ഇലയടയും ജാതിക്കയ്പ്പും

ദ്വിതീയ
Wed, 22-06-2016 02:06:05 PM ;

 

നല്ല ഇലയട കഴിച്ചിട്ടുണ്ടോ? അരിപ്പൊടിയുടെയും  ശര്‍ക്കരയുടെയും കൂടെ നാളികേരത്തിന്റെ നന്മകള്‍ ഇഴചേര്‍ന്നുണ്ടായ ഒരു സന്തുഷ്ട ദാമ്പത്യത്തിന്‍റെ പ്രതിരൂപം! ഇലപ്പൊതി പതുക്കെ തുറക്കുമ്പോള്‍ ഒരു സുഖമുള്ള വാസനയുണ്ട്. ഒലിച്ചിറങ്ങുന്ന ശര്‍ക്കരപ്പാനി നിലം പൊത്താതെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, വായിലും കൊതിയുടെ കുത്തൊഴുക്ക്. ആ മധുരം നാവിലൊന്നു തൊടുന്നതേ അറിയൂ. പിന്നീട് വായിലും മനസ്സിലും നടക്കുന്നത് രുചിയുടെയും ഓര്‍മകളുടെയും ഒരു പൂരക്കളിയാണ്!

 

ചിലപ്പോഴെങ്കിലും ലോകത്തിലെ ഏറ്റവും രുചിയേറിയ ഭക്ഷണം അരോചകമായും മധുരം കയ്പ്പായും പണം വെറും കടലാസ്സു കഷണമായും വില കൂടിയ വജ്രം വെറും ചില്ലുപൊടിയായും തോന്നിയിട്ടുണ്ടോ? എന്നാല്‍ അങ്ങനെയും സംഭവിക്കാറുണ്ട്! വസ്തുക്കള്‍ക്ക് അതിന്റെ മതിപ്പ് കൊടുക്കുന്നത് നമ്മുടെ മനസ്സാണ്. സന്ദര്‍ഭങ്ങള്‍ക്കും വ്യക്തികള്‍ക്കും വികാരങ്ങള്‍ക്കും അനുസരിച്ച് ആ മതിപ്പിന് ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നു എന്നതാണ് വസ്തുത.

 

ഒരു പതിവ് ദിവസം...

 

അന്നും ഓഫീസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ എല്ലാ കവാടത്തിലെയും ദ്വാരപാലകരെ വേണ്ടവണ്ണം ചിരിച്ചു കടാക്ഷിച്ചു. കുശലം ചോദിച്ചു. മുറിയിലേക്ക് കയറുമ്പോള്‍ അപ്പുറത്ത് നിന്നൊരു സ്ത്രീശബ്ദം. “ഒരു സാധനം ഇവിടെയൊരാള്‍ തരാന്‍ പറഞ്ഞു ഏല്‍പ്പിച്ചിട്ടുണ്ട്!” അയല്‍പക്കക്കാരിയായ സഹപ്രവര്‍ത്തക മുന്നിലെ വയസ്സന്‍ കമ്പ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു. ആര്? എന്ത്? എന്റെ സ്വൈര്യം പോയി!

 

താരതമ്യേന നല്ലൊരു അയല്‍പക്ക ബന്ധം അപ്പുറത്തെ ഓഫീസുമായി എനിക്കുണ്ടായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ, മധ്യവയസ്കയായ ‘ചേച്ചി’. കുഞ്ഞുങ്ങളെക്കുറിച്ച് ആവലാതി, വീട്ടുജോലികളുടെ പ്രാരാബ്ധം. ഇതായിരുന്നു മിക്കപ്പോഴും സംസാരവിഷയം. അവിടത്തെ മറ്റൊരു കഥാപാത്രമാണ് റിട്ടയേഡ് സര്‍ക്കാരുദ്യോഗസ്ഥനായ വയോധികന്‍. ആള് സഹപ്രവര്‍ത്തകരെ സല്‍ക്കരിച്ച് സന്തോഷിപ്പിക്കുന്നതില്‍ മിടുക്കന്‍! കണ്ണാടി പോലെ മിന്നുന്ന കഷണ്ടിയും നിറഞ്ഞ ചിരിയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഞങ്ങള്‍ മൂന്നു പേരെയും ഒന്നിപ്പിക്കുന്ന ഒരേ ഒരു വസ്തു... ഭക്ഷണം!

 

എന്തായാലും എന്നെ കാത്തിരിക്കുന്ന വസ്തു ഭക്ഷണമല്ല! ആയിരുന്നെങ്കില്‍ എനിക്കായി മാറ്റി വെക്കാനുള്ള ക്ഷമ അവര്‍ക്കുണ്ടാവുമായിരുന്നോ? അതൊക്കെ പോട്ടെ, ആരാ എനിക്കിപ്പോ ഇങ്ങനയൊരു സാധനം തരാന്‍?!  “എന്താത് ചേച്ചി?” ഞാന്‍ അടങ്ങാത്ത ആവേശത്തോടെ ചോദിച്ചു.

 

ചുരുണ്ട് ഇടതൂര്‍ന്ന മുടിയിഴകള്‍ മുഖത്തേക്ക് വീഴുമ്പോള്‍ വകഞ്ഞു മാറ്റി ചിരിച്ചു കൊണ്ടേ എപ്പോഴും ചേച്ചി സംസാരിക്കാറുള്ളൂ. ഇന്നെന്തോ അത് കണ്ടില്ല. സാറിനും വലിയ സന്തോഷം പോര. മുറിയുടെ മൂലയില്‍ ഒരു മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയില്‍ അച്ചടക്കമില്ലാത്ത, കരി പുരണ്ട ഒരു കുഞ്ഞുപൊതി. അതെനിക്ക് തന്നത് ആരെന്നു കേട്ടപ്പോള്‍ ശരിക്കും അതിശയിച്ചു!

 

പതിവായി എന്റെ മുറി തുടച്ചു വൃത്തിയാക്കി തരുന്ന ഒരു പാവം സ്ത്രീ. അവരുടെ മുടിയിഴകള്‍ അമ്പതുകളിലേക്ക് വെള്ളികെട്ടി നടന്നു തുടങ്ങിയിരുന്നു. അവര്‍ക്ക് ജന്മനാ ഒരു കൈക്കു സ്വാധീനമില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന അവരെ സര്‍വഥാ  ഉന്മേഷവതിയായി, ഒരു ചെറുചിരിയോടു കൂടിയേ കാണാറുള്ളു. ഞാന്‍ വയറു നിറച്ചു ഭക്ഷണം കഴിച്ചോ, വീട്ടിലെല്ലാര്‍ക്കും സുഖമാണോ, കുഞ്ഞിനു അസുഖമില്ലല്ലോ എന്നൊക്കെ ദിവസവും ഉറപ്പു വരുത്തുമ്പോള്‍ പകുതി ചിമ്മിയ കണ്ണിറുക്കി ചിരിച്ചു നിര്‍വൃതിയടയും ആ പാവം. ഞങ്ങളുടെ ഓഫീസിനോട് ചേര്‍ന്ന് ആസ്ബസ്റ്റോസ് മേഞ്ഞ ഒറ്റ മുറി വീട്ടിലാണ് കൂലിവേലക്കാരനായ ഭര്‍ത്താവും ഏക മകനുമൊത്ത് അവര്‍ താമസം. ഇടയ്ക്കും തലക്കുമൊക്കെ ചില്ലറ പണം കടം വാങ്ങുമെങ്കിലും കൃത്യമായി തിരിച്ചു തരുമായിരുന്നു

 

പെട്ടന്നൊരു ദിവസം മുതല്‍ അവരെ കാണാതായി. അന്വേഷിച്ചപ്പോളറിഞ്ഞു, കടുത്ത വെയിലത്ത് പുല്ലുചെത്തുന്നതിനിടയില്‍ അവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും ഇപ്പോള്‍ കുറച്ചു കാലമായി വിശ്രമത്തിലാണെന്നും! ദിവസവേതനത്തെ ആശ്രയിച്ച് ജീവിക്കുന്ന അവരുടെ വീട്ടിലെ അവസ്ഥയോര്‍ത്ത് എനിക്കിത്തിരി വിഷമം തോന്നാതിരുന്നില്ല.

 

ആ കുഞ്ഞുപൊതി ആ പാവം സ്ത്രീ എനിക്ക് വേണ്ടി കൊടുത്ത് ഏല്‍പ്പിച്ചതായിരുന്നു. അതിലെന്താണെന്നറിയാനുള്ള ആവേശത്തിനേക്കാള്‍ ആ മുറിയിലിരിക്കുന്നവരുടെ ഭാവമാറ്റമാണ് എന്നെ ചിന്തിപ്പിച്ചത്. ഒരുപക്ഷെ എനിക്ക് മാത്രം തന്നതുകൊണ്ടാകുമോ? ചേച്ചി അത് തൊടാന്‍ കൂടി അറച്ചിട്ടെന്ന പോലെ  കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ട് എടുത്തോളാന്‍ പറഞ്ഞു. ഞാന്‍ അതെടുത്ത് തുറന്നപ്പോഴതാ നല്ല ചൂട് പാറുന്ന ഇലയടകള്‍!! നാല് എണ്ണമുണ്ട്. വേഗം അത് ഞാന്‍ ചേച്ചിക്കും സാറിനും പങ്കുവെച്ചു. ചൂടാറുന്നതിനു മുന്‍പ് കഴിക്കാലോ.

 

അവരത് കഴിച്ചില്ലാന്നു മാത്രമല്ല, “അവരൊക്കെ ഉണ്ടാക്കിയത്, ഇങ്ങനെയുള്ളതൊക്കെ കഴിക്കോ?” എന്നൊരു ചോദ്യവും എന്നോട്!! അത്ഭുതമെന്നു പറയട്ടെ... പൊതുവെ പ്രതികരണശേഷിക്ക് കുപ്രസിദ്ധി നേടിയ എന്റെ വായ... ആ നിമിഷം, ഒരിക്കലും തുറക്കാനാവാത്ത വിധമെന്ന പോല്‍ അടഞ്ഞിരിക്കുന്നു!!

 

ചേച്ചിയുടെ ചുരുണ്ട മുടിയിഴകള്‍ കറുത്ത പാമ്പുകളെപ്പോലെ വളഞ്ഞു പുളഞ്ഞു എന്നെ നോക്കി സീല്‍ക്കരിച്ചു. സാറിന്റെ മുഖത്തെ അവജ്ഞ എന്നെ നോക്കി പല്ലിളിച്ചു. അയാളുടെ കഷണ്ടി കാലിയായ വെള്ളിപ്പാത്രം പോലെ തിളങ്ങി. എന്റെ കൈയ്യിലിരിക്കുന്ന ഇലയടയിലെ അരിപ്പൊടി സവര്‍ണ്ണനും ശര്‍ക്കര അവര്‍ണ്ണനും ആയി മാറിയിരിക്കുന്നു!  അത് തന്ന ആ പാവം സ്ത്രീയുടെ ചിരി എന്റെ ഉള്ളില്‍ മിന്നിമാഞ്ഞു. ആ സഞ്ചിയിലെ കരിയും പുകയും എന്റെ മനസ്സിനെ നീറ്റി. മനസ്സ് ഘനീഭവിച്ചിരിക്കുന്നു. പറയാന്‍ ഒരുപാടുണ്ടെങ്കിലും ആദ്യമായി ഞാന്‍ ഒരു ദീര്‍ഘനിശ്വാസം മാത്രം പുറപ്പെടുവിച്ച് അവിടുന്ന് കഷ്ടിച്ച് നടന്നുനീങ്ങി. മുറിയിലേക്ക് പോകുംവഴി മുന്‍പ് ഞാന്‍ നേരിട്ട ഒരുപിടി ചോദ്യങ്ങള്‍ തികട്ടി വന്നു.

 

എന്റെ കുഞ്ഞെന്തേ കറുത്ത് പോയി എന്ന് അതിശയിച്ച് ചോദിച്ചവരോട്... അവന്‍ അവന്റെ അച്ഛനെപ്പോലെയെന്നു തെല്ലൊരു അഹങ്കാരത്തോടെയും നാണത്തോടെയും ഞാന്‍ പറഞ്ഞു. ആ ചോദ്യം  കൗതുകത്തിന്റെ ഭാഗമായി മാത്രം ആകുമെന്ന് ആശ്വസിച്ചു.

 

കുഞ്ഞിനെ നോക്കാന്‍ “അവരെപോലുള്ള” സ്ത്രീകളെയൊക്കെ വിശ്വസിക്കാമോ, വൃത്തിയില്ലാത്ത കൂട്ടങ്ങളാണേന്ന്‍ പറഞ്ഞവരോട്... അവര്‍ എന്നെക്കാള്‍ നന്നായി എന്റെ മകനെ നോക്കുമെന്ന് തിരുത്തി കൊടുത്തപ്പോള്‍ എന്നോടുള്ള അവരുടെ കരുതല്‍ കൊണ്ട് മാത്രമാകണേ ആ ചോദ്യമെന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

 

ചന്ദനക്കുറി തൊട്ടതിന്റെ പേരില്‍ തന്റെ ഇരട്ടക്കുട്ടികളെ പള്ളിക്കൂടത്തില്‍ അവഗണിക്കുന്നുവെന്ന് രോഷം പൂണ്ട സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ അയാളുടെ വെറും തോന്നല്‍ മാത്രമാകട്ടെയെന്നു എന്നെ പറഞ്ഞു പറ്റിച്ചു.

 

എങ്കിലും... ഇതിപ്പോള്‍ ഭക്ഷണത്തിനോട്...

 

ആ ഇലയടകള്‍ തണുക്കുംതോറും വിയര്‍പ്പുതുള്ളികള്‍ തെളിഞ്ഞു വന്നു. ജീവിക്കാന്‍ വേണ്ടി കഷ്ടമനുഭവിക്കുമ്പോഴും, ഉള്ളതില്‍ ഒരു ഓഹരി മറ്റൊരാള്‍ക്ക് പങ്കു വെക്കാനുള്ള നന്മ... മനസ്സ് തുറന്നു ചിരിക്കാനുള്ള കഴിവ്... എന്നെപ്പോലെ മറ്റൊരാളും ഈ രുചി ആസ്വദിക്കട്ടെയെന്ന വിശാലമായ ചിന്ത... എല്ലാം ആ മനുഷ്യരുടെ ചോദ്യത്തില്‍ ഒലിച്ചു പോവുന്നത് വേദനയോടെ ഞാന്‍ നോക്കിയിരുന്നു.

 

അന്നായിരുന്നു ജീവിതത്തില്‍ ആദ്യമായി ആ മധുര പലഹാരത്തിന് മനം മടുപ്പിക്കുന്ന കയ്പ്പനുഭവപ്പെട്ടത്.


dwitheeya തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

Tags: