെ സ്ഥാനം മൃഗത്തേക്കാൾ താഴെയാകുന്നു. അപകടകരവും. ഒരു മൃഗവും ഇത്തരത്തിലുള്ള മലിനീകരണ പ്രക്രിയയിൽ ഏർപ്പെടില്ല. മനുഷ്യൻ ഇടപെടുന്നു. ഇത്തരം വ്യക്തികളുടെ വൈകാരിക ഘടനയും അപകടകരമാണ്. പൊതുമാനദണ്ഡങ്ങളൊന്നും ഇവർക്ക് ബാധകമാകില്ല. ഇവർ നിയമങ്ങൾ തങ്ങളുടെ സൗകര്യത്തിനു വേണ്ടി ലംഘിക്കുന്നവരായിരിക്കും. എന്തിന് ഇവരുടെ ഡ്രൈവിംഗു പോലും മറ്റ് വാഹനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതും അപകടമുണ്ടാക്കുന്നതുമായിരിക്കും. ഇവരിൽ സാംസ്കാരികമായ സ്വാധീനം ഉണ്ടാകാൻ പ്രയാസമാണ്. സമൂഹത്തിൽ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാകാത്ത വിധം പെരുമാറുന്നതിന് കർശന നിയമങ്ങൾ ആവശ്യമായി വരുന്നത് ഇത്തരക്കാർക്കാണ്.

 

ഇങ്ങനെയുള്ളവരെ സംസ്കാര ചിത്തരാക്കിയെടുക്കുക എന്നതാണ് സമൂഹത്തെ നയിക്കുന്നവരുടെ മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത്. അവരെ സംസ്കാരശൂന്യരായി അകറ്റിനിർത്താൻ പാടില്ല. അവരെയും സ്വാധീനിക്കുന്ന കലാരൂപങ്ങളിലൂടെയും മറ്റ് സ്വാധീന മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇവരുടെ സംവേദനശേഷി വർധിപ്പിക്കുകയാണ് വേണ്ടത്. ഇവിടെയാണ് വർത്തമാനകാലത്തെ മാദ്ധ്യമങ്ങൾക്ക് വഹിക്കാനുള്ള പങ്ക് പ്രസക്തമാകുന്നത്. കാരണം, ഇവരെ നിയമം കൊണ്ട് സാമൂഹികമായി മെരുക്കുമ്പോഴും സാംസ്കാരികമായി ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമമവും സമാന്തരമായി ഉണ്ടാകേണ്ടതാണ്. ഇത്തരം വശങ്ങളിലേക്ക് ശ്രദ്ധിക്കുന്ന രാഷ്ട്രീയ സംസ്കാരവും തുടർന്ന് സർക്കാറുകളും വരുമ്പോഴാണ് സാമൂഹികമായി ഒരു ജനത വികസനത്തിന്റെ ദിശയിലേക്ക് നീങ്ങുന്നത്. അല്ലാതെയുള്ള വികസനത്തിന്റെ സംസ്കാരം ഇന്നോവ കാര്‍ ഓണാക്കി മറ്റുള്ളവർക്ക് എരിപിരി അന്തരീക്ഷമുണ്ടാക്കുന്ന യുവാവിന്റെ സംസ്കാരമായിരിക്കും. അത്തരം രാഷ്ട്രീയ സംസ്കാരം നിലനിൽക്കുന്നതിന്റെ പ്രതിഫലനം കൂടിയാണ് ആ യുവാവ് അവ്വിധം പെരുമാറിയതും. അതാണ് ദൂഷിത വലയസൃഷ്ടിയുടെ രസതന്ത്രം. ഒരു സമൂഹത്തിന്റെ രാഷ്ട്രീയം ഒരു വ്യക്തിയുടെ വൈകാരിക തലത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വൈകാരികതകൾ എങ്ങനെ ചിന്തയേയും സ്വാധീനിക്കുന്നു എന്നും ഈ യുവാവിന്റെ ഉദാഹരണം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായാണ് ഇങ്ങനെയുള്ളവരുടെ ആർത്തി വികസനമാകുന്നതും പ്രകൃതി അതിന്റെ ദുരന്തങ്ങളെ ഏറ്റുവാങ്ങുന്നതും.

Tags: